പ്രകൃതിയായി
ഒരിളം കാറ്റായി
ഞാൻ നിന്റെ വഴിയോരത്ത്
കാത്തുനിന്നെങ്കിൽ
കുളിരു പകർന്ന് മെയ്യുരുമ്മിയെങ്കിൽ
പയ്യെപ്പുണർന്നു നിന്നെ
മന്ദം മുകർന്ന്, മനസ്സു നിറച്ച്
മധുരിച്ച ചുണ്ടിൻ ചുവപ്പിൽ
മോഹാലസ്യപ്പെട്ടു ശയിച്ചെങ്കിൽ
നിന്നിലെ
എനിക്കുള്ള നിന്നെയുണർത്തിയെങ്കിൽ
നെറ്റിപ്പടർപ്പിലൊന്നു ശങ്കിച്ച്
മിഴിയാഴങ്ങളിലേക്ക് കടലിറങ്ങി
കവിൾപ്പതുപ്പിലിലേക്കടിവച്ച് വീണ്ടും
ചുംബനലഹരിയിലൂർജ്ജം കവർന്നെങ്കിൽ
എന്റെ കാറ്റിന്റെ വേഗങ്ങൾ
താളം തെന്നി നടന്നെങ്കിൽ
നെഞ്ചിൻ കൂട്ടിൽ നിന്നെത്തേടി
ഒളിച്ചൊന്നു നോക്കിയെങ്കിൽ
പ്രണയകുംഭങ്ങളിൽ
നിന്റെ തുടിപ്പുകളായി
സ്വച്ഛന്ദം തുടിയടിച്ചെങ്കിൽ
മുത്തിനുകർന്ന്
തുളുമ്പും മാറിലെ
നിന്റെ ഇമ്പങ്ങൾ
ഊറ്റിക്കുടിച്ചെങ്കിൽ
വീണ്ടുമൊരു കൊടുങ്കാറ്റായെന്നറിയാതെ
നാഭിച്ചുഴികളിൽ
കറങ്ങിക്കുതിച്ചെങ്കിൽ
പൊടുന്നനെയൊരാസക്തിയുടെ
അഗ്നിസ്ഫുലിംഗങ്ങളായി
അലൗകികലോകങ്ങളിലേക്ക്
നിനക്കൊത്ത്
നിനക്കൊപ്പം
തുളഞ്ഞിറങ്ങിയെങ്കിൽ
നിന്നിലേക്കു ഞാനും
എന്നിലേക്കു നീയും
പ്രകൃതിയുടെ നേർപരിരംഭണത്തിൽ
കാറ്റുകളായി കലർന്നെങ്കിൽ
ആരെന്തിന്
ആരോപിക്കണം
സദാചാരം ലംഘിച്ചെന്ന്…?











