LIMA WORLD LIBRARY

തന്മാത്ര – Rema Pisharody

കാലമേ,  ലോകത്തിൻ്റെ തിരക്കിൽ നടക്കവേ-

നീ വന്നു പോയി, ഋതുഭാഷകൾ തന്നേ പോയി.

ദൂരത്തിലാകാശത്ത് സൂര്യനെ മായ്ച്ചങ്ങനെ-

കാർമുകിൽപ്പക്ഷിക്കൂട്ടം കലമ്പൽ കൂട്ടി പോകെ

തൂവലിൽ ജലം വീണ പക്ഷിപോൽ നിശ്ശബ്ദമായ്-

പാടുവാൻ മറന്നപോൽ ധ്യാനത്തിലായീടവേ,

മറന്നേ പോയെന്നോർത്ത് മൗനത്തിലായോർ വന്ന്

വസന്തം പോലെ പൂക്കൾ നിറച്ചും  തന്നേ പോയി

മറക്കില്ലെന്നോർത്തവർ വന്നതേയില്ല സ്‌മൃതി-

യിതളിൽ  മഞ്ഞും തൂവി നടന്നേ പോയി സന്ധ്യ..

ഞാനൊരു പെൺകുട്ടിയായ് ബാല്യത്തിലോടിപ്പോയി

പാതിയും വിരിഞ്ഞൊരു സൂര്യകാന്തിയെ തൊട്ടു.

നോക്കുകുത്തിയായെന്നും ചെരിഞ്ഞും, മാഞ്ഞും നിന്ന്

കാറ്റിലാടിയും ഒരു കവിതയ്ക്കുള്ളിൽ ചേർന്നും,

ഞാനുണ്ട് നീയുണ്ടെന്ന് പറഞ്ഞും പാടത്തിൻ്റെ-

യോരത്ത് നടക്കുന്ന നിഴലിന്നോരം ചേർന്നും

യാത്ര പോകുന്നു ഭൂമി വീണ്ടുമാ നിരാസത്തിൻ

വാക്കുമാറലിൽ നിന്ന് വഴുതിപ്പോകുന്നേരം

എൻ്റെ തുമ്പകൾ നിന്ന തൊടിയിന്നില്ല,പൂത്ത

ചെങ്കദളികൾ ഇന്ന് കാണുവാനാകുന്നീല

മഞ്ഞയിൽ സ്വർണ്ണം തൂവി നിന്നൊരു കോളാമ്പി-

പ്പൂവിന്നുമിണ്ടാഗ്രാമത്തിൽ കുടകൾ ചൂടിക്കൊണ്ട്

ഓർമ്മയിൽ മനസ്സിൻ്റെ ചിരിക്കും കോണിൽ-

ഒരു ദാവണിക്കാലം മെല്ലെ  നടന്ന് പോകുന്നുണ്ട്.

മദ്ധ്യാഹ്നവേനൽ കോറിവരച്ച കാലത്തിൻ്റെ

ചിത്രങ്ങൾ കത്തിത്തീർന്ന്  കനലായിരിപ്പുണ്ട്.

പടഞ്ഞാട്ടപരാഹ്നസന്ധ്യയിൽ സൂര്യൻ മാഞ്ഞ

ചെരിവിൽ രാപ്പക്ഷികൾ പാടുവാൻ വരുന്നുണ്ട്.

ഓർമ്മയിലുണ്ടാകുമോയെന്ന് ചോദിച്ചാൽ –

മനസ്സോരോന്നുമെടുത്തൊരു കടലിൽ താഴ്ത്തുന്നുണ്ട്

ദു:ഖവും, സുഖങ്ങളുമില്ലാതെ സമാസമാനിത്യ-

ഭൂമിയെ തേടിയെഴുതാൻ  ശ്രമിക്കുമ്പോൾ

ശാന്തിയിൽ പ്രശാന്തിയിൽ മഴച്ചാറ്റലിൽ കിളി-

പാടുന്ന പാട്ടെന്ന പോൽ ഋതുക്കൾ മാറുന്ന പോൽ!

അത്രമേൽ സമാസമം കാലത്തിനൊപ്പം നടന്നെത്രയോ

മാറുന്നു നാം ദിനരാത്രങ്ങൾക്കുള്ളിൽ

എത്രമേൽ പരിചിതരെത്രമേൽ പരാജിതരെത്രമേൽ

നിഴൽതട്ടി വീണവരെങ്കിൽ പോലും

അത്രമേൽ നിരാശയില്ലല്പവും മണൽത്തരി-

യത്രയേ പ്രപഞ്ചത്തിനുള്ളിലെ തന്മാത്രകൾ!

എഴുതുന്നേരം ഭൂമി  തൊട്ടുതൊട്ടിരിക്കുന്നു.

എഴുത്തിന്നറ്റത്തൊരു കിളിയോ ചിലയ്ക്കുന്നു..

രാപ്പാടിയാകാം,  ഉറക്കം മറന്നിടയ്ക്കിടെ

പാട്ടിനെ തേടിപ്പോകും ഗന്ധർവ്വനാകാമത്.

കുറുകും വെൺപ്രാവാകം, ഇരുളിൽ മുഖം

പൂഴ്ത്തി കരയും വേഴാമ്പലിൻ സ്വപ്നങ്ങളാകാമത്

ഇലഞ്ഞിപ്പൂവീഴുന്ന മണ്ണിനെ തൊട്ടും കൊണ്ട്

ഇടഞ്ഞ് പോകും ഒരു കാറ്റിൻ്റെ മഴപ്പെയ്ത്തിൽ,

കനത്ത കാലൊച്ചയിൽ കടുത്ത വാക്കിന്നറ്റം-

ചുരുട്ടിപ്പുകച്ചിട്ട ചൂട്ടുകറ്റകൾക്കുള്ളിൽ

ഉറങ്ങിപ്പോകും രാത്രയുണരും പുലർകാലത്തുടുക്കും-

കൊട്ടിപ്പോകും  നക്ഷത്രങ്ങളെ കണ്ട്..

ഗ്രാമങ്ങൾ പാടം കൊയ്തു പോകുന്ന നേരം ഭൂമീ…!

ഓർമ്മയിൽ സൂക്ഷിക്കുവാൻ ഞാനെന്ത് തരാനാണ്?

പ്രാണൻ്റെ തന്മാത്രയിൽ ഋതുക്കൾ തലോടവേ

ഭൂമി ഞാൻ നട്ടേ പോകാം ജിവൻ്റെ മിടിപ്പിനെ.

ചോരുന്ന കിനാക്കളാണെങ്കിലും മഴയ്ക്കുള്ളിൽ

വേരിൻ്റെയുപ്പുണ്ടെന്ന്  ഹൃദയം പാടീടുമ്പോൾ

വളർന്നേയ്ക്കാമാമരം നിനക്കായിലപ്പച്ചയൊരുക്കി

പൂക്കാലത്തെ വിടർത്തി പിരിഞ്ഞേക്കാം…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px