സാവോ പോളോ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയ്ക്കു (77) വിജയം. നിലവിലെ പ്രസിഡന്റും തീവ്രവലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയെ (67) ആണു തോൽപിച്ചത്.
ലുലയ്ക്ക് 50.9 % വോട്ട് ലഭിച്ചപ്പോൾ ബൊൽസൊനാരോ 49.1 % നേടി. രണ്ടു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബൊൽസൊനാരോ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണു ലുല നേടിയത്. മേഖലയിലെ ചിലെ, കൊളംബിയ, അർജന്റീന എന്നീ രാജ്യങ്ങൾക്കു പിന്നാലെയാണു ബ്രസീലിലും ഇടതുപക്ഷ വിജയം.
2003–10 ൽ പ്രസിഡന്റായിരുന്ന ലുലയുടെ രണ്ടാം വരവാണിത്. 2017 ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്ന ലുല വിലക്കു മൂലം 2018 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ശിക്ഷ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് 2 വർഷത്തോളം നീണ്ട ജയിൽവാസത്തിനുശേഷമാണു രാഷ്ട്രീയത്തിൽ തിരിച്ചെത്തിയത്. ‘അവർ എന്നെ ജീവനോടെ കുഴിച്ചുമൂടാൻ നോക്കി. പക്ഷേ, ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു’– തിരഞ്ഞെടുപ്പു ഫലമറിഞ്ഞ ശേഷം ലുല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, യുകെ പ്രധാനമന്ത്രി ഋഷി സുനുക് എന്നിവരടക്കം വിവിധ രാഷ്ട്രനേതാക്കൾ അനുമോദനം അറിയിച്ചു.
ഇസ്രയേലിൽ തിരഞ്ഞെടുപ്പ് ഇന്ന്
ജറുസലം ∙ ഇസ്രയേലിൽ 4 വർഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 120 അംഗ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. കഴിഞ്ഞ 4 വട്ടവും കൂട്ടുകക്ഷി സർക്കാരുകൾക്കു ഭിന്നതകൾ മൂലം മുന്നോട്ടുപോകാനായില്ല.
മുൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, നിലവിലെ പ്രധാനമന്ത്രി യയ്ർ ലപീദിന്റെ യെഷ് അദിദ്, പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സിന്റെ നാഷനൽ യൂണിറ്റി എന്നിവയാണു മത്സരരംഗത്തുള്ള പ്രധാനകക്ഷികൾ. ഇസ്രയേലിൽ ഒരു തിരഞ്ഞെടുപ്പിലും ഇതേവരെ ഒരു കക്ഷിക്കും തനിച്ചു ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
English Summary: Brazil election: Lula makes stunning comeback













