LIMA WORLD LIBRARY

സോൾ ദുരന്തം: മരണം 153 ആയി; മരിച്ചതേറെയും ചെറുപ്പക്കാർ

സോൾ ∙ ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളിൽ ഹലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും മരണം 153 ആയി. മരിച്ചവരിലേറെയും ഇരുപതുകളിലുള്ള യുവതീയുവാക്കളാണ്. ഇതിൽ 22 വിദേശികളും ഉൾപ്പെടുന്നു. പരുക്കേറ്റ 80 ലേറെ പേരിൽ ചിലരുടെ നില ഗുരുതരമാണ്.

മുഖംമൂടികളണിഞ്ഞ് ഒക്ടോബർ മാസാവസാനം സംഘടിപ്പിക്കുന്ന ഹലോവീൻ ദിനാചരണത്തിനിടെ ശനിയാഴ്ച രാത്രി ഇറ്റാവോൺ നഗരത്തിലായിരുന്നു ദുരന്തം. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ 3 വർഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്നതായതിനാൽ വൻ ജനപങ്കാളിത്തമായിരുന്നു ഇത്തവണ.

ഹാമിൽട്ടൻ ഹോട്ടലിനു സമീപമുള്ള ഇടുങ്ങിയ തെരുവിൽ ഒരുലക്ഷത്തിലേറെ പേർ തടിച്ചുകൂടിയെന്നാണു റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 10.20 ആയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെയായി. ചരിഞ്ഞ വഴിയുടെ മുകളിൽനിന്ന് ആളുകൾ നിലതെറ്റി വീഴുകയും അവരുടെ മേലേക്കു കൂടുതൽ പേർ പതിക്കുകയും ചെയ്തു.

ശ്വാസം മുട്ടി പിടയുന്നവരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ കൃത്രിമശ്വാസോച്ഛ്വാസം നൽകുമ്പോഴും ഇതറിയാതെ, യുവാക്കളുടെ സംഘങ്ങൾ ആട്ടവും പാട്ടുമായി ആഘോഷം തുടർന്നു.

ദുരന്തത്തെത്തുടർന്ന് രാജ്യത്തെ ഹലോവീൻ ആഘോഷങ്ങൾ റദ്ദാക്കി. 2014ൽ ബോട്ട് മുങ്ങി 304 പേർ മരിച്ച സംഭവത്തിനുശേഷം രാജ്യത്തെ വലിയ ദുരന്തമാണിത്.

ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രസിഡന്റ് യൂൺ സുക് യോൾ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈന പ്രസിഡന്റ് ഷി ചിൻപിങ് തുടങ്ങിയവരും അനുശോചിച്ചു.

English Summary: Halloween stampede in Seoul

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px