(കാവ്യശിഖ-‘കാവ്യവിഴാ’
വിഷയം:
“കാത്തിരിപ്പു വഴിക്കണ്ണുമായിപ്പോഴും”-
2022 ഒക്ടോബർ 15))

കാത്തിരിപ്പൂ…
കുഞ്ഞിളം പുഞ്ചിരി തൂകും
പ്രഭാതത്തെ…
നന്മയുടെ ഉച്ചസൂര്യനാം
നിത്യയൗവ്വനത്തെ,
നൃത്തചുവടുകളാൽ
കർത്തവ്യത്തിൽ മുഴുകും
നിലാവുപോലുള്ള
സൗഹൃദങ്ങളെ,
അന്യന്റെ ശബ്ദം
സംഗീതധാരയാവും
സംഘടിത
സമരാഹ്വാനങ്ങളെ,
സദ് വചനങ്ങളാൽ
സമ്പന്നമാകും
അയൽക്കൂട്ടങ്ങളെ,
സൃഷ്ടിതൻ
പേറ്റുനോവിൽ
നീറിപ്പുകയും
കവിഹൃദയങ്ങളെ,
നിർത്താതെയൊഴുകും
കാലത്തിൻ
നീതിബോധത്തി,
ന്നരുവിക്കു മുൻപിൽ,
തിന്മകൾ സ്വയം തലതല്ലി
വീണുമരിക്കുമ്പോൾ,
സ്വാതന്ത്ര്യബോധത്തിൻ
കർമ്മനൈരന്തര്യമാം
കരവിരുതിൽ, ചരിത്രമൊരു
കൊച്ചുസുന്ദരിയായ്,
എല്ലാ അനാഥരേയും
കൈമാടിവിളിക്കും
ഉത്സവലഹരിയാൽ…
“വരും നാളുകളിൽ
ശുഭപ്രതീക്ഷയുടെ ആറാട്ട്
കണ്ടുണരാൻ കിളികൾ പല
താളത്തിൽ ചിലയ്ക്കട്ടെയെന്നും,
മനുഷ്യർ ജാതിമത വൈകൃതങ്ങൾ
മറന്ന്, പലപല
സഹായചിന്തകളിൽ,
ആരോടും ശത്രുതയില്ലാത്ത
സുപ്രഭാതം നേരട്ടെ”യെന്നും,
മുഖപുസ്തകത്തിൽ
ആശംസിക്കുമ്പോൾ,
അതാ വരുന്നു…
വർത്തമാനപത്രം.
മുൻപേജിൽ
കൊലക്കത്തിയുടെ
കൂർത്ത നാവിൽനിന്നു,
മിറ്റിറ്റുവീഴും ചോരയുടെ
സമീപദൃശ്യവുമായ്!
കട്ടൻകാപ്പിയുടെ രുചിയും
ചോരയുടെ ഗന്ധവും
ഒന്നായിമാറും നിമിഷം!
അനിയത്തി,
ഒന്നും മിണ്ടാതെ
പൂന്തോട്ടത്തിലെ
റോസാപ്പൂക്കൾ
അറുത്തെടുക്കുമ്പോൾ,
പൂപ്പാത്രത്തിലെ
വാടിയ പൂക്കൾ
മാറ്റാനാണെങ്കിലും,
ബാക്കിയായൊരു
വിങ്ങൽ മനസ്സിൽ!
വാടിക്കൊഴിഞ്ഞ
പ്രതീക്ഷകൾ,
ഉണർന്നുനിൽക്കും
മഴവിൽപ്പൂക്കളായി മാറാൻ,
അനശ്വര നന്മയുടെ
എത്രയെത്ര അനന്തമാം
ജലധാരയായ്
മാറണ,മോരോരുത്തരും?
ഇതുവരെ പറഞ്ഞ
വാക്കുകൾ പോരാ,
യിനിയും കാത്തിരിക്കാം
അന്ത്യശ്വാസംവലിക്കും വരെ…
മനുഷ്യഹൃദയത്തെ
ആഴത്തിൽ തൊടുന്ന,
സ്നേഹത്തേനടകൾ
സമ്മാനിയ്ക്കും
തേനീച്ചയായ് മാറാൻ…
ഒരു മൂളൽ സാന്ത്വനമായ്
മാറോടണയ്ക്കാൻ
ഇനിയെന്തു ചെയ്യണം?
സ്വപ്നത്തി,
ലൊരിക്കലെങ്കിലും
യന്ത്രത്തോക്കുകളിൽ
പ്രാവുകൾ കൂടുകൂട്ടുന്നത്
കണ്ടുറങ്ങാൻ
കഴിഞ്ഞിരുന്നെങ്കിൽ?
“യുദ്ധവെറിയും
വർഗ്ഗീയതയും തുലയട്ടെ!”-
കാമുകന്റെ ചെവിയിൽ
ഉമ്മവെച്ചു പറഞ്ഞപ്പോൾ,
ചെവിപൊത്തിയ
അവന്റെ പതിവ്
പാതിരാവിളി വീണ്ടും
വന്നപ്പോൾ,
ഈ നന്മനിറഞ്ഞവളുടെ
കാത്തിരിപ്പിനും
അന്ത്യം കണ്ടു!
“ആമിനാ,
ഇന്നലെ നേർന്ന
സുപ്രഭാതത്തിന്
ഇന്ന് പകരം,
‘സുപ്രഭാതം’…’ജയ്ശ്രീറാം’
ചേർത്തു പറഞ്ഞില്ലെങ്കിൽ,
മാനനഷ്ടക്കേസിന് ഞാൻ,
യമന്റെ കോടതിയിൽ
കേസു കൊടുക്കും!”
അവൻ
നമ്പർ ബ്ലോക്കു
ചെയ്തപ്പോൾ
മനസ്സിലായി…ഒന്നും
പാതിരാ തമാശയല്ല!
എന്നെങ്കിലും,
പ്രണയിക്കുന്നവരുടെ
തലകീഴായ അത്ഭുതലോകം
നേരെയാകുമെന്ന
പ്രതീക്ഷയോടെ
കണ്ണുകളടച്ചു…
സമത്വസുന്ദരമായ
നവലോകം
സ്വപ്നം കാണാൻ
ഇപ്പോൾ ഫീസില്ലല്ലോ!
വരുമൊരു നാൾ
മക്കളുടെ
ജാതിക്കോളത്തിൽ,
‘സെക്യൂലർ’
എന്നെഴുതണമെന്ന്
വാശിപിടിക്കുന്ന
മതരഹിതൻ…കാമുകൻ!
നാളെ,
ആരെങ്കിലും
ഇങ്ങനെയൊരു
സ്വപ്നം കണ്ടാൽ,
‘ചുങ്കം’ കൊടുക്കേണ്ട
ആപ്പ് മാർക്കറ്റിലെത്തുമത്രെ!
അതിനെതിരെ
ഏതു മുദ്രാവാക്യമുയർത്തണം?
ഉൾക്കണ്ണു തുറന്ന്
കാത്തിരിക്കുക തന്നെ!














