LIMA WORLD LIBRARY

അമ്മൂമ്മയുടെ വിദ്യ – മിനി സുരേഷ്

mini suresh

അക്ഷരങ്ങളെഴുതുവാൻ ജയ്ക്കുട്ടന് വലിയ മടിയാണ്.നഴ്സറിസ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ കളിച്ചു നടക്കാനാണ് അവനിഷ്ടം.
പിന്നെ വലിയൊരു വടിയൊക്കെ എടുത്ത് വച്ച് അടിയൊക്കെ കൊടുത്ത് അമ്മ അക്ഷരങ്ങൾ
ഒരു വിധത്തിൽ എഴുതിക്കും.
നല്ല അടിയൊക്കെ കൊടുക്കുമെങ്കിലും അമ്മക്ക്
പിന്നെ സങ്കടമാണ്. ആറ്റുനോറ്റുണ്ടായ ഉണ്ണിയല്ലേ.
‘അക്ഷരങ്ങളെഴുത് മോനെ ‘എന്ന് നല്ല വാക്കിലൊന്നും പറഞ്ഞാലവനൊട്ട് കേൾക്കുകയുമില്ല.അമ്മയാണേൽ ഓഫീസ് കാര്യങ്ങളും .വീട്ടുകാര്യങ്ങളുമെല്ലാം നോക്കി
വലഞ്ഞിരിക്കുകയാണ്.
എന്താപ്പോ ചെയ്ക.അങ്ങനെ അമ്മ വിഷമിച്ചിരുന്നപ്പോഴാണ് അമ്മൂമ്മ നാട്ടിൽ നിന്നും
വരുന്നത്.
അമ്മൂമ്മയെ ജയ്ക്കുട്ടനും ഇഷ്ടമാണ്.
അമ്മ പറയുന്നതു പോലെ അമ്മൂമ്മ ഒന്നിനും
വഴക്കു പറയുകയില്ല.ധാരാളം കഥകളും,പാട്ടുകളും
അമ്മൂമ്മക്കറിയാം. വരുമ്പോൾ അവന് അതെല്ലാം
പറഞ്ഞുകൊടുക്കാറുണ്ട്.

പിറ്റേന്ന് രാവിലെ അവൻ
പല്ലുതേയ്ക്കുവാൻ മടി പിടിച്ച് കരയുകയായിരുന്നു.
‘കൂ…കുച്ച്..കുച്ച് ..കൂ .അമ്മൂമ്മ ട്രെയിൻ ഓടിക്കുന്ന രീതിയിലവന്റെ അടുത്തേക്ക് ചെന്നു.എന്നിട്ട്
അവനെ അമ്മൂമ്മയുടെ മുൻപിലായി നിർത്തി.
“ജയ്ക്കുട്ടൻ ഈ ട്രെയിനിന്റെ എഞ്ചിൻ.അമ്മൂമ്മ ബോഗി,അമ്മൂമ്മ പറഞ്ഞു.അവരങ്ങനെ മുറികളിൽ
കുറച്ചു സമയം ട്രെയിനോടിച്ചു.
“ജയ്ക്കുട്ടാ ഇനി എഞ്ചിനൊന്ന് വൃത്തിയാക്കി
കുറച്ച് ഇന്ധനം ഇട്ടാലോ” അമ്മുമ്മ ചോദിച്ചു.
“ഈ ഇന്ധനം എന്താണമ്മൂമ്മേ”ജയ്ക്കുട്ടന് അത് മനസ്സിലായില്ല.
” അതോ.കാറോടണമെങ്കിൽ നമ്മളെന്തു ചെയ്യണം”
“പെട്രോളൊഴിക്കണം.അല്ലെങ്കിൽ ഡീസലൊഴിക്കണം.ഭൂമിയിലെ പാറക്കൂട്ടങ്ങളുടെ
ഇടയിൽ കണ്ടു വരുന്ന എണ്ണയാണ് പെട്രോളിയം.പെട്രോളിയത്തിൽ നിന്നുമാണ്
ഡീസലും,പെട്രോളുമെല്ലാം വേർതിരിച്ചെടുക്കുന്നത്.വല്യ കുട്ടിയാകുമ്പോൾ
കൂടുതലായി അമ്മൂമ്മ പറഞ്ഞു തരാട്ടോ.അവന്റെ
തലയിൽ വാത്സല്യത്തോടെ അമ്മുമ്മ തലോടി.
“അപ്പോൾ അമ്മൂമ്മ ഇന്ധനമിടണമെന്ന് പറഞ്ഞതോ”അവന് ആകാംക്ഷ അടക്കാനായില്ല.
“ഇന്ന് മോന് ഓടാനും ,ചാടാനുമൊക്കെ ശക്തിവേണ്ടേ.അതിനായുള്ള ഇന്ധനമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. അതെല്ലാം കേട്ട് കൊണ്ട് അവൻ പല്ലു തേച്ചു.
ഇനി അമ്മൂമ്മ എഞ്ചിനിത്തിരി എണ്ണയിടാം.അവന്റെ കയ്യിലും കാലിലും ഒക്കെ എണ്ണ പുരട്ടി തടവി.
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളി
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുംമ്പം പാടടീ..അമ്മൂമ്മയുടെ പാട്ടും അവനിഷ്ടമായി.
വഴക്കൊന്നും കൂടാതെ അവൻ കുളിക്കുന്നതും,ഇഡലിയും സാമ്പാറുമെല്ലാം കഴിക്കുന്നത് കണ്ടപ്പോൾ അമ്മക്കും സന്തോഷമായി.
“ഇനി കുറച്ച് നേരം ഇരുന്ന് പഠിച്ചാൽ മോനെ ഫ്രണ്ട്സിന്റെ കൂടെ കളിക്കാൻ വിടാം. അവന്റെ
കവിളിൽ നല്ലൊരുമ്മ കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു.
“അമ്മൂമ്മക്കും ,ചക്കരക്കുട്ടിക്കും കുറച്ചുനേരം കാറോടിച്ച് കളിക്കാം.”അവന്റെ വാടിയ മുഖത്ത് നോക്കി അമ്മൂമ്മ പറഞ്ഞു.’
പീ ..പീ
അമ്മൂമ്മ അവന്റെ കൈ പിടിച്ച് കാറോടിക്കുന്ന രീതിയിൽ A എന്ന അക്ഷരമെഴുതിച്ചു.
“ഇനി ബി കാറോടിച്ചാലോ.അമ്മൂമ്മ ബിയും അങ്ങനെ എഴുതിച്ചു.ജയ്ക്കുട്ടന് ആ കളി ഇഷ്ടമായി.
“ഞാൻ തന്നെ C കാറും,D കാറും ഓടിച്ചോളാം.അമ്മൂമ്മ കൈയ്യിൽ പിടിക്കണ്ട.കാറോടിക്കുന്ന ശബ്ദമുണ്ടാക്കി ഉത്സാഹത്തോടെ അവൻ അക്ഷരങ്ങളെല്ലാം എഴുതുന്നത് കണ്ട് അമ്മൂമ്മയും.
അമ്മയും,പൊട്ടിച്ചിരിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px