പറയാത്ത വാക്കിൻ്റെ നിറുകയിൽ-
രാശിവച്ചൊഴുകുന്ന പുഴകളെ കാൺകെ!
പലതും മറന്നിട്ട് പോകുന്ന വഴിയിലെ
പവിഴമല്ലിപ്പൂക്കൾ പോലെ
കൊഴിയുന്ന പകലിൻ്റെ തണലിലായ്-
വെറുതെ വന്നിടയുന്ന മുകിലുകൾ പോലെ
തിരിയെ നടക്കുന്ന സായാഹ്നവീഥിയിൽ-
മഴയൊന്ന് തൊട്ട് പോകുന്നു,
പൊഴിയുന്ന മൗനത്തിനിരുചിറകിലും-
വന്ന് പതിയെ തലോടുന്ന വാക്ക്
എഴുതുവാനാവില്ലെയെന്നും പറഞ്ഞു-
കൊണ്ടൊഴിയാൻ ശ്രമിക്കവേ വീണ്ടും-
തളിരിലക്കൈകളാൽ മുറിവുണക്കി-
ചിത്രപടമൊന്ന് നീട്ടുന്ന ഭൂമി
തനിയെ ഇരുന്നേകതാരമീട്ടും കാറ്റ്-
കടലിനെ തൊട്ടങ്ങ് പോയി
എഴുതാൻ മടിക്കുന്ന ഹൃദയമൗനത്തിൻ്റെ
ശ്രുതിയൊന്ന് മാറ്റുന്നു കാലം
മറവിയിൽ തൊട്ടുതൊട്ടെഴുതുന്ന വാക്കിൻ്റെ
നിറുകയിൽ പടരുന്ന ശൈത്യം
ഉതിരുന്ന മഞ്ഞിൻ്റെ തരി വീണതെങ്കിലും
ഉലപോലെ പൊള്ളുന്നു വാക്ക്..
കറുകനീറും ഹോമപാത്രങ്ങളെന്ന പോൽ
ഉരുകിയാളുന്നുണ്ട് മനസ്സ്
എഴുതിയും, വെട്ടിത്തിരുത്തിയും, രാകിയും
ശിലയിലെ ശില്പങ്ങൾ പോലെ
മരവിച്ചതെങ്കിലും വാക്കിൻ്റെ ജീവനിൽ
ഉളിവീണ മുറിവുകൾ ബാക്കി
മിഴിതുറക്കുമ്പോൾ നിലാവും തണുപ്പുമായ്
ഹിമയുഗം പോൽ വാക്ക് നിൽപ്പൂ
കടൽശംഖുകൾ കടൽക്ഷോഭം തിരഞ്ഞ് പോം
തിരകളുടെ തീരങ്ങളൊന്നിൽ
ബലിതർപ്പണം ചെയ്ത് തിരികെയത്തും കാറ്റ്
കടവിലാമ്പൽപ്പൂതിരഞ്ഞു
എഴുതുന്ന വാക്കുകൾ മഞ്ഞുകാലം പോലെ-
ഉറയുന്നതും കണ്ടിരിക്കെ;
പറയേണ്ടതിനിയെന്ത് മഞ്ഞുനീർപ്പാളിയിൽ-
മനനം തുടങ്ങട്ടെ വാക്ക്..
About The Author
No related posts.