പാതയോരത്തായ് കിടന്ന ഭാണ്ഡം
തീതുപ്പിയെങ്ങും പറന്നുപോയാലും.
നൂറുപേര്‍ കത്തിയെരിഞ്ഞു,പിന്നെ
നൂറുപേര്‍ വേകാതെ വെന്തുപോലും!
കത്തിയെരിഞ്ഞ ജഡമടക്കാന്‍
പച്ചമണ്‍ നീക്കിത്തെളിച്ചിടുമ്പോള്‍
കത്തി,കഠാര,വാള്‍,തോക്ക്-ഭൂവിന്‍
ഹൃത്തടം കണ്ടവര്‍ ഞെട്ടിപോലും!
തൊട്ടിയിട്ടാഴക്കിണറ്റുനീരിന്‍
മുഗ്ദത കോരിയെടുത്തിടുമ്പോള്‍
എത്തുന്ന കൈമഴു,ദണ്ഡ്,പ്ലാസ്റ്റിക്-
കെട്ടിനുള്ളില്‍-ഭയം കൊണ്ടുപോലും!
യക്ഷിയോ,ഭൂതമോ,രാക്ഷസനോ?
ചുറ്റിക്കളിക്കുന്നു ചുറ്റുപാടും.
പറ്റില്ല ജീവിതം,വിണ്ണില്‍ മണ്ണില്‍
പറ്റില്ല നീറ്റില്‍-വനത്തിലിപ്പോള്‍…
പൊട്ടിത്തെറിക്കുന്നതെപ്പോഴെന്നോ?
വെട്ടേറ്റു വീഴുന്നതെപ്പോഴെന്നോ?
നിശ്ചയമില്ലാര്, മുന്നില്‍,പിന്നില്‍
ഒപ്പം നടപ്പൂ ദുര്‍ലക്ഷ്യമോടെ….
ആരേ ചതിക്കെണി നെയ്തിടുന്നു?
സാധുക്കള്‍ തന്‍ നിണം മോന്തിടുന്നു…
ആരേ കരങ്ങള്‍ കഴുകിടുന്നു.
ആരോപണത്തില്‍ ലസിച്ചിടുന്നു…
ഭൂതമല്ലെക്ഷി, പിശാചുമല്ല
ഭൂമിതന്‍ നെഞ്ചം പിളര്‍ന്നിടുന്നോര്‍.
ഈശന്‍റെ കാവലാളെന്നുചൊല്ലി
ഈശനെ ഉള്ളില്‍ തിരസ്ക്കരിച്ചോര്‍.
ജാതിമത വിഷസര്‍പ്പങ്ങളെ
സ്നേഹ വഴിയില്‍ തുറന്നുവിട്ടോര്‍,
തീവ്രവാദത്തിന്‍റെ ദംഷ്ട്രമൂടി
വേദതത്ത്വങ്ങള്‍ മൊഴിഞ്ഞിടുന്നോര്‍,
കാരുണ്യരൂപം അനന്തമേകം,
സാരമോരാമതഭ്രാന്തരായോര്‍
പാരിനെ രക്തക്കടലില്‍ മുക്കി
നേരിന്‍ വെളിച്ചം കെടുത്തിടുന്നു!
ആരു തേങ്ങുന്നു പെരുവഴിയില്‍?
ആരിത്?വിശ്വൈകശില്പിയെന്നോ?
ആരും അറിയുന്നതില്ലെന്‍ മതം…
പാടേ മറന്നെന്നെയെന്‍റെ മക്കള്‍….
About The Author
No related posts.