LIMA WORLD LIBRARY

മലയാളത്തിനും ഒരു ടോൾക്കീൻ – ശ്രീകുമാർ

Lord of the Rings എന്ന പുസ്തകത്തെക്കുറിച്ച് JRRTolkein പറയുന്ന ഒരു കാര്യമുണ്ട്. It was a book that grew in the telling. ശ്രീ ഫിലിപ്പ് തോമസ്ഡ് കുട്ടികൾക്കായി എഴുതിയ ഐസ് ക്രീമിന്റെ കഥ എന്ന ചെറുനോവലിനെക്കുറിച്ചും ഇത് തന്നെ പറയാം. 140 പേജുകളിൽ 30ലധികം പേജുകളിൽ മനോഹരമായ ചിത്രങ്ങളാണ്. മറ്റു പേജുകളിൽ അതിന് യോജിക്കുന്നൊരു കഥയും.

ഒരു കഥയെന്ന് പറഞ്ഞുകൂടാ. പല കഥകളുടെ ഒരു സഞ്ചയമാണ്. ചലച്ചിത്ര രംഗത്ത് കാലുറപ്പിക്കാൻ തുടങ്ങുന്ന നോവലിസ്റ്റ് അപാരമായ ദൃശ്യഭാഷയിലൂടെയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. ചലച്ചിത്രം നമ്മുടെ ഭാവനയ്ക്ക് തടയിടും. പക്ഷേ നോവലിലും മറ്റും കാണുന്ന ദൃശ്യഭാഷ നമ്മുടെ കുട്ടികളുടെ ഭാവനയെ ധന്യമാക്കും.

കഥാഖ്യാനത്തിൽ ഹാരി പോട്ടറല്ല, ലോർഡ് ഓഫ് ദി റിങ്‌സ് ആയിരിക്കാം ഈ നോവലിസ്റ്റിന്റെ മാതൃക. ഓരോ വരിയിലും മറ്റനേകം കഥകൾ കോർത്ത് വെച്ചിരിക്കുന്നു. അങ്ങനെ ഒരു പേജിൽ തന്നെ അനേകം ചെറുകഥകൾ നിറച്ചിരിക്കുന്നു.

മനപ്പൂർവ്വം ഒരു സസ്പെൻസ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷേ ആദ്യത്തെ പേജിൽ തന്നെ മറ്റൊരു ലോകത്ത് ചെന്നുചേരുന്ന കുട്ടികൾ 140 പേജുകൾ കഴിയുമ്പോൾ “ശോ പെട്ടെന്നങ്ങ് തീർന്നുപോയല്ലോ എന്ന് പറയും. അത്ര രസകരമാണ് ഈ ബാലസാഹിത്യകൃതി.

ഭാവന വികസിക്കുവാൻ മാത്രമല്ല നോവലുകൾ. കുട്ടികളുടെ മനസ്സിലേയ്ക്ക് ഊറിയിറങ്ങേണ്ട ചില അടയാളങ്ങൾ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ട്. ഇവയിലൂടെയാണ് അവർ പാരമ്പര്യം ഉള്ളവരായി മാറുന്നത്. ചില ബിംബങ്ങൾ, പ്രതീകങ്ങൾ, സാഹചര്യങ്ങൾ എന്നിവ കഥകളിലൂടെയാണ് കുട്ടികളിൽ സ്ഥാനം പിടിക്കുന്നത്. Intestinal Flora മാത്രമാണ് ഇതിന് സമാനമായി ഉള്ളത്.

ആഖ്യാനങ്ങളാണ് നമ്മെ ഇവിടെയെത്തിച്ചതെന്ന് സാപിയൻസ് എന്ന കൃതിയുടെ കർത്താവ് പറയുന്നു. സത്യമാണ്. കഥകളിലൂടെയാണ് നമ്മൾ മുന്നേറുന്നത്. ഇന്നത്തെ കഥകൾ മറ്റൊരു രീതിയിൽ നാളത്തെ യാഥാർഥ്യമായി പുനർജനിക്കാം. വായന അനുപേക്ഷണീയമാക്കാൻ ഇതും ഒരു കാരണമാണ്.

നാലഞ്ച് വർഷം കൊണ്ടാണ് ഈ കൃതിയുടെ ആദ്യ ഡ്രാഫ്റ്റ് തയ്യാറായത്. നിരവധി തടസ്സങ്ങളെയും നിരുത്സാഹപ്പെടുത്തലുകളെയും നേരിടുകയും ചെയ്തു. വളരെ നീണ്ട ആ ഫസ്റ്റ് ഡ്രാഫ്റ്റ് നാലിലൊന്നായി ചുരുക്കേണ്ടി പോലും വന്നു. അഞ്ഞൂറും അറുനൂറും പേജുള്ള നോവലുകൾ പ്രസിദ്ധരുടെ പ്രിവിലേജണല്ലോ.

വളരെ പോസിറ്റീവ് ആയ, മൂല്യാധിഷ്ടിതമായ, ഈ കൃതി ഏതു കുട്ടിയേയും വായനയുടെ ലോകത്തിൽ എത്തിക്കും. ഐസ് ക്രീമിന്റെ കഥയ്ക്ക് ആ വിഷയത്തിൻറെ തന്നെ ആസ്വാദ്യത വേണമല്ലോ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px