കുഞ്ഞു കളികൾ – മനോജ് ചാരുംമൂട്

Facebook
Twitter
WhatsApp
Email

ബാല്യത്തിൻ
ഓർമ്മകളിൽ ഒന്നൂടെ നീരാടണം
മാഞ്ചുവട്ടിൽ കണ്ണിമാങ്ങാ തിരയണം
ഉപ്പു കൂട്ടി തിന്നിട്ടാപുളിയിൽ
കണ്ണു ചിമ്മണം
കുഴിക്കരെക്കമ്പുവെച്ചിട്ടു
ഒറ്റയിരട്ടകളിച്ചു രസിക്കണം
ഓലപ്പന്തിനേയേറുപന്താക്കി
കല്ലുകൾ അടുക്കി സെറ്റാക്കി
ആർപ്പുവിളിക്കണം
മടലുവെട്ടി ബാറ്റു തീർത്തിട്ടു
സച്ചിനേ സ്മരിച്ചങ്ങു കളി തുടങ്ങണം
പാടവരമ്പിലോടിക്കളിക്കണം
വീഴുമ്പോൾ ചെളി തൂത്തു
ചുമ്മാ ചിരിക്കണം
നെൽക്കതിർ റാഞ്ചും
പച്ചക്കിളിക്കൂട്ടത്തിൻ
ചിറകടി ശബ്ദത്തിൽ വിസ്മയിക്കണം
പറങ്കിമാവിലങ്ങെറിയണം
പറങ്കാപ്പഴമേറേതിന്നണം
കറപ്പറ്റിയ തുണികണ്ടങ്കക്കലി കൊള്ളും
അമ്മയുടെ വടിത്തല്ലാൽ
ഉച്ചത്തിൽ കരയണം
മഴ നനയണം
ആലിപ്പഴം പെറുക്കണം
കുടപിടിച്ചു സ്ക്കൂളിലേക്കു നടക്കണം
ഉച്ചക്കഞ്ഞി കുടിക്കണം
കളികളേറേക്കളിക്കണം
ഉത്സവച്ചെണ്ടമേളങ്ങളിൽ
തുള്ളിക്കളിച്ചാർപ്പു വിളിക്കണം
കൊളുത്തു പോയ തുണി നഗ്നത
കാട്ടാതെ ഇടക്കിടെ കൈ കൊണ്ടു
മേലേക്കു പൊക്കണം
ഐസു നുണയണം
ബലൂണുവാങ്ങണം
പീപ്പിയൂതിയൂതിക്കളിക്കണം
ബാല്യത്തിലേക്കു ഓർമ്മകൾ
പായുമ്പോൾ
ചിന്തകളാകെ സുന്ദര നിമിഷം
പകർത്തുമ്പോൾ
ഇന്നത്തെ ബാല്യമാം മക്കളിരുന്നു
മൊബൈലിൽ
ഫ്രീ ഫയറങ്ങുകളിച്ചു രസിക്കുന്നു
പണ്ടു പ്രകൃതിയിന്നോ വികൃതി
നാലു ചുമരിനുള്ളിലേ ബാല്യം

മനോജ് ചാരുംമൂട്

About The Author

Leave a Reply

Your email address will not be published. Required fields are marked *