പള്ളിക്കൂടം അടച്ചു കഴിഞ്ഞാൽ കളികളോടൊപ്പം പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും കാലം കൂടിയായിരുന്നു…
എൻ്റെ വീട്,
അപ്പുറത്ത് അജ്മാൻ അനിയുടെ വീട്,
അതുകഴിഞ്ഞ് ഗോപൻ്റെ വീട്…
മതിലുകളില്ലാതെ വിശാലമായ പുരയിടങ്ങൾ…
കളിച്ചു തളരുമ്പോൾ എല്ലാവരും കൂടി എൻ്റെ വീട്ടിലെത്തും…
ഒരാളിന് കിടക്കാൻ കഴിയുന്ന വീതിയിൽ വീടിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നീളമുള്ള തിണ്ണയിൽ നിരന്ന് കിടക്കും…
എൻ്റെ വീടിന്റെ മുറ്റത്ത് വളർന്നു പന്തലിച്ച ഒരു പ്ലാവുണ്ട്…
തണുത്ത തറയിൽ,
പ്ലാവിന്റെ തണലിൽ,
തണുത്ത കാറ്റേറ്റങ്ങനെ കിടക്കും…
അനാഥരായ അഭയാർത്ഥികളെ പോലെ നിരന്നും നിറഞ്ഞും തളർന്നും കിടക്കുന്ന ഞങ്ങളെ നോക്കി
അടുക്കളയിലെ അഴിയിലൂടെ അമ്മ ചോദിക്കും-“കുടിക്കാൻ വെള്ളം വേണോ…?”
ഒരേ സ്വരത്തിൽ ഞങ്ങൾ പറയും-“വേണം…”
ഷാജുവിനും ജോയിക്കും തോമസിനും അച്ചാറിട്ട് കലക്കിയ കഞ്ഞിവെള്ളം,
ദുബായ് അനിക്കും ഗോപനും ഉപ്പിലിട്ട മാങ്ങ ചവച്ചു കൊണ്ട് പച്ചവെള്ളം കുടിക്കുന്നതാണ് ഇഷ്ടം,
അജ്മാൻ അനിക്കും മണിലാലിനുമൊക്കെ മോരുവെള്ളം,
എന്ത് കിട്ടിയാലും മതിയെന്ന് ഞാനും ജയചന്ദ്രനും പത്തനും…
വെള്ളം കുടിച്ചപ്പോൾ കിട്ടിയ ഊർജ്ജവുമായി
കപ്പലണ്ടി മിഠായി ഉണ്ടാക്കിയാലോ എന്നൊരു തോന്നൽ…
അജ്മാൻ അനി അവൻ്റെ അച്ഛൻ്റെ പലവ്യഞ്ജന കടയിലേക്കോടി തിരിച്ചു വരുമ്പോൾ കഴുകാത്ത കാക്കി നിക്കറിന്റെ രണ്ട് പോക്കറ്റിലും ശർക്കരയുണ്ടാകും…
തോമസ് പത്ത് പൈസക്ക് കപ്പലണ്ടി വാങ്ങി വരും…
തേങ്ങ ചിരവിക്കൊണ്ടിരിക്കുന്ന അമ്മയുടെ അടുത്തേക്ക് ഞാൻ ചെല്ലുമ്പോൾ അമ്മ ചോദിക്കും-“എന്തുപറ്റി?
കളികളൊക്കെ തീർന്നോ…?”
മറുപടി പറയുന്നതിന് പകരം ഞാൻ അമ്മയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കുന്നത് കാണുമ്പോൾ ചേച്ചിമാർ ചിരിച്ചു കൊണ്ട് പറയും-“അമ്മാ… എന്തോ കാര്യം സാധിക്കാനുള്ള അടവാണേ…”
അമ്മ വാത്സല്യത്തോടെ എന്നെ നോക്കുന്നതിനിടയിൽ പാത്രത്തിൽ നിന്നും ഒരു പിടി തേങ്ങയും വാരിക്കൊണ്ട് ഞാൻ ഓടും…
എല്ലാവരും കൂടി അജ്മാൻ അനിയുടെ വീട്ടിലെ ഉരൽപുരയിലേക്കാണ് ഓടുന്നത്…
ഉരൽപുരയിലെ അടുപ്പിലാണ് ഞങ്ങളുടെ പാചകം…
ഉരൽപുരയിലെ അടുപ്പിൽ തീ കത്തിക്കുമ്പോൾ അടുക്കളയിൽ നിന്ന് അജ്മാൻ അനിയുടെ അമ്മ ഉറക്കെ പറയും-“വെയിലാണ്. പാചകം ചെയ്ത്, പാചകം ചെയ്ത് വീട് കത്തിക്കരുത്…”
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ശർക്കര കലക്കി ഒഴിക്കും…
ശർക്കര ചൂടാകുമ്പോൾ തേങ്ങയും കപ്പലണ്ടിയും കൂടിയിട്ട് ഇളക്കും…
അപ്പോഴൊരു മണം വരും…
മണമങ്ങനെ അന്തരീക്ഷത്തിൽ ഒഴുകി പരക്കുമ്പോൾ അജ്മാൻ അനിയുടെ ചേച്ചിയും ഗോപൻ്റെ ചേച്ചിയും എൻ്റെ ചേച്ചിമാരും വന്നിട്ട് പറയും-“പിള്ളേരേ… ഞങ്ങക്ക് കൂടി ഇത്തിരി തരിനെടാ…”
എല്ലാവരും കൂടി കപ്പലണ്ടി മിഠായി പങ്കുവെച്ചു തിന്നുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത ആശയം തലയിലുദിക്കുന്നത്…
ചൂട് ചട്ടിയിൽ ഒരു പിടി അരി ഇടുമ്പോൾ പൊരി പോലെ പൊരിഞ്ഞു വരും…
ചട്ടിയിൽ പറ്റിയിരുന്ന ശർക്കരയും അരി പൊരിയും ചേരുമ്പോൾ എന്താ രുചി…
സർവേശ്വരൻമാരേ…,
ഇനിയൊരു ജന്മമുണ്ടെങ്കിൽ മലകളും പുഴകളും മരങ്ങളും നിറഞ്ഞ ഒരു ഗ്രാമപ്രദേശത്ത് മനുഷ്യജന്മമായി തരണേ…
ഒരിക്കൽ കൂടി ഞങ്ങളുടെ ബാല്യകാലം ആസ്വദിക്കാൻ
അവസരം തരണേ…………………………..
___ഉല്ലാസ് ശ്രീധർ.













