ആണധീശത്വത്തിൻ്റെ
പാദരക്ഷ
പുറത്തഴിച്ചുവക്കുക.
കനത്ത ചവിട്ടുകളെ
ക്രമപ്പെടുത്തി
കാൽവെയ്പ്പുകളെ
മയപ്പെടുത്തുക.
കാത്തിരിക്കും
പെൺകാതുകളെന്ന
വ്യഗ്രതയെയൊതുക്കി
വരുതിയിൽ നിർത്തുക
പൂമുഖത്ത്
പെൺമിഴികൾ
സ്വാഗതദീപം നീട്ടുന്ന
മോഹത്തെ
ഞെരിച്ചൊടിക്കുക.
കൊലുസ്സിൻ കിലുക്കവും
അടക്കിച്ചിരികളും
പൊയ്പ്പോയ
ഏതോ യുഗവിസ്മയമായി
ഓർമക്കുറിപ്പിൽ
പൂഴ്ത്തിവക്കുക.
അവളിൽ നിന്ന്
ഒരുമ്പെട്ടൊരുത്തി
ചാടിയിറങ്ങുന്നത്
ഗണിച്ചുറച്ച്
സ്വരമണയ്ക്കുക.
അവൾക്കുള്ളിൽ
അടുക്കള പുകയുന്നതും
മടുപ്പിൻചേരുവകളരയുന്നതും
രോഷമർദ്ദം ചൂളമടിക്കുന്നതും
കോണോടുകോൺ ചേർന്ന്
കാഴ്ചകളിൽ ചിലന്തികൾ വല നെയ്യുന്നതും
നെഞ്ചിലൊരലക്കുകല്ല്
അടിപിടിയിൽ പിടക്കുന്നതും
കണ്ടില്ലെന്ന
അറിഞ്ഞില്ലെന്ന
സാരമാക്കാനില്ലെന്ന
നാട്യങ്ങളിലേക്ക്
വളവുനീർത്തി
അവളിതാ
നിവരുന്നു.













