മുൾക്കിരീടമണിഞ്ഞശിരസ്സതിൽ
രക്തമൊപ്പിക്കഴുകി ശുചിയാക്കി
ചോരവറ്റിയ ദേഹമതെങ്കിലും
തേജസ്സൊട്ടും മറയാതെ നിൽക്കുന്നു
കൈകളിലിരുമ്പാണികൾ സൃഷ്ടിച്ച
ദ്വാരമിങ്ങനെയുലകിനെ നോക്കുന്നു
വാരിയെല്ലിന്നിടയിലും കുന്തത്താൽ
പേർത്തു കുത്തിയനേകം മുറിവുകൾ
ചാട്ടവാറിന്റെ താഡനം ദേഹത്തിൽ
തീർത്ത ചോന്ന വരകൾ തിണർത്തതും
രക്തവഴികൾ ഉണങ്ങിപ്പടർന്നൊരു
ദേഹമായ് ദൈവപുത്രൻ കിടക്കുന്നു
എത്രപീഢനമേൽക്കിലും ശത്രുവിൻ
ക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻ
കാൽവരിയിലെക്കല്ലുകൾക്കുള്ളിലും
കരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ
ശാന്തിഗീതം പരത്തിയോൻ ഭൂമിയിൽ
ശത്രുവെ സ്നേഹമധുരം പകർന്നവൻ
സത്യമാണീശൻ സ്വാന്തനമെന്നവൻ
നന്മയെപ്പുൽകി ജീവൻ വെടിഞ്ഞവൻ
അമരനാണവൻ വിശ്വാസമാണവൻ
ഉലകിനാകെയും ഊർജ്ജമേറ്റുന്നവൻ
രക്തസാക്ഷികളേറെ ജനിച്ചാലും
രാജരാജനായവരേ നയിപ്പവൻ
വേദനതിന്ന നേരവും ദൈവത്തെ
ഏറ്റമേറ്റം വിളിച്ചുപറഞ്ഞതും
ക്രൂരതതന്നിലേറ്റും ജനതയോടേറെ-
യേറെ ക്ഷമിക്കൂ ഭഗവാനേ
നിക്കോദേമൂസും ജോസഫും ചെന്നിതാ
സൗഗന്ധതൈലങ്ങൾ പൂശിയും ചെന്നിണ
ച്ചോപ്പുമായാത്ത ദാവീദിൻ പുത്രനെ
വെള്ളയങ്കിയാൽ പുതപ്പിച്ചു വൃത്തിയിൽ
വെള്ളവസ്ത്രം പുതപ്പിച്ച ദേഹമായ്
പുഞ്ചിരിയൊന്നു ലോകർക്കു നൽകിയും
സത്യനായകൻ ശാന്തഗംഭീരനായ്
അന്ത്യയാത്രയ്ക്കൊരുങ്ങിക്കിടക്കുന്നു
ദൈവപുത്രന്റെ ദേഹമിറക്കീട്ടു
കല്ലറക്കല്ലു മേൽമൂടിയായിട്ടു
കണ്ണുനീർക്കണം തിങ്ങും മുഖവുമായ്
പിന്തിരിഞ്ഞു നടന്നൂയിരുവരും
കല്ലറയ്ക്കുള്ളിലാക്കിയ പുണ്യത്തെ
കണ്ണിമയ്ക്കാതെ കാവലിരിക്കുവാൻ
കിങ്കരന്മാരുടൻ വന്നു സായുധർ
കല്ലറയ്ക്കുള്ളിലും നീതി നീ തേങ്ങിയോ
മുപ്പതുവെള്ളിക്കാശിനായോറ്റിയോൻ
ഭ്രഷ്ടനായ് സ്വയം മനസ്സിന്നതിർത്തിയിൽ
സങ്കടം തീർത്ത വേദനത്തീ തിന്നു
അക്കൽദാമയിൽ ജീവനൊടുക്കുന്നു…
കൈകഴുകിയ നീതിമാൻ പീലാത്തോ-
സ്സൊന്നു നീതിയെ തെറ്റായ് വിധിച്ചവൻ
എത്രചന്ദനം പൂശീടിലും കരം
രക്തഗന്ധക്കറകൾ മറയ്ക്കുമോ
മഗ്ദലനമറിയവും തോഴരും
വന്നിതാ രാജരാജനെക്കാണുവാൻ
കല്ലറക്കല്ലു മാറിയിരിക്കുന്നു
അങ്കിമാത്രമായ് കല്ലറ ശൂന്യവും
സ്തബ്ധരായവർ മങ്കകൾ ഭീതിയിൽ
ദീനരായ് നിന്നു കല്ലറ നോക്കവേ
മിന്നൽമുഖവുമായ് ദൈവദൂതൻ വന്നു
മിശിഹായുയിർത്തുവെന്നരുളി മറഞ്ഞിതാ
തുല്യതയില്ലാ പീഢകൾ നേരിട്ടും
കൊടിയമർദ്ദകരേറ്റം പണിപ്പെട്ടും
മരണമേറ്റവനിസ്രയേൽ നായകൻ
ഉയിരുകൂട്ടിയുണർന്നുവുലകിനായ്
സ്നേഹമെന്നും നിറച്ചൊരാ ജീവിതം
ത്യാഗപൂർണ്ണം പ്രശോഭിതം ഭൂമിയിൽ
ഏറെയേറെക്കരുതുവാനുണ്ടതിൽ
ഏഴകൾക്കെന്നുമാശ്രയമാണവൻ
യേശുദേവൻ ഉയിർക്കണം ലോകത്തു
ശാന്തിഗീതികൾ നിർത്താതുണർത്തുവാൻ
ലോകമെങ്ങും സമത്വവും സൗഹാർദ്ദ
നീതിചിന്തയും എന്നും പുലരുവാൻ
നന്മയേറെ നിറയ്ക്കുവാനായുള്ള
ശൂന്യ കല്ലറ മനസ്സിൽ ഒരുക്ക നാം
നന്മയേറെ നിറയ്ക്കുവാനായുള്ള
ശൂന്യ കല്ലറ മനസ്സിൽ ഒരുക്ക നാം
About The Author
No related posts.