പൂരം
പലമതസ്ഥരുമേകമനസ്സോടൊന്നായി
പരസ്പരം കൂടിച്ചേരും പുണ്യകേദാരമാം
പൂരപ്പറമ്പിതു തിരുശിവപേരൂരല്ലൊ!
പഞ്ചാരിമേളം കൊട്ടിക്കേറും താളവിസ്മയംതീർക്കും
പെരുമനതൻകരവിരുതിൽവിരിയും
പത്മദളത്തിലാടുകയായി നാഗഭൂഷണനടരാജൻ .
പലകുറി മാറി മറിഞ്ഞിളകുകയായി
പലവർണ്ണക്കുടകൾതൻമേളനം.
പൊന്നിൻപട്ടംകെട്ടിയ ഗജരാജകേസരികൾ
പംക്തിയിൽ നിരക്കവേ, വെൺചാമരങ്ങൾ
പാറിപ്പറക്കുകയായി വെൺമേഘങ്ങളായി.
പുരുഷാരങ്ങളിൽ കത്തിപ്പടരുകയായി
പുഞ്ചിരിപ്പൂത്തിരി മത്താപ്പുകൾ മോദമായി.
പലദേശവേഷ ഭാഷക്കാരൊന്നായൊഴുകും
പുണ്യഗംഗാപ്രവാഹമീ ജനസാഗരകല്ലോലങ്ങൾ.
പുകയും പകയും വിദ്വേഷകലുഷിത വൈരങ്ങളും
പൊട്ടിത്തകരട്ടെയീപൂരത്തിൻ വെടിക്കെട്ടുപോൽ.
പാരിലേ വരുമൊന്നായി പരിലസിക്കുമീ
പൂരപ്പറമ്പുപോലൊരുമതൻ സ്നേഹ –
പ്പാലാഴിയായി ലോകങ്ങളെല്ലാം മാറീടാൻ
പ്രാർത്ഥിച്ചർപ്പിക്കുന്നീയക്ഷരസുമങ്ങൾ .
പരസുഖം സുഖം പരദു:ഖം മമദു:ഖമായും
പരിചോടെ കാണും നവലോകമാം പൂരപ്പറമ്പു
പുലരുവാൻകാക്കുന്നു പ്രതീക്ഷാനിർഭരം
ജയകുമാർ കോന്നി
About The Author
No related posts.