അമരനാണരിക്കൊമ്പൻ – ഹരിദാസ് പല്ലാരിമംഗലം

Facebook
Twitter
WhatsApp
Email

!……….. * അമരനാണരിക്കൊമ്പൻ * ……….!

* * * * * * * * * * * * * * * * * * * * * * * * * * * *

പിറന്നമണ്ണിൽ നിന്നും നാടുകടത്തപ്പെടുന്നവൻ്റെ വേദന അരിക്കൊമ്പനോളം അറിയുന്നവരാരും തന്നെ വർത്തമാനകാലഘട്ടത്തിലുണ്ടാവാൻ സാധ്യതയില്ല.

കാടിനെ അറിഞ്ഞവൻ..
നാടിനെവിറപ്പിച്ചവൻ…..
അനാഥത്വത്തിൻ്റെ അമരത്തു നിന്നും അമരത്വത്തിൻ്റെ അമൃതം കുടിച്ചവൻ!

നാടുനീക്കപ്പെടുമ്പോഴും രാജാധിരാജൻ്റെ അരങ്ങൊഴിയൽ നേർക്കാഴ്ചയായി നൽകിയവൻ!

നാളിതുവരെയാർക്കും ലഭ്യമാകാത്ത താര-വീര പരിവേഷം!

എതിർത്തവർ പോലും നിസ്സംഗതയോടെ നിറമിഴി തുടയ്ക്കുന്ന നാടകീയ രംഗങ്ങൾ!

തനിയ്ക്ക് ജൻമം നൽകിയ മാതാപിതാക്കളൂടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയാകേണ്ടിവന്ന ഹതഭാഗ്യൻ!

അനാഥത്വത്തിൻ്റെ അന്യഥാ ബോധത്തിൽ നിന്നും അവകാശിയുടെ അരപ്പട്ട കെട്ടിയിറങ്ങി കാടകങ്ങളിൽ നിന്നും നാട്ടകങ്ങളൂടെ അരങ്ങുവാണ ഗജരാജ
വിക്രമൻ!

വടക്കൻവീരഗാഥയിലൂടെ എം.ടി വരച്ചുകാട്ടിയ ചതിയനല്ലാത്ത ചന്തുവിനെ പോലെ….

അവസരങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന രണ്ടാമൂഴത്തിലെ ഭീമനെ പോലെ….

മഹാഭാരതകഥയിലെ നിരായുധനാക്കപ്പെട്ട കർണ്ണൻ്റെ-നിഗ്രഹ നിമിഷംപോലെ….

നാളെകളിൽ പാണനു തുടികൊട്ടി പാടിനടക്കാനൊരു വീര-നാടുകടത്തൽ കഥ!

ചിന്നക്കനാലിൻ്റെ തെളിനീരുറവകളാൽ ദാഹമകറ്റിയ…..കണ്ണിമ ചിമ്മാതെ കാടിന് കാവലാളായി മാറിയ കരിവീരൻ…!

ചിതലരിക്കാത്ത ചിന്തകൾ തേച്ചുമിനുക്കിയ നിശ്ചയദാർഡ്യത്തിൻ്റെ നിതാന്ത വിസ്മയ ശാലി…!

അടവിയടക്കിവാണഴകുയർത്തിയവൻ…

അഭിമാനത്തിൻ്റെ അനുഗ്രഹ തിടമ്പേറ്റിയ അനുപമലാവണ്യം …..

ഗജരാജ ക്രീഡയാൽ അനഭിമതനായി മാറിയ കേരളപ്പെരുമയെഴുന്ന ഗജകേസരി….

അരുമയാർന്ന അരിക്കൊമ്പൻ!

താനോളംപോരുന്ന നാല് ഗജരാജ കുങ്കികളും പരശതം വനപാലകരും ദിവസങ്ങൾ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന് കുടുക്കാൻ ശ്രമിച്ചിട്ടും പിടികൊടുക്കാതെ..

പെറ്റമ്മ പിടഞ്ഞുവീണ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് അവസാനമായി കണ്ടിറങ്ങി…

തന്നെ തളയ്ക്കാൻ ഒരുമ്പെട്ടിറങ്ങിയവരുടെ ഒത്തനടുവിലേക്ക് സ്വയം കീഴടങ്ങാൻ തീരുമാനിച്ചുറച്ച് എത്തിപ്പെട്ടപ്പോഴും …..

സർവ്വ സന്നാഹങ്ങളെയും തൃശങ്കുവിൽ നിർത്തി കിടുകിടെ വിറപ്പിച്ച് നിലകൊണ്ടപ്പോഴും….

തളരാതെനിന്ന വീറുറ്റ പോരാളിയായ അരിക്കൊമ്പൻ്റെ ചങ്കുറപ്പ് അവർണ്ണനീയം!

ചതിയിൽപ്പെടുത്തി തളയ്ക്കാൻ മയക്കുവെടികൾ…..

വെടിയുതിർത്തവയെല്ലാം ഏറ്റുവാങ്ങി മയങ്ങിനിന്നപ്പോഴും ഗജരാജ മകുടത്തിൻ്റെ മാറ്ററിയിച്ച വീര-ശൂര പരാക്രമി!

പോരാട്ടത്തിൻ്റെ പോർവിളിയെ നെഞ്ചിലേക്കാവാഹിച്ച ഗജരാജമന്നാടിയാർ!

അരങ്ങടക്കിവാണ അരിക്കൊമ്പനെന്ന ആത്മാഭിമാനത്തിടമ്പെ…

നിനക്കായിതാ മലയാളക്കരയുടെ….
ആത്മാഭിമാനികളുടെ അരുണാഭയാർന്ന ആയിരമായിരം സ്നേഹാഭിവാദ്യങ്ങൾ….

യാത്രാമംഗളം !!

………………………………….

ഹരിദാസ് പല്ലാരിമംഗലം

About The Author

Leave a Reply

Your email address will not be published. Required fields are marked *