മാടായിപ്പാറ കണ്ണൂരിലെ മഹാത്ഭുതം, മനോഹരം, മാടായിപ്പാറയിലെ മായക്കാഴ്ചകൾ. ഋതുഭേദങ്ങളിലെ വർണ്ണക്കുടമാറ്റങ്ങൾ. – സന്ധ്യ

Facebook
Twitter
WhatsApp
Email

മഴക്കാലങ്ങളിൽ പച്ചപ്പരവതാനിവിരിച്ച പുൽമൈതാനം….
ഓണക്കാലത്ത് കൃഷ്ണപ്പൂവും കാക്കപ്പൂവും നീലപ്പട്ട് പുതപ്പിക്കുന്ന
സഞ്ചാരികളുടെ സ്വർഗ്ഗം…
വേനലിൽ ചുട്ട കാരിരുമ്പിന്റെ തീനിറം.

പുൽനാമ്പുകളിൽ കൊച്ചുതിരയിളക്കി
മെല്ലെ വീശുന്ന കാറ്റ്….
എരിവേനൽചൂടിലും വറ്റാക്കുളങ്ങൾ…
പരശ്ശതം പൂമ്പാറ്റകളും പക്ഷികളും
സസ്യജാലങ്ങളും സംഗമിക്കുന്ന
ജൈവരഹസ്യങ്ങളുടെ നിധി കാക്കുന്ന
പാറക്കെട്ടുകൾ.

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ്
വിശ്വാസത്തിന്റെ വിളക്കുതെളിക്കുന്ന
കാവിൽ ഉറഞ്ഞാടുന്ന മാരിത്തെയ്യങ്ങളുടെ പുറപ്പാട്.
പ്രകൃതിയുമായുള്ള പൊക്കിൾക്കൊടിബന്ധം
വിളംബരം ചെയ്യുന്ന കാർഷികസംസ്കൃതിയുടെ
കതിരുവെക്കും തറയും കലശത്തിറയും
കൃഷ്ണപ്പാട്ടും കളരിയും പൂരക്കുളിയും
വസന്തോത്സവവും മുടക്കാത്ത
പ്രാക്തന അനുഷ്ഠാനങ്ങൾ പറയും
ഒരു ദേശപ്പെരുമയുടെ പുരാവൃത്തം.

യവനനും ജൂതനും അഭയമരുളിയ
കുന്നിൻചെരിവുകൾ..
ടിപ്പുവിന്റെ പടയോട്ടങ്ങളും
പോർച്ചുഗീസ് അധിനിവേശവും
അതിജീവിച്ച കോലത്തുനാടിന്റെ
കോട്ടകൊത്തളമായ പീഠഭൂമി…

കുന്നിൻ നിറുകയിൽ നിന്ന് കാണാം
പടിഞ്ഞാറ് ഏഴിമലയിലെ
വിസ്മയസൂര്യാസ്തമയവും തെക്കുകിഴക്കെ ചെരിവിൽ പഴയങ്ങാടിപ്പുഴ വഴിയുന്നഴകും!!

വർണ്ണനാതീതമായ
ഈ സൗന്ദര്യ തീരത്തെ വസന്തവനദേവതയുടെ കോവിലിൽ
എന്റെ അക്ഷരപ്പൂക്കളാൽ
അർച്ചന….

—സന്ധ്യ —

About The Author

Leave a Reply

Your email address will not be published. Required fields are marked *