അധികാരത്തിന്റെ
പടച്ചട്ടയണിഞ്ഞവർ
സമ്പത്തിന്റെ വജ്രമുന
നിയമത്തിന്റെ
നൂലിഴകളിൽക്കൊരുത്ത
ചാട്ടവാറുകളുമായി
ലോകം കീഴടക്കുന്നു….
മാനവീകത
ദൂരെയേതോ
മലമുകളിലെ
ഇരുണ്ടഗുഹയിൽ
ഉരുക്കു ചങ്ങലയാൽ
തടവിലാക്കപ്പെട്ടിരിക്കുന്നു……
മനുഷ്യത്വം
ഹിമപെയ്‌ത്തുകളിൽ
തണുത്തുവിറങ്ങലിച്ചു
മരണം കാത്തുകിടക്കുന്നു….
പ്രണയം
ഇരുണ്ടതാഴ്‌വരകളിൽ
വസന്തത്തിന്റെ
വരവും പ്രതീക്ഷിച്ചിരുന്നു …..
ദയ
പുഞ്ചിരികളാൽമറച്ച
ദംഷ്ട്രകളിൽ കൊരുത്തു
മരണവേദനയാൽ
പിടയുന്നു…….
സൗഹൃദം
സ്വന്തം നിലനില്പിനായി
ചതിക്കുഴികൾ തീർത്ത്
ഇരയെ കാത്തിരിക്കുന്നു…..













