തുരുമ്പെടുത്തുവോ തൂലിക???
തുരുമ്പിച്ചുവോ നിൻ തൂലിക?
തുമ്പമോടു ചോദിപ്പൂ വർണ്ണങ്ങൾ.
താരാട്ടിൻഗാഥ കരഞ്ഞു ചോദിക്കുന്നു.
തുരുമ്പിച്ചുവോ നിൻ തൂലിക?
തുഞ്ചൻ്റെ തത്തപ്പെണ്ണും ചോദിക്കുന്നു.
തഞ്ചത്തിൽ കുഞ്ചൻ്റെ ചിലങ്കയും,
തുള്ളിച്ചോദിക്കുന്നു തുരുമ്പിച്ചുവോ?
തമ്പിതൻ തമ്പുരുവും മുരളുന്നു,
താരങ്ങളും സൂര്യചന്ദ്ര ഗോളങ്ങളും,
താഴാതലയുമാഴി വീചികളും ചോദിപ്പൂ ,
തുരുമ്പിച്ചുവോ നിൻ തൂലിക?
തീരങ്ങളും താഴ്വാരങ്ങളും മലമേടുകളും,
തിങ്ങിന നൊമ്പരമോടു ചോദിക്കുന്നു.
തുരുമ്പിച്ചുവോ നിൻ തൂലിക?
താരുണ്യമാർന്ന തളിരും മലരും,
തളരാതെ ചോദിക്കുന്നു
തുരുമ്പിച്ചുവോ നിൻ തൂലിക?
തെന്നലും മാരിവില്ലും മിന്നൽക്കൊടിയും,
തെന്നാതെ ചോദിക്കുന്നു
തുരുമ്പിച്ചുവോ നിൻ തൂലിക?
തുടിക്കും ഹൃത്താൽ ചൊല്ലുന്നു ചേതന,
തൂലിക തുരുമ്പെടുത്തീല, ഹാ! കഷ്ടം,
തുരുമ്പെടുത്തതെൻ ചിന്തയാണ്.
തകരും ജീവിതബന്ധങ്ങൾതൻ,
താളപ്പിഴകളിൽ തുരുമ്പെടുത്തത്,
തിളങ്ങിത്തെളിഞ്ഞതാമെൻ ഭാവനയല്ലോ’
തുരുമ്പാം തിന്മകൾ വാഴുമീ മന്നിടം,
തളർത്തുന്നു മമ കവനകലയെ .
തുരുമ്പെടുക്കുമീ ചിന്താമണ്ഡലത്തെ,
തൂത്തു ഞാൻ തെളിക്കട്ടെ.
തളിർക്കട്ടെ വീണ്ടുമെൻ കവനവല്ലരി,
തളിർക്കട്ടെ വീണ്ടുമെൻ കവനവല്ലരി.
About The Author
No related posts.