നോവലിസ്റ്റിൻ്റെ ആദ്യ നോവലിലെ (ചേറുമ്പ് :അംശം, ദേശം) അധികാരി എന്ന ഒരു കഥാപാത്രത്തെ നായകനായി അവതരിപ്പിച്ചിരിക്കുന്നു. ഏറനാട്ടിലെ പഴയകാല ജീവിതത്തെയും സംസ്കാരത്തെയും ജീവസ്സായി ഇതിൽ ദർശിക്കാം. തനി നാടൻ ഭാഷാപ്രയോഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നോവൽ.
ഭാഷാപ്രയോഗങ്ങളുടെ പ്രത്യേകത ചിലർക്ക് അപരനാമമായി ഭവിക്കാറുണ്ടല്ലോ? അങ്ങനെയാണ് ഇതിലെ അധികാരിക്കും ഈ പേർ വന്നത്. ഒരധികാരവുമില്ലാത്ത അധികാരി. ജാതിമതഭേദമെന്യേ മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ നോവലിൽ ഒരുപിടിയുണ്ട്.ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ ഒരു ചാകര തന്നെ ലഭിക്കുന്ന നോവൽ എന്നതിനെ വിശേഷിപ്പിക്കാം. ഗ്രാമീണജീവിതത്തിൻ്റെ ലാളിത്യം നോവലിൻ്റെ രചനാ സവിശേഷതയാണ്. അതിനാൽ ഒറ്റയിരുപ്പിൽ അധികാരിയെ ഉള്ളിലേക്കാവാഹിക്കാം.സാമൂഹികവി മർശനം നോവിലിൻ്റെ ഉദ്ദേശ്യമല്ലെങ്കിലും സൂക്ഷ്മവായനയിൽ അതും നമുക്ക് കാണാവുന്നതാണ്.
നോവലിസ്റ്റിൻ്റെ ആദ്യ നോവലിനെക്കാളും ഒരുപടി മുമ്പിലാണ് രണ്ടാം നോവൽ എന്ന് നിസ്സംശയം പറയാം. ആർടിസ്റ്റ് സഗീറിൻ്റെ കരവിരുതിൽ സംഭവിച്ച ഇല്യുസ്ട്രേഷനെ എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ഡോ. പ്രമോദ് ഇരുമ്പുഴി













