പ്രസാധനം -ജി.വി ബുക്സ്
വിയറ്റ്നാമിൽ പോകുന്ന കാര്യം ഹാരിസ്ക്കയോട് പറയുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്ന കാര്യം പറഞ്ഞത്. ഞാൻ യാത്ര പോയി വന്നതിനുശേഷം പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയും പുസ്തകം വാങ്ങി വായിക്കുകയും ചെയ്തു. ഞങ്ങൾ പോയ വഴിയിലൂടെത്തന്നെയാണ് അവരുടെയും യാത്ര. സമീപകാലത്ത് പോയി വന്ന സ്ഥലമായതിനാൽ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴേക്ക് അവിടെ ഒന്നുകൂടി പോയി വന്ന അനുഭവം ഉണ്ടായി. വിയറ്റ്നാമിൻ്റെ ചരിത്രപശ്ചാത്തലങ്ങൾക്ക് കൂടുതൽ പരാമർശം നൽകുന്ന രീതിയിലാണ് പുസ്തകരചന. അതിനാൽ കൃതി ഞങ്ങളുടെ യാത്രക്ക് മുമ്പെ പുറത്തിറങ്ങിയിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി. യാത്രകൾ കേവലം ആസ്വദിക്കാനല്ല, ഒരു നാടിൻ്റെ ചരിത്രവും സംസ്കാരവും ജനതയുടെ സ്വഭാവസവിശേഷതകളും മനസ്സിലാക്കാനും പഠിക്കാനും കൂടി ഉള്ളതാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകം. വിയറ്റ്നാമിനെക്കുറിച്ച് പറയുമ്പോൾ തന്നെ പലയിടങ്ങളിലും ഇന്ത്യയുമായി താരതമ്യപ്പെടുത്താനും എഴുത്തുകാരൻ ശ്രദ്ധിക്കുന്നുണ്ട്. ആയിരം വർഷത്തിലേറെക്കാലം വ്യത്യസ്ത രാജ്യങ്ങളുടെ കോളണിയായിക്കഴിയേണ്ടി വന്നിട്ടുണ്ട് വിയറ്റ്നാമിന്.ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്ക ഒരു രാജ്യത്തിനു മുമ്പിൽ മാത്രമാണ് യുദ്ധത്തിൽ തോൽവിയുടെ രുചി അറിഞ്ഞിട്ടുള്ളത്, അത് വിയറ്റ്നാം പോരാളികൾക്ക് മുമ്പിലായിരുന്നു. അവരുടെ ഗറില്ലാ യുദ്ധമുറകളുടെ മികവ് കൃതിയിൽ നന്നായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് ഗാന്ധിജി എങ്ങനെയാണോ, അതുപോലെത്തന്നെയാണ് വിയറ്റ്നാമിന് ഹോ എന്നറിയപ്പെടുന്ന ഹോച്മിൻ. ഹോയുടെ ലളിതജീവിതവും ജനങ്ങളിലുണ്ടായിരുന്ന കരുതലും കൃതിയിലുടനീളം കാണാം. വിയറ്റ്നാമിലെ കാലാവസ്ഥ, കൃഷി തെരുവുകൾ, ഭക്ഷണം, വാസ്തുവിദ്യ, ടൂറിസം എന്നുവേണ്ട പരമാവധി കാര്യങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിയറ്റ്നാമിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും അവിടേക്ക് യാത്ര പോകാൻ ഒരുങ്ങുന്നവർക്കും യാത്രാ വിവരണം ഇഷ്ടപ്പെടുന്നവർക്കും മികച്ച അനുഭവമാകും ഈ കൃതിയുടെ വായന.
ഡോ. പ്രമോദ് ഇരുമ്പുഴി
About The Author
No related posts.