ചരിത്ര സുരഭിലവും ബഹുതലസ്പർശിയായ കഴിവുകൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതു മായ ഒരു നാടിനെ വെറും തൊണ്ണൂറു പേജുകളിൽ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാൾക്ക് മാത്രമേ ഇത് സാധിക്കു. സർഗ്ഗധനനായ കാരൂർ സോമൻ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരി ക്കുന്നു.
എല്ലാ അതിർത്തികളും മാഞ്ഞ് ലോകം മുഴുവൻ ഏകമായി ഉള്ളംകയ്യിലെ നെല്ലിക്ക പോലെ ഒന്നായി ചേർന്നുവരുന്ന ഈ കാലത്ത് ഇത്തരം പരിചയപ്പെടുത്തലുകൾക്ക് വളരെ യേറെ സംഗത്യമുണ്ട്. ഈ ഒരു ധാരയിലേക്ക് സംഭാവന ചെയ്യേണ്ടത് സർഗ്ഗധനരായ എഴുത്തു കാരുടെ ചുമതലയാണ്. ഒരു ഉൾവിളിയാൽ എന്നപോലെ അത് ഏറ്റെടുക്കുന്നവർ മനുഷ്യരുടെ ഭാവി ചരിത്രത്തെ നിർമ്മിക്കുന്നതിൽ പങ്കു വഹിക്കുന്നു. ഈ ഗ്രന്ഥകർത്താവിന് ആ കാര്യ ത്തിൽ തീർച്ചയായും അഭിമാനിക്കാം.
കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥ പോലെയാണ്. ചരിത്രത്തിന്റെയും ഭൂമി ശാസ്ത്രത്തിന്റെയും വിരസത തീർത്തും ഒഴിവാകുന്നു.
കാണേണ്ടത് ഒന്നും കാണാതെ പോകുന്നില്ല എന്നതാണ് വളരെ പ്രത്യേകമായ കാര്യം. എല്ലാറ്റിനും മുകളിൽ ഈ നാടിന്റെ ജീവചൈതന്യം അപ്പടി നമുക്ക് പകർന്നു കിട്ടുന്നു.
പുസ്തകം വായിച്ചു തീരുമ്പോൾ എന്റെ മനസ്സിലുണ്ടായത് രണ്ട് വികാരമാണ്. ഒന്ന്, ലോക ജനതകളിൽ ഒരു വിഭാഗത്തെ കൂടി എനിക്ക് അല്പം മനസ്സിലായി എന്ന ചാരിതാർത്ഥ്യം. രണ്ട്, ആദ്യം കിട്ടുന്ന അവസരത്തിൽ സ്‌പെയിൻ കാണണം എന്ന മോഹം.
ദേശീയത എന്നത് എങ്ങനെ ഉറവെടുക്കുന്നു നിലനിൽക്കുന്നു വളരുന്നു എന്ന കാര്യം നമുക്ക് ഈ പുസ്തകത്തിൽ നിന്ന് സ്പഷ്ടമായി മനസ്സിലാവും. മാനവരാശിയുടെ മൊത്തം ഭാവി രൂപപ്പെടുത്തുന്നതിൽ വിവിധ ദേശീയതകൾ എത്രത്തോളം എങ്ങനെ പങ്കുപറ്റണം എന്ന് നമുക്ക് വ്യക്തമായിക്കിട്ടുകയും ചെയ്യും.
ഞാൻ അവനെ പോലെ ആവുകയോ അവൻ എന്നെപ്പോലെ ആവുകയോ അല്ല രണ്ടു പേരും രണ്ടായി തന്നെ ഇരുന്ന് വളരെ അടുത്ത ആളുകളായി ഒന്നായി തീരുന്നതാണ് യഥാർത്ഥ മായ സാംസ്‌കാരിക ഉൽഗ്രഥനം എന്ന് നാം തിരിച്ചറിയുന്നു.
എന്തുകൊണ്ടും പ്രശംസനീയമായ ഈ കൃതിക്ക് ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.
About The Author
No related posts.