മണ്ണിലെ മനുഷ്യർ കൊറോണ മൂലം മരിച്ചുവീഴുന്നതും പിന്നീടുള്ള ജനങ്ങളുടെ ജീവിതം കണ്ട്, മണ്ണിലെ ദേവന്മാർ സങ്കടപ്പെട്ട് അവർ ഒരു തീരുമാനത്തിലെത്തി.
എല്ലാവരും കൂടി ഒരുദിവസം പ്രപഞ്ചദാതാവായ ചക്രവർത്തിയെ കാണാൻ പോകാം. അങ്ങിനെ എല്ലാവരും അദൃശ്യരൂപംപൂണ്ട് ഭൂമിയ്ക്കു പുറത്തുള്ള ആകാശത്തിലൂടെ സഞ്ചരിച്ചു, ദേവലോകത്തേയ്ക്ക് യാത്രയായി. അവിടെയെത്തുംമുൻപ് ദൂരെനിന്ന് മാനത്തു ചക്രവാളത്തിൽ സാക്ഷാൽ ദൈവം ഭൂമിയിലെ വിശേഷങ്ങളറിയാൻ മേഘച്ചുരുളിൽ ഭൂമിചുറ്റുന്നതിനിടയിൽ ഇവരെ കണ്ടുമുട്ടി. ഇവരെ കണ്ടമാത്രയിൽ അദ്ദേഹം ചോദിച്ചു
എന്താ എല്ലാവരും കൂടി എവിടേയ്ക്കാണാവോ?
അവർ ഞെട്ടിതിരിഞ്ഞു നോക്കി, ഭഗവാനെ കണ്ടമാത്രയിൽ സ്രാഷ്ടാംഗം പ്രണമിച്ചു പാദത്തിൽ വീണു.
പ്രഭോ ! ഞങ്ങൾ അങ്ങയെക്കണ്ട് സങ്കടങ്ങൾ പറയാൻ ഭൂമിയിൽനിന്ന് യാത്രതിരിച്ചതാ.
എനിക്കറിയാമായിരുന്നു നിങ്ങൾ വരുമെന്ന്. കാരണം നിങ്ങളിൽ എൻ്റെ ആത്മാവ് തന്നെയല്ലേ? നിങ്ങൾ ഞാൻ തന്നെയല്ലേ? അത് ഭൂമി .നിവാസികൾക്കറിയില്ലപോലും, ആട്ടെ! എന്താ നിങ്ങളുടെ സങ്കടങ്ങൾ?
ആദ്യമായി രാമദേവൻ മൊഴിഞ്ഞു,
അങ്ങ് എൻ്റെ തോൾസഞ്ചിയിൽ തന്നുവിട്ട ധർമ്മമില്ലേ? അത് ചെലവാക്കാൻ എൻ്റെ ജീവിതത്തിലൂടെ രാജ്യവും ജീവിതവും ത്യജിച്ചു നഗ്നപാദനായി ഭൂമിമുഴുവൻ നടന്നു, അവരെ ധർമ്മം പഠിപ്പിച്ചു എന്നാൽ അതെല്ലാം കൂടിക്കൂട്ടി ഒരു കാവ്യമെഴുതി അതിനെ ആസ്പദമാക്കി അവർ എന്റെ പേരിൽ ഗോപുരങ്ങൾ പണിത് അവർതന്നെ അവ സ്വന്തമാക്കി, അതിലിരുന്നു ഒന്നും ത്യജിക്കാതെ അധികാരവും ധനവും I വാരിക്കൂട്ടി പാവങ്ങളെ പീഡിപ്പിച്ചു. പ്രഭോ അവരെ പഠിപ്പിക്കൽ ഞാൻ മതിയാക്കി .
അടുത്തതായി നബിയായിരുന്നു
പ്രഭോ …എൻ്റെ ഭാണ്ഡത്തിലും തന്നുവിട്ട ദയ കാരുണ്യം സഹായം അവശരെ രക്ഷിക്കാൻ വാളിനുപകരം ഇതെല്ലാം ആയിരുന്നില്ലേ? ഞാൻ ഭൂമിൽ ഇതെല്ലാം ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടും എന്നെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അവർ പലായനം ചെയ്യിപ്പിച്ചു. എന്നിട്ടു ഞാൻ നടന്നവഴികളിൽ അവർ മണിമന്ദിരങ്ങൾ പണിതു. അതിലിരുന്നവർ സുൽത്താന്മാരായി ഭരണം നടത്തി. എന്നെ വെറും ഒരു പ്രവാചകനാക്കി മാറ്റി. അവർ പഴയ രീതികളിൽനിന്നും പിന്മാറിയില്ല. വയ്യപ്രഭോ അവരെ പറഞ്ഞു മനസ്സിലാക്കാൻ.
പിന്നീട് ജൈനനും ബുദ്ധനും ഭാണ്ഡങ്ങൾ അഴിച്ചു കാണിച്ചു പറഞ്ഞു
അങ്ങു തന്ന തപസ്സും ചെയ്ത്, ആഗ്രഹങ്ങളും , സുഖങ്ങളും എല്ലാം ത്യജിച്ചുള്ള ജീവിതമാണ് ദൈവത്തിലേയ്ക്ക് എത്താനും ശാന്തിയും സമാധാനവും കൈവരിക്കാനുമെന്ന് അവരെ പഠിപ്പിച്ചു. എന്നാൽ അവർ ഞങ്ങളെ മലമുകളിലെ ഘോരവനങ്ങളിലും ഗുഹകളിലും കൊണ്ടിരുത്തി. ഞങ്ങളുടെ അറിവ് വിറ്റു കാശുവാങ്ങാൻ അവർ പട്ടണങ്ങളിൽ സർവകലാശാലകൾ തീർത്തു. ഞങ്ങൾക്കും വയ്യ പ്രഭോ, അറിവ് സ്വീകരിക്കാതെ അതുവിറ്റു കാശാക്കുന്ന കശാപ്പുകാരെ നന്നാക്കാൻ . അങ്ങുതന്നെ പറഞ്ഞുവിട്ട ജഡിക പോഷകരായ മാക്സും ഗാന്ധിയും പോലെയുള്ള വർത്തമാനകാല മഹാന്മാരും തോൽവി സമ്മതിച്ചു. പ്രാണൻ പ്രഭുവിന് തിരിച്ചുനൽകി ജഡം ഭൂമിയിൽ അന്ത്യവിശ്രമം ചെയ്യുന്നകാഴ്ച …. അവർക്കുവേണ്ടിയും ഞങ്ങൾ പറയുന്നു.
എന്നാൽ അവസാനമായി യേശുവിന്റെ ഭാണ്ഡത്തിലെ ചെറിയപൊതിയിലെ സ്നേഹം
ഒരുമനുഷ്യൻ ആത്മാവിൽ സ്നേഹം കുടിയിരുത്തി മനുഷ്യൻ്റെ ജനനവും , ജീവിതവും മരണവും എങ്ങനെയെന്ന് ജീവിച്ച് പഠിപ്പിച്ചു. സ്നേഹമെന്ന ഒറ്റ ഭക്ഷണം അത് ഭക്ഷിക്കുന്തോറും പെരുകി എല്ലായിടത്തും ജയിച്ചു. ഭൂമി മുഴുവനും വ്യാപിച്ചു . അങ്ങ് എല്ലായിടത്തും എല്ലായിപ്പോഴും ഉണ്ടെന്ന സത്യം പഠിപ്പിക്കാൻ ഞാൻ ഒരുപാട് സഹിച്ചു.സ്നേഹത്താൽ എല്ലാം ത്യജിച്ചുള്ള ജീവിതമാണ് ദൈവത്തിൽ എത്താനുള്ള മാർഗ്ഗമെന്നും പഠിപ്പിച്ചു. എന്നാൽ അവർ അതിനെ മതമെന്നു വിളിച്ചു. ആ പേരിൽ ഒരായുധം പണിതു. സ്നേഹത്തെ വാക്കത്തിയാക്കിമാറ്റി. ആ (കൊടുവാൾ) വാക്കത്തികൊണ്ടു ജനങ്ങളെ വകഞ്ഞുമാറ്റി ഗണങ്ങളാക്കി ഭരിക്കാൻ ആയുധത്തിൽ ജഡികപോഷകരുടെ കൊടിനിറങ്ങളും തോരണങ്ങളും കെട്ടി, സ്നേഹം പറഞ്ഞു സാധുക്കളെ എന്നും ചൂഷണത്തിന് ഇരകളാക്കി.
അവർ ഭൂമിയെ വെട്ടിപങ്കിടുവാൻ മുതിരുന്നു.
പ്രഭോ …അവസാനമായി ജീവനില്ലെങ്കിൽ ഒന്നുമില്ലെന്ന സത്യം മനസ്സിലാവാൻ മനുഷ്യരുടെ നീച പ്രവർത്തികൾ മൂലം മനുഷ്യകുലത്തിൻ്റെ നാശം വിതക്കാൻ ശേഷിയുള്ള അദൃശ്യമായ വൈറസിലൂടെ ജീവനാശം സംഭവിച്ചീട്ടും ജീവദാതാവായ അങ്ങയുടെ ശക്തിയും രഹസ്യവും മനസ്സിലാക്കാതെ അഹങ്കാരത്താൽ ജീവിതത്തിൽ ഒരുമാറ്റവും വരുത്താതെ വീണ്ടും തെറ്റുകൾ ചെയ്തുകൂട്ടുന്ന മാനവകുലത്തെ ഞങ്ങളു കണ്ടുമടുത്തു ജീവന്റെദാതാവായ അങ്ങയെപോലും പേടിക്കാത്തവരെ എല്ലാത്തിന്റെയും ആധാരം ജീവനാണെന്നും അതുമനസ്സിലാക്കാനാണ് ഈ വൈറസ് രുപമെടുത്തതെന്നും മനസ്സിലാവാത്ത ജനത്തെക്കുറിച്ചു ഞങ്ങൾ പറയുകയാണ് .
പ്രപഞ്ച ദാതാവായ അങ്ങയുടെ ചുറ്റിലും എത്രയോ ഗ്രഹങ്ങൾ വേറെയുണ്ട്?
പറ്റുമെങ്കിൽ ഭൂമി അവർ ചോദിക്കണമാതിരി അവർക്കു മുറിച്ചുനൽക്കുക
എന്നിട്ടു ജീവന്റെ ഉറവിടം മറ്റേതെങ്കിലും ഒരു ഗ്രഹത്തിലേയ്ക്ക് മാറ്റികൊടുത്തുകൂടെ ?വയ്യ പ്രഭോ ഞങ്ങൾക്കിനിയും വീണ്ടുമൊരു ജന്മമെടുക്കാൻ…. അങ്ങയുടെ പാദങ്ങളിൽ ഞങ്ങൾ സ്രാഷ്ടാംഗം പ്രണമിച്ചു അപേക്ഷിക്കുകയാണ്……
ഏത് ഭഗവാനു മുന്നിലാണ് അവർ ഒന്നിക്കുക ? എല്ലാവരും ഒന്നല്ലേ?












