ഞങ്ങൾ മുട്ടുചിറയിലെത്തുമ്പോൾ രണ്ടു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. വെയില്‍ മാഞ്ഞുതുടങ്ങിയിരുന്നു. മുഖം വീര്‍പ്പിച്ച് പെയ്യാനൊരുങ്ങി നില്‍ക്കുന്ന ആകാശത്തിനുതാഴെ ഇലകള്‍ ചേതനയറ്റുകിടന്നിരുന്നു.
മരണം കവര്‍ന്നെടുത്ത ആന്‍റണിസാറിനെ അവസാനമായി ഒന്നു കാണാനുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. സമയം വൈകിയതിന്‍റെ ടെൻഷനിലായിരുന്നു ഞങ്ങളുടെ സഹയാത്രികനായ ബെനഡിക്റ്റ്.
“ഇപ്പോൾ വീട്ടിൽ പ്രാർത്ഥന ആരംഭിച്ചു കാണും. പള്ളിയിലോട്ട് എടുക്കുന്നതിന് മുൻപ് ഒന്നവിടെ എത്തിയാൽ മതിയായിരുന്നു.”
“ഞാനപ്പോളേ തന്നോട് പറഞ്ഞതല്ലേ ബാറുള്ള ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തരുതെന്ന്. ഒരു
മരണവീട്ടിലേക്കാണ് പോകുന്നതെന്നൊരു ബോധമെങ്കിലും വേണ്ടേ.” ജയചന്ദ്രൻ നായർക്ക് കലി കയറുവാൻ തുടങ്ങി.
“അതുമിതും പറഞ്ഞോണ്ടിരിക്കാതെ വണ്ടിയോടിക്കാൻ നോക്ക്.”
രണ്ടെണ്ണം കൂടുതൽ അടിച്ചതിന്‍റെ ക്ഷീണമുണ്ടെങ്കിലും ജോസഫ് സാർ ആ മയക്കത്തിനിടയിലും കണ്ണുതുറക്കാതെ പറഞ്ഞു.
‘’ആദ്യം നിങ്ങളീ ചൊറിയുന്ന വര്‍ത്താനമൊന്നു നിര്‍ത്താമോ?’’
ഗൂഗിൾമാപ്പിടുന്നതിനിടയില്‍ മുഖമുയര്‍ത്താതെ ഹാരിസ് ജയചന്ദ്രന്‍ നായരോടായി പറഞ്ഞു.
കോട്ടയം റോഡ്സ് ഡിവിഷനിൽ ആന്‍റണി സാർ
എക്സിക്യൂട്ടീവ് എഞ്ചിനീയറായിരിക്കുമ്പോൾ
സഹപ്രവർകരായിരുന്നു ഈ നാലു പേരും.
അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ജോസഫിനെയും,അസിസ്റ്റന്‍റ് എഞ്ചിനീയർമാരായ
ജയചന്ദ്രൻ നായരെയും ,ഹാരിസിനെയും ,ഓവർസീയർ ബെനഡിക്ടിനെയുമെല്ലാം ഒരേ കുടക്കീഴിൽ
ചേർത്തു നിർത്തി വളരെ ഭംഗിയായി ആന്‍റണി സാർ ഓഫീസ് കാര്യങ്ങൾ നടത്തിയിരുന്നു.
തൃശൂർ ചെമ്പുകാവിൽ നിന്നും കോട്ടയത്തെ ഓഫീസിലേക്ക് മാറ്റം കിട്ടി വന്ന സമയത്ത് ബെനഡിക്ടിന് കോട്ടയംകാരെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലായിരുന്നു.
‘’ഈ കോട്ടയംകാരെ നമ്പാന്‍ കൊള്ളില്ലാന്നേ’’
ബെനടിക്ട് പരസ്യമായും രഹസ്യമായും പറയുന്ന സ്ഥിരം പല്ലവിയായിരുന്നു.
ആന്‍റണിസാറിനൊപ്പം കൂടിക്കഴിഞ്ഞപ്പോള്‍ ബെനഡിക്ടിന്
ഈ അഭിപ്രായം മാറ്റേണ്ടി വന്നു.
തന്‍റെ കീഴിലുള്ളവരുടെ സര്‍വ്വകാര്യങ്ങളും സ്നേഹത്തോടെ അന്വേഷിച്ച് എല്ലാവർക്കും
നന്നായി ജോലി ചെയ്യുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലെന്നും ആന്‍റണി സാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു,
ആന്‍റണിസാര്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പുള്ള കുറച്ചുദിവസങ്ങള്‍ ഓഫീസ് മൂകമായിരുന്നുവെന്ന് ബെനടിക്ട് ഓര്‍ത്തു. നല്ലൊരു യാത്രയയപ്പ് നൽകിയാണ് സഹപ്രവർത്തകർ അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.
“വഴി തെറ്റിയെന്ന് തോന്നുന്നു”.
ജയചന്ദ്രൻ നായരുടെ ശബ്ദമാണ് ബെനടിക്ടിനെ ഉണര്‍ത്തിയത്.
പാതയുടെ ഓരം ചേർത്ത് ഡ്രൈവര്‍ സൈമണ്‍ കാര്‍ നിർത്തി. ചാറ്റല്‍മഴയുണ്ടായിരുന്നു. കാറിന്‍റെ സൈഡിലെ മെറ്റല്‍ക്കൂനയില്‍ ഒരു തെരുവു പട്ടി ഒരെല്ലിന്‍കഷണവുമായി മല്ലിടുന്നുണ്ടായിരുന്നു.
“നെറ്റും കിട്ടുന്നില്ല. നല്ല മഴയും വരുന്നുണ്ട്.
വഴി ചോദിക്കാമെന്ന് വച്ചാൽ ഇവിടെങ്ങും ആരേയും കാണാനുമില്ല”.
ഹാരിസിന്‍റെ ആശങ്ക അല്‍പ്പം ഉറക്കെയായിപ്പോയി. ജോസഫ്സാര്‍ കണ്ണുതുറന്നു.
“വഴീം ,പൊഴേം ഒന്നുംമനസ്സിലാക്കാതെ വണ്ടിയുമെടുത്തോണ്ട് പോന്നോളും ..നീയൊക്കെ എന്തുവിചാരിച്ചാടാ വണ്ടി ഓടിക്കുന്നത്. കഴുതകള്‍. കുറച്ചു കൂടി പോകുമ്പോൾ ഒരു കുരിശിൻ തൊട്ടി കാണും. അവിടുന്ന് താഴോട്ടുള്ള വഴിയിലാണ് സാറിന്‍റെ വീട്.വലത് ഭാഗത്തായി ഒരുട്രാൻസ്ഫോമറുമുണ്ട്.”മദ്യത് തിന്റെ നല്ല കെട്ടുണ്ടെങ്കിലും ജോസഫ് സാർ ഇടക്കുണർന്ന് വഴി ഓർത്തെടുത്ത് പറഞ്ഞത് എല്ലാവർക്കും ഒരാശ്വാസമായി.
ജോസഫ്സാര്‍ വീണ്ടും കണ്ണടച്ചുമയങ്ങാന്‍തുടങ്ങി.
“ഭാര്യയുടെ മരണശേഷം കുറെ വർഷങ്ങളായി സാർ
ഒറ്റക്കായിരുന്നു താമസം. സഹായത്തിന് കൂടെയുള്ളത് ഒരു ആസ്സാംകാരനാണ്. രാത്രിയില്‍ അറ്റാക്ക് വന്നപ്പോൾ ഹോസ്പിറ്റലിൽ എത്തിക്കുവാൻ വൈകിപ്പോയി. .മക്കളാരെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ സാറ് കുറച്ച്കാലം കൂടി ജീവിച്ചിരുന്നേനെ.’’
ഹാരീസിന് സങ്കടം അടക്കാനായില്ല.
“എന്തുട്ടാ ന്റെ ഗഡീ. പിള്ളാരുടെ കൂടെപ്പോയി താമസിക്കുവാൻ സാറിന് തീരെ ഇഷ്so ഇല്ലായിരുന്നു.വല്യപ്പന്മാര് തലമുറയായിട്ട് ഉറങ്ങണ മണ്ണാണ്.കാർന്നോമ്മാര് മുണ്ടു മുറുക്കിയുടുത്ത് സമ്പാദിച്ചത് കാത്ത് സൂക്ഷിക്കണം എന്ന് പണ്ട്സാറ് പറയാറുള്ളത് മറന്നു പോയോ”.
ആന്‍റണിസാറിന്‍റെ മനസ്സ് നന്നായി അറിയാവുന്ന ബോനടിക്ടിന് നിയന്ത്രണം വിട്ടുപോയി.
“അതൊക്കെ ശരിതന്നെ.ലണ്ടനിലും ,അമേരിക്കയിലുമുള്ള
മക്കളാരെങ്കിലും ഇനി നാട്ടിലേക്ക് തിരിച്ച് വന്ന്
ഇവിടൊക്കെ താമസിക്കുമോ. അവിടെ ലഭിക്കുന്ന
ഉയർന്ന വേതനവും.ആർഭാടമായ
ജീവിത സാഹചര്യങ്ങളും നമ്മുടെ നാട്ടിലില്ലല്ലോ.കുറച്ച്കാലം കഴിയുമ്പോൾ എല്ലാം വിറ്റുപോകുകയേ ഉള്ളു”.
ഇത്തവണ കണ്‍ട്രോള്‍ പോയത് ഹാരീസിനാണ്.
“ഒന്ന് പോടാ ഹാരീസേ ,കണ്ണു തുറന്ന് വെളിയിലേക്ക് നോക്ക്. ഏക്കർ കണക്കിന് കിടക്കുന്ന റബ്ബർ തോട്ടങ്ങളുടെ ഇടക്കെല്ലാം ആളൊഴിഞ്ഞ വീടുകൾ പൂട്ടിക്കിടക്കുന്നത് കണ്ടില്ലേ.
എല്ലാം വിൽക്കുവാൻ ഇട്ടിരിക്കുകയാണ്. പക്ഷേ വാങ്ങാൻ ആളില്ല. പുതിയ പിള്ളാരെല്ലാം ജർമ്മനി ,അമേരിക്ക, ആസ്ത്രേലിയ ,ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെയാണ്.
ജോസഫ് സാര്‍ കണ്ണുതുറക്കാതെ പറഞ്ഞു.
“ഇതിവുടുത്തെ മാത്രം പ്രശ്നമല്ല.ഞങ്ങളുടെ പാമ്പാടി
ഭാഗത്തും കൈപ്പുഴയിലും വാങ്ങാനാളില്ലാതെ വീടുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. ചിലയിടത്തൊക്കെ ബംഗാളികളെ താമസിപ്പിച്ചിട്ടുണ്ട്.” ജയചന്ദ്രന്‍നായരാണ്.
“എടാ ജയചന്ദ്രാ , ഇനിയുള്ള കാലംഇവിടുത്തെ പെമ്പിള്ളേരേം കെട്ടി അവന്മാർ സുഖമായി പൊറുത്തോളും. നേരാംവണ്ണം ഉണ്ണാതേം ,ഉടുക്കാതെയും അരിച്ച് പെറുക്കി പണ്ടുള്ളവർ സമ്പാദിച്ചിട്ടതാണ്.യോഗമുള്ളവന് മാർ അനുഭവിക്കട്ടെ”
“അതായിരിക്കും കിട്ടുന്ന പെൻഷൻ മുഴുവനും
ഇങ്ങേര് വെള്ളമടിച്ച് തീർക്കുന്നത്”ജയചന്ദ്രൻനായരുടെ പിറുപിറുക്കൽ ജോസഫ് സാർ കേട്ടില്ല.
ബെനഡിക്ട് ഇടക്ക് കയറി ഇടപെട്ടു. “കപ്പേള കാണുന്നില്ലല്ലോ സാറേ”
“കുറച്ചൂടെയങ്ങ് പോട്ടെടാ ,പെടക്കാതിരിക്ക്”. ജോസഫ്സാറിന് ദേഷ്യം വന്നു.
ടാറിട്ട വഴിയങ്ങനെ നീണ്ടു കിടക്കുകയാണ്. വില്‍ക്കാനിട്ടിരിക്കുന്ന പ്രതീക്ഷയുടെ നിറം മങ്ങിയ വലിയ മാളികകൾ ഇടക്ക് കാണാമായിരുന്നു.
“ദാണ്ടെടാ പിള്ളാരെ കുരിശുംതൊട്ടി. അവിടുന്ന്
താഴോട്ടുള്ള വഴിയിൽ എവിടേലും വണ്ടി ഒതുക്കി നിർത്തിയേക്ക്.”
ജോസഫ് സാർ കാറിൽ നിന്നും ഇറങ്ങുവാനുള്ള തിടുക്കത്തിലാണ്.
“അയ്യോടാ കൂവ്വേ,ആളും ,ബഹളവുമൊന്നും കാണുന്നില്ലല്ലോ. അസോസിയേഷൻ ഗ്രൂപ്പിലെല്ലാം മരണവാർത്ത വന്നതുമാണ്.ആന്‍റണിസാറിന്‍റെ പദവിയും പിടിപാടും വച്ച് നോക്കിയാൽ നമുക്ക് കാർ പാർക്ക് ചെയ്യുവാൻ പോലും സ്ഥലം ലഭിക്കുകയില്ലെന്നാണ് ഞാൻ കരുതിയത്.”
ജോസഫ് സാര്‍ തന്‍റെ പന്തികേട് പങ്കുവെച്ചു.
ട്രാൻസ്‌ഫോമറിന് കുറച്ചിപ്പുറത്തായി വണ്ടി ഒതുക്കിയിട്ടിട്ട് അവർ നടന്നു.
“പ്രാർത്ഥനക്കുള്ള ഒരുക്കങ്ങളും ഒന്നുമായിട്ടില്ലല്ലോ .”
അന്ത്യ യാത്രക്കുള്ള തയ്യാറെടുപ്പിൽ മൊബൈൽ മോർച്ചറിക്കുള്ളിൽ ആന്‍റണി സാർ ശാന്തമായുറങ്ങുന്നുണ്ട്.
തല നരച്ച രണ്ടു മൂന്ന് സ്ത്രീകൾ അടുത്തിരിപ്പുണ്ട്.കുറച്ച് അപ്പുറത്ത് മാറി കസേരയിൽപ്രായം ചെന്ന ഏതാനും
പുരുഷന്മാരും സംസാരിച്ചിരിപ്പുണ്ട്.
“സാറിന്‍റെ മക്കളെ ആരെയും കാണുന്നില്ലല്ലോ.ചെറുപ്പക്കാരായ ബന്ധുക്കളും ഇല്ല.”
ജോസഫ് സാർ സംശയം പ്രകടിപ്പിച്ചു.
“ഒന്നു മിണ്ടാതിരിക്കെന്‍റെ സാറേ.അല്ലെങ്കിൽത്തന്നെ
ഇവിടെയാരാചെറുപ്പക്കാരായിട്ടുള് ളത്.എല്ലാവരുടെയും മക്കളെല്ലാം വിദേശത്തായിരിക്കും.അവിടുന്ന് പെട്ടെന്ന്
വരുന്നതൊക്കെ എളുപ്പമാണോ “
യാത്രക്കിടയില്‍ വാങ്ങിയ റീത്ത് ജോസഫ് സാറിന്‍റെ
നേർക്ക് ഹാരീസ് നീട്ടി.
ആന്‍റണി സാറിന്‍റെ ഇളയ സഹോദരൻ ജോസഫ്സാറിന്‍റെ കൂടെ കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചതാണ്.അവരെ കണ്ട് അദ്ദേഹം അടുത്തു വന്നു.
“പള്ളിയിലെ ചടങ്ങുകൾ നാളെ രാവിലെ പത്തു മണിക്കാക്കി.ഇച്ചായന്‍റെ മൂത്ത മകൻ ഏബലിന്‍റെ
ഫ്ലൈറ്റ് ഡിലേ ആയി.മറ്റു മക്കൾക്കൊന്നും ലീവ്
കിട്ടിയിട്ടുമില്ല.വരുവാൻ ശ്രമിക്കുന്നുണ്ട് എന്നൊക്കെ
ഇളയവൻ പറഞ്ഞതു കൊണ്ടാണ് ഒരാഴ്ച മോർച്ചറിയിൽ വച്ച് കാത്തിരുന്നത്”.അദ്ദേഹത്തിന്‍റെ
വാക്കുകളിൽ സങ്കടവും ,അമർഷവും തിങ്ങി നിൽപ്പുണ്ട്.
“ചങ്ങാതിമാർ പരസ്പരം കൈപിടിച്ച് ദുഃഖം പങ്കു വച്ചു.
വിദേശത്തുളള മക്കൾക്കും ,ബന്ധുക്കൾക്കും യാത്രയയപ്പ്
കാണുവാനുള്ള വീഡിയോ ഷൂട്ട് തകൃതിയായി
നടക്കുന്നുണ്ട്.
പൂക്കൾ അർപ്പിക്കുമ്പോൾ ജോസഫ് സാർ വിതുമ്പിപ്പോയി. മോർച്ചറിയിൽ ഒരാഴ്ചയായി കാത്തിരിക്കുന്നത് കൊണ്ടാകാം ഒരു കാളിമ ആന്റണി സാറിന്‍റെ മുഖത്ത് നിഴലിച്ച്
കിടന്നിരുന്നു.
‘വരുവാൻ വൈകിപ്പോയതെന്താടോ എന്നൊരു
പരിഭവം സാറിന്‍റെ അടഞ്ഞകണ്ണുകൾക്കുള്ളിൽ
നിശ്ശബ്ദമായുറങ്ങുന്നുണ്ടെന്ന് അവർക്ക്
തോന്നി.
“അടക്കം മാറ്റിയത് അറിഞ്ഞിരുന്നെങ്കിൽ നാളെ
രാവിലെ എത്തിയാൽ മതിയായിരുന്നു.ഹാരിസ്
കുണ്ഠിതപ്പെട്ടു.
“മാറ്റി വച്ചത് നമ്മളറിഞ്ഞില്ലല്ലോ.അസോസിയേഷന് റെ വാട്ട്സ്ആപ്പിലും കണ്ടില്ല.ഏതായാലും
കുറച്ച് സമയം സാറിന്‍റെ യടുത്തിരുന്നിട്ട് പോകാം.”
ഓഫീസിലെ പഴയ വിശേഷങ്ങളൊക്കെ പങ്കിട്ട് അവർ ഇരുന്നു.ഇടക്ക് അവരുടെ മിഴികൾ മൊബൈൽ
മോർച്ചറിക്കുള്ളിലേക്ക് നീളും. നിശ്ശബ്ദനായി എല്ലാം കേട്ടു കിടക്കുകയാണ് സാർ. അല്ലെങ്കിലും ഒരിക്കലും ഒരു മേലുദ്യോഗസ്ഥന്റെ ധാർഷ്ഠ്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലല്ലോ.
“പോകാമെടാ ജയാ ,നെഞ്ചിലൊരു വിങ്ങൽ.വല്ലാത്തൊരു
ക്ഷീണവും തോന്നുന്നു. “ജോസഫ് സാർ തളർന്ന്
വീഴുമെന്ന് തോന്നി.ജയചന്ദ്രൻ നായർ അയാളെ
താങ്ങിപ്പിടിച്ചു.
മാനം മഴക്കൊരുക്കം കൂട്ടുന്നുണ്ടായിരുന്നു.മടക്കയാ ത്രയിൽ വല്ലാത്തൊരു മൂകത കാറിനുള്ളിൽ തളം കെട്ടി നിന്നു.കൂട്ടത്തിൽ നിന്നൊരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ നിറയുന്ന ശൂന്യത അവരുടെ മനസ്സുകളിലെല്ലാം വ്യാപിച്ചിരുന്നു.
“ഒൻപതാം ദിവസം കൊണ്ട് ചടങ്ങുകളൊക്കെത്തീർത്ത് മടങ്ങിപ്പോകുവാനാണ് മകന്‍റെ പ്ലാൻ “
ബന്ധുക്കളോടൊക്കെ സംസാരിച്ചതിന്റെ അറിവിൽ
ബെനഡിക്ട് പറഞ്ഞു.
*അതു കഴിഞ്ഞാൽ പക്ഷികൾ
പറന്നു പോയ കൂടു പോലെയാകും ആന്റണി സാറിന്‍റെ വീടും അല്ലേ”
“അതെ നമ്മൾ എല്ലാവരും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും വെറും കയ്യോടെ യാത്രയാകേണ്ടവരാണ്. ഈ ചെറിയ ജീവിതത്തിൽ സ്വത്ത് വെട്ടിപ്പിടിക്കുവാനും,സമ്പാദി ച്ചിടുവാനും എന്തൊക്കെ പരക്കംപാച്ചിലുകളാണ് മനുഷ്യർ
കാണിക്കുന്നത്.
എന്നിട്ടൊടുവിൽ നൂറു രോഗങ്ങളോട് മല്ലിട്ട് വേണ്ടപ്പെട്ടവരൊന്നും അരികിലില്ലാതെ തിരിച്ചു പോകുന്നു.
ദാ ..കണ്ടില്ലേ.’’
റബ്ബര്‍മരങ്ങള്‍ക്കിടയില്‍ ആർക്കും വേണ്ടാതെപ്രേതഭവനങ്ങള്‍ പോലെ പൂട്ടിക്കിടക്കുന്ന കൂറ്റന്‍ വീടുകളിലേക്ക് നോക്കി ജോസഫ്സാര്‍ നെടുവീര്‍പ്പിട്ടു.
മഴയ്ക്കായി വിതുമ്പുന്ന മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടുപോയ പക്ഷികളെ നോക്കിപ്പോള്‍ തന്‍റെയുള്ളില്‍ എന്തോ തകരുന്നതുപോലെ ഹാരിസിനുതോന്നി.
മരിക്കുകയാണ്…എന്‍റെയുള്ളില്‍ എന്തോ മരിക്കുകയാണ്. അയാള്‍ സീറ്റിലേക്കു ചാരി കണ്ണുകളടച്ചു.













