വെളിയിലയിലെ
ഒരു തുള്ളി ,
മഴയെഴുതിയ
ഒരു വാക്ക്.
പുലരിയിലെ
മഞ്ഞുതുള്ളിയിൽ
സൂര്യനെഴുതിയ
ഒറ്റവരിക്കവിത.
പൂക്കൾ,
മണ്ണിൻ്റെ
പ്രണയം
ചിതറിയ
വാക്കുകൾ.
വെള്ളിമേഘങ്ങൾ,
സ്വർഗ്ഗം ഭൂമിയെ
നോക്കിവരക്കുന്ന
ചെമ്മരയാട്ടിൻ
പറ്റങ്ങളുടെ ചിത്രം.
മഞ്ഞക്കിളിയുടെ
തൂവൽച്ചായം,
ശലഭച്ചിറകിലെ
യിന്ദ്രനീലം,
ഇന്ദ്രധനുസ്സിൻ്റെ
മഷിപ്പാത്രം.
നിത്യപ്പച്ചമരച്ചില്ലകൾ.
വായുവിലെഴുതുന്ന
വരവർണ്ണലിപികൾ
വായിക്കുന്ന പക്ഷികൾ.
പകലരയാലിലകളിൽ
വെയിലിൻ്റെ
ചില്ലക്ഷരങ്ങൾ.
വയലിലെ
നെൽക്കതിരുകൾ
മനുഷ്യൻ്റെ വിശപ്പ്
ദൈവത്തിനയച്ച
കത്തിൻ്റെ മറുപടി.
പൊന്മയുടെ
കൊക്കിൽ
പിടയുന്ന
മീൻജന്മം,
ജീവിതദർശനപാഠം
പച്ചമഷിയിൽ
അച്ചടിച്ച
പ്രകൃതിയുടെ
പുസ്തകം.
മനസ്സ് ,
മറ്റാരും
എഴുതി
വെക്കാത്ത
ഒരക്ഷരം.
About The Author
No related posts.