വാഗർത്ഥം – (ജയകുമാർ കോന്നി)

Facebook
Twitter
WhatsApp
Email
വാക്കുകൾ ചന്ദനംപോലെ മണക്കട്ടെ
വാസിതമാം വാക്കുകൾ നിത്യം നിങ്ങൾതൻ ,
വാസഗൃഹങ്ങളെ ധന്യമാക്കീടട്ടെ .
വദനത്തിലെപ്പോഴും വിടർന്നീടട്ടെ
വിമലമാം സ്മേരസൂനങ്ങളായിരം .
വിഷമജാലങ്ങളെത്രെയെത്തീടിലും
വിഷയമാക്കാതെ മരുവീടുകനീ.
വിജയത്തിൻ നാളുകളെത്തീടുമെന്ന ,
വിശ്വാസപാതയിൽ സഞ്ചരിച്ചീടു നീ,
വിശ്വം നിനക്കായി കാഴ്ചവെച്ചതാമീ,
വിസ്മയത്തിൻ സൗന്ദര്യം നുകർന്നീടുക .
വിഹായസിൽ നീളെ പാറിക്കളിക്കുമീ
വിഹംഗമജാലങ്ങളെ കണ്ടീലയോ ,
വിഷാദങ്ങളേതുമില്ലാതെ സ്വച്ഛന്ദം,
വിണ്ണതിലായ്പ്പാറിപ്പറക്കുന്നുവല്ലോ.
വരിനെല്ലെത്ര കൊത്തിപ്പറന്നീടിലും
വാരിളം ചുണ്ടിലായുണ്ടെപ്പോഴും പൂക്കും
വീടാം കൂട്ടിലെക്കുഞ്ഞിൻ കാരുണ്യക്കനി.
വിനയകാരുണ്യകടാക്ഷങ്ങളാൽ നിൻ,
വാരിജലോചനങ്ങളെന്നുമെന്നുമേ
വികസിതവാതായനങ്ങളാകട്ടെ .
വീണീടും മർത്ത്യനെത്താങ്ങുവാനാകട്ടെ
വലംകയ്യിലായി നേടിയതാം ശക്തി .
വാക്കും നോട്ടവും കർമ്മവുമൊന്നായിച്ചേർന്ന്,
വാഗർത്ഥങ്ങളായിവിരാജിച്ചീടട്ടെ .

About The Author

Leave a Reply

Your email address will not be published. Required fields are marked *