വണ്ടന്മേട് ജംഗ്ഷൻ – (ജോൺ വറുഗീസ്)

Facebook
Twitter
WhatsApp
Email
നാലും കൂടിയ കവല
ഹോട്ടലിന്റെ
മൂന്നാം നിലയിലെ
മുന്നൂറ്റഞ്ചാം മുറിയിൽ
തേക്കടിയിലേക്ക്
ജനാലകൾ തുറന്നിട്ടിരിക്കുന്നു ഞാൻ.
നേരം വെളുക്കാതിരിക്കാൻ
അതിർത്തി പങ്കിടുന്ന
ചെക്ക് പോസ്റ്റുകളിൽ
സൂര്യ നിരോധനത്തിന്റെ
ചുവന്ന ബോർഡുകൾ.
ഭാഷയില്ലാത്ത
കൊടുക്കൽ വാങ്ങലുകളുടെ
വ്യഭിചാര മർമ്മരങ്ങൾ
“റാണി മങ്കമ്മാൾ”ബസിൽ
വന്നിറങ്ങുന്ന ഉറക്കമിളച്ച മുല്ലപ്പൂ ചിരികൾ
മധുരയിൽ നിന്നെത്തിയ
കേരളത്തിന്റെ
പച്ച എക്സ്പ്രസ്സിനു
കളഭം ചാർത്തുന്ന
തിരനോട്ടങ്ങൾ
നേരം വെളുപ്പിന് മൂന്നു മണി.
വേളാങ്കണ്ണി കണ്ടു മടങ്ങുന്ന കുടുംബങ്ങൾ
കട്ടൻ ചായയും
ഉണ്ടൻപൂരിയും തിന്നു
രസിക്കുന്നു
തട്ടുകടയിൽ നിന്നും
തുളയടഞ്ഞ
വമ്പൻ ഉള്ളിവട
വാങ്ങിക്കൊടുത്ത
കാമുകനെ
അത് പാതി തിന്ന ശേഷം
കുത്തിക്കൊല്ലുന്ന
പാവാടയും ഷർട്ടും ധരിച്ച
തടിച്ച സ്ത്രീ.
അവരുടെ പുലഭ്യം
തമിഴാണ്.
പെട്ടെന്ന്
പോലിസ് സ്റ്റേഷന്റെ
ഒന്നാം നിലയിലെ
നീല കർട്ടനുകളുടെ
അരക്കെട്ടഴിഞ്ഞു വീഴുന്നു
വിഷം കുത്തിനിറച്ച
എ. പി. ജെ എന്ന
പച്ചക്കറി വാൻ
തടസ്സത്തടി കടന്ന്
കുട്ടിക്കാനത്തേക്ക് പായുന്നു
പിന്നാലെ
സൈറൺ മുഴക്കിക്കൊണ്ട്
ഫോറസ്ററ് ഡിപ്പാർട്ട്മെന്റിന്റെ
ആംബുലൻസ്
ഇപ്പോൾ
കൊമ്പിനും കുഴലിനും
വിളിയൊന്ന്
കാറ്റിനും കടലിനും
ആരവമൊന്ന്
ശംഖ്‌ വിളിച്ചാലും
ബാങ്കു വിളിച്ചാലും
ബാന്റു വിളിച്ചാലും
സൈറൺ വിളിയുടെ
ഒരാപൽ സൂചന..
ഇത്
വണ്ടന്മേട് ജംഗ്ഷൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *