ആറ്റുനോറ്റമ്മ വളർത്തിയൊരുണ്ണി
വള്ളുവക്കോനാതിരി
അറിയിട്ടു വാഴിച്ച
മാമാങ്ക വീരസ്മരണകളുണർത്തും
ചാവേർപ്പടയുടെ നായകനാകും
പുതുമനത്തറവാടുവാഴും
പണിക്കരച്ഛന്റ പ്രിയനുണ്ണീ…
തെയ്….തക …. തിത്തിമി ത്താരേ….
തിരുനാവാമണ്ണിൽ പോകാനൊരുങ്ങുന്നേയ്….(2)
ഉടലിന്റെ അണുതോറും എരിയുന്ന കനലുമായ്
പൊരിയുന്ന പകയോടെ
ഇടറാത്തയിടം നെഞ്ചിൻ തുടിപ്പുമായ്….
പടപ്പുറപ്പാടിൻ
ജ്വലിക്കുന്ന കാഹളവുമായ്….
വീരനാം
പൊന്നുണ്ണി കാവലായ്
ചാവേറായ് പോകാനൊരുങ്ങുന്നേ..
തക… തിത്തിമി… താരേ…. (2)
തിരുനെല്ലിയിൽ പോയി ഇരിക്കപിണ്ഡം വച്ച്,
തിരുമാന്ധാം കുന്നിലെ
ചാവേർത്തറയിൽ ഭജനമിരുന്ന്,
നാല്പത്തിയൊന്നു ദിനം ഭജനമിരുന്ന്…
ചെരക്കാപ്പറമ്പിൽ
തലമുണ്ഡനം ചെയ്ത്
മാലാപ്പറമ്പുകാവിൽ
മാലയിട്ടേ….
കാൽനടദൂരം താണ്ടി
നെച്ചിക്കാട്ടെക്കെത്തുന്നേ….
തക…തിത്തിമി….
താരേ..(2)
തെക്കിനിത്തറയിൽ വെളിച്ചെണ്ണയും
ഉപ്പും ചേർത്ത്
അവസാനയുരുള വായിൽ തരുമ്പോൾ
കണ്ണീർ പൊഴിക്കില്ല പുതുമനയമ്മ…
നെഞ്ചിലെ തേങ്ങലുകൾ,
മച്ചിലെ ഭഗവതിയ്ക്ക്
കണ്ണീർക്കാഴ്ചയാക്കും വലിയമ്മ…
സാമൂരിപ്പടയെ തടുത്തിടാൻ വള്ളുവനാടിൻ
അഭിമാനമായി
പോകു നീയുണ്ണീ..
ആറ്റുനോറ്റമ്മ
വളർത്തിയ പൊന്നുണ്ണീ….(2)
തക…. തിത്തിമി…താരേ….
About The Author
No related posts.