LIMA WORLD LIBRARY

ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് 78 വർഷം, ഇന്ന് ഹിരോഷിമ ദിനം

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം കൂടി എത്തുകയാണ്. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.

ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.

പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിൻ്റെ ആത്മഹത്യയോടെയും ജർമ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു.  ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയൻ്റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി.

1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിൻ്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.

മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

  • Comment (1)
  • ശ്രീനിവാസ് ആർ ചിറയത്ത്മഠം 🧡🌻🕉️ ആമേൻ Aumn says:

    അത്തരം സർവനാശത്തേപ്പോലും അതിജീവിച്ച് ഇന്നത്തെ സുവർണ രാഷ്ട്രം പടുത്തുയർത്തിയ ആ സ്വദേ ഭക്തരെ എത്രയും വാഴ്ത്തും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px