വലിയ തിരക്കുള്ള ആ മഹാ നഗരത്തിലെ തിരക്കുള്ള ഹോസ്പിറ്റൽ കാന്റീനുമുന്പിൽ വെച്ചാണ് ശാലിനിയെ ആദ്യമായി കാണുന്നത് .അവിടെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പലപ്പോഴായി കണ്ടതിനാലും പേര് പോലെ തന്നെ അവളുടെ മുഖത്തെ ശാലീന ഭാവത്താലും അവളെ വീണ്ടും വീണ്ടും കാണുവാൻ എന്നിൽ ജ്ഞിജ്ഞാസ വര്ധിക്കുകയായിരുന്നു.അതു കൊണ്ടുതന്നെ അവൾ ഭക്ഷണത്തിനായി വരുന്ന സമയത്തു തന്നെ ഞാനും കാത്തു നിൽക്കുക പതിവായി .ഒരിക്കൽ കാത്തു നിൽക്കുമ്പോൾ അപ്രതീഷമായി ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു അവളുടെ വരവ്.ഇളം റോസ് പിങ്ക് നിറത്തിലുള്ള ഒരു ചുരിദാർ…അതവളുടെ ശരീരത്തിന്റെ നിറവുമായി നന്നായി ഇഴുകി ചേർന്നിരുന്നു .അവളുടെ മുഖത്ത് ചെറുപുഞ്ചിരിയും കൂടി വിരിഞ്ഞപ്പോൾ കൂടുതൽ സുന്ദരി ആയിമാറിയിരുന്നു .എന്റെയുള്ളിൽ സന്തോഷം തിരതല്ലിയെങ്കിലും അതു പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു , ആരാണീ ഹോസ്പിറ്റലിൽ? ആ ചോദ്യം എന്നിൽ നിന്ന് പ്രതീക്ഷിച്ചതുപോലെ അവൾ പെട്ടന്നുനിന്നു …ഒരു വല്യമ്മിച്ചിയാണ്. അവൾ മുന്പോട്ടു പോകുവാൻഭാവിച്ചപ്പോൾ ഞാൻ വീണ്ടും ചോദിച്ചു ബന്ധത്തിലുള്ളതോ..ഒരുനിമിഷത്തേ മൗനത്തിനു ശേഷം അവൾ മറുപിടി പറഞ്ഞു.അല്ല , ഞാനൊരു ഹോം നഴ്‌സായി വന്നതാണ്. അവൾ തിടുക്കത്തിൽ നടന്നുനീങ്ങി.
ആ കണ്ടുമുട്ടലുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു.തമ്മിൽ തമ്മിൽ വിവരങ്ങൾ കയ്യ് മാറിയ കൂട്ടത്തിൽ അറിയാതെ ഹൃദയവും കൈ മാറി ആഴ്ചകൾ മാസങ്ങളായി മറിയപ്പോൾത്തന്നെ തമ്മിൽ ഒരു നിമിഷവും പിരിഞ്ഞിരിക്കാൻ വയ്യാത്ത പ്രണയമായി അത് മാറിയിരുന്നു.
ഒരിക്കൽ ആ,മെട്രോ നഗരത്തിലെ പാർക്കിൽ അവളുടെ മടിയിൽ തല ചായ്ച്ചു കിടക്കുമ്പോൾ പതിവില്ലാതെ അവളുടെ മുഖം വിവർണ്ണംമായിരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു, എന്ത് പറ്റി തനിക്കിന്ന്…..അൽപ സമയത്തെ മൗനത്തിനു ശേഷം ശാലിനി എന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ തഴുകി കൊണ്ട് പറഞ്ഞു”മമ്മിക്കു സുഖമില്ലാന്നു പറഞ്ഞു വിളിച്ചിരുന്നു ,വീട്ടിലേക്കു ചെല്ലണമെന്നു ..ഇടുക്കി മലനിരകളുടെ ഏതോ താഴ്വാരത്തുള്ള അവളുടെ ഞാൻ കണ്ടിട്ടില്ലാത്ത കൊച്ചു വീട്ടിലേക്ക് എന്റെ മനസ്സ് പാഞ്ഞു.അധികം ബന്ധുക്കളൊന്നുമില്ലാതിരുന്ന അവൾക്ക് ഒരു കുഞ്ഞനുജനും മമ്മിയും മാത്രമാണുണ്ടായിരുന്നത് മമ്മി ചെറുപ്പത്തിലേ നിത്യ രോഗിയായതും മിശ്ര വിവാഹത്തിലൂടെ മമ്മിയെ വിവാഹം കഴിച്ച അച്ഛൻ മരിച്ചതിനു ശേഷം വകയിലൊരമ്മാവൻ തങ്ങളോട് അധികാരം കാണിക്കുന്നതും അറപ്പുളവാക്കുംവിധം തന്നെ നോക്കുന്നതും ശാലിനി ഒരിക്കൽ തന്നോട് പറഞ്ഞിരുന്നത് താന്നപ്പോൾ ഓർത്തെടുത്തു.ഒപ്പം എൻറെയുള്ളിലും ഇരുള് പരക്കുന്നത് ഞാനറിഞ്ഞു.ഞാനാ കിടപ്പിൽ ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണുകൾ പായിച്ചു. തുടുത്തു ചുമന്ന മേഘങ്ങൾ ,ഒരു പകൽ മുഴുവനും വെളിച്ചമേകിയ പകലോനെ മറച്ചില്ലാതാക്കുവാൻ നോക്കുകയായിരുന്നു.
എന്റെ വിവഷ്‌ണമായ മുഖംകണ്ടതിനാലാകണം അവൾ പറഞ്ഞു .എന്റെ കുട്ടാ..എന്തിനാ ഇങ്ങിനെ ദുഃഖിക്കുന്നത് കൂടി വന്നാൽ ഓരഞ്ചു ദിവസം അതുകഴിയുമ്പോൾ ഞാനിങ് ഓടിയെത്തില്ലേ..എന്റെ ചെക്കന്റെയടുത്ത് .ഇത് പറയുമ്പോൾ അവളെന്റെ തുടയിൽ പതുക്കെയൊന്നു നുള്ളി.അവൾക്കു സ്നേഹം കൂടുമ്പോൾ ആ നുള്ളു പതി വായിരുന്നു. എന്നാണ് വീട്ടിൽ പോകുന്നത് ഞാൻ ആകാംഷയോടെ ചോദിച്ചു.അതൊക്കെ നാളെ വിശദമായി പറയാം.അവൾ പോകുവാൻ തിരക്ക് കൂട്ടി.പകലിനോട് വിടപറയാൻ വെമ്പുന്ന പകലോനെ സാക്ഷി യാക്കി ഞങ്ങളും ആ പാർക്കിനോട് വിടപറഞ്ഞു.
പിറ്റേ ദിവസത്തെ പകലിന് ദൈർഘൃം കൂടുതലായി എനിക്ക് തോന്നി.വൈകുന്നേരം മാത്രമാണ് എനിക്കവളെ കാണുവാൻ കഴിഞ്ഞത് ഒൻപതു മണിക്ക് റൂമിന്റെ മുൻപിലെ വരാന്തയിൽ കാണാമെന്നും എല്ലാം പറയാമെന്നും പറഞ്ഞവൾ നടന്നു മറഞ്ഞു .സമയം ഇഴഞ്ഞു നീങ്ങുന്നതായി എനിക്കു തോന്നി ഹോസ്പിറ്റൽ കാന്റീനിന്റെ മുൻപിൽ തങ്ങളുടെ രോഗികൾക്ക് ചായയും പലഹാരവും വാങ്ങിക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.ഞാനവിടെ യൊരു മൂലയിൽ ഒറ്റക്കിരുന്നു ഒരു ചായ മെല്ലെ മെല്ലെ മൊത്തികുടിച്ചു കൊണ്ടിരുന്നു.
ഇപ്പോഴാവല്യമ്മച്ചി ഉറങ്ങിയത് എന്തോ ആലോചനയിലായിരുന്ന ഞാൻ ശാലിനിയുടെ സ്വരംകേട്ട് തിരിഞ്ഞു നോക്കി. മൂകനായി നിന്ന എന്നോടവൾ വീണ്ടും ചോദിച്ചു. ഇവിടെ വന്നിട്ട് ഒത്തിരി നേരമായോ..അതു പറയുമ്പോൾ എന്നെ സ്വാന്തനപ്പെടുത്തും മട്ടിൽ അവൾ ഒരു പുഞ്ചിരി വിടർത്തുവാൻ ശ്രമിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.അവളുടെ ചോദ്യത്തിന് മറുപിടി പറയാതെ ഞാൻ തിരിച്ചു ചോദിച്ചു.എന്തായി..നാളെ ശാലിനി പോകുമോ……എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് അവളിൽ നിന്നും ഒരു മൂളൽ മാത്രംഉണ്ടായി..ഉം…..എത്ര ദിവസമാ ലീവ്.. ഞാൻ ആകാംഷ ഭരിതനായി .അഞ്ചു ദിവസം കഴിയുമ്പോൾ വരും മമ്മിക്കു തീരെ സുഖമില്ലാന്നാ പറഞ്ഞേ ,അഞ്ചു ദിവസത്തെ ലീവേ ഉള്ളൂ അതു കഴിയുമ്പോൾ ഓടി വരില്ലേ ന്റെ ചെക്കന്റെ അടുത്തേയ്ക്ക് ഈ മുഖം വാടുന്നതെന്തിനാ…അവൾ വീണ്ടും ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അരണ്ട വെളിച്ചമുള്ള ആ വരാന്തയിൽ നിശബ്ദ തളം കെട്ടി…………. ഞാൻ പൊയ്ക്കോട്ടെ..ഞാൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കി അത് ചുവന്നു തുടുത്തിരുന്നു..ആ കണ്ണുകൾക്ക് എന്തോ പറയാൻ വെമ്പുന്നത് പോലെ എനിക്ക് തോന്നി അതു ശരിയായിരുന്നു എന്താ….എന്റെ ചോദ്യത്തിന് മറുപിടിയായി അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു. ഒരു താത്ക്കാലിക വേർപിരിയലിന്റെ ദുഖം ഉള്ളിൽ നുരയുന്നുണ്ടെങ്കിലും അവളെ തന്നോട് ചേർത്തു പിടിച്ചു കണ്ണുകൾ കണ്ണുകൾ കോർക്കുന്നത്ഞാൻ അറിഞ്ഞു. അവളുടെ കണ്ണുകളിൽ പ്രണയ ബാഷ്പങ്ങൾ നിറയുന്നത് ഞാൻ കണ്ടു ഒരു കാന്തിക ശക്തി എന്നിലേക്ക് ഒഴുകുന്നതുപോലെ……പെട്ടന് നവളുടെ അധരങ്ങൾ എന്റെ അധരങ്ങളെ കവർന്നെടുത്തു..അരണ്ട വെളിച്ചമുള്ള ആ വരാന്തയിൽ നിശബ്ധ നിമിഷങ്ങൾ കടന്നു പോയി ……..ആദ്യാനുഭൂതിയുടെ മാസ്മരികത എന്നിൽ നിറയുന്നുണ്ടായിരുന്നു …….പെട്ടന്നവൾ എന്നില്നിന്നും തെന്നി മാറി റൂമിലേക്കോടി ഒന്നുകൂടി പുഞ്ചിരിച്ചു കൊണ്ട് വാതിൽക്കൽ തിരിഞ്ഞു നിന്ന് പൊയ്ക്കോളാൻ കയ്യ് കൊണ്ട് ആംഗ്യംകാണിച്ചു. അപ്പോഴാണ് ഞാനവളുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ കാണുന്നത്. അവിടെ നിന്നും ഞാൻ തിരിഞ്ഞു നടക്കുമ്പോൾ നിറഞ്ഞു തൂവിയ അവളുടെ കണ്ണുകളേകുറിച്ചായിരുന്നു എന്റെ ചിന്തകൾ .എന്നാലും അഞ്ചു ദിവസം കഴിയുമ്പോൾ എന്റെ ശാലിനിയെ കാണാമല്ലോ.ഞാൻ സ്വയം ആശൊസിച്ചു.
എന്റെ കാത്തിരിപ്പിന്റെ ദിനങ്ങളുടെ എണ്ണം പെരുകി കൊണ്ടിരുന്നു ആഴ്‌ചകൾ മാസങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ അവളുടെ പേഷ്യന്റും ആ ഹോസ്പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ആയിപ്പോയി.വർഷവും വേനലും പലതവണ വിരുന്നു വന്നു പോയെങ്കിലും തന്റെ ശാലിനി മാത്രം വന്നില്ലല്ലോ….ഒരിക്കൽ പോലും………..
വിരഹത്തിന്റെ പത്ത് വത്സരംങ്ങൾക്ക് ശേഷമാണ് ഇന്നീ മെട്രോ നഗരത്തിലെത്തിയത് ഇവിടെ യീ പാർക്കിൽ. ഇവിടെയിരുന്നല്ലേ അവൾ തന്റെ ആകാംഷകളും ആഗ്രഹങ്ങളും സ്നേഹവും എനിക്ക് പകർന്നു നൽകിയത് എന്നിട്ട്….ഇനിയും ഈ ക്കാതിരിപ്പിന് ഒരു വിരാമം ഇല്ലേ…ഞാൻ എന്നോട് തന്നെ ചോദിച്ചു….ആകാശത്തിനും മുകളിൽ നിന്നെവിടെയോനിന്നും ഒരു ജലനീർക്കണം എന്റെമുഖത്തു പതിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധമുണ്ടായത് സൂര്യൻ കടലിൽ എവിടെയോ മുങ്ങിപ്പോയിരിക്കുന്നു.എന്റെ ശാലിനി…നീ എനിക്ക് കാണാമറയത്ത് മറഞ്ഞിരുന്നു അശ്രുകണങ്ങൾ പൊഴിക്കുന്നോ…….ഞാൻ മനസ്സിൽ മന്ത്രിച്ചു..
ഒരു താണുത്ത കാറ്റ് അതിനു മറു പിടിയെന്നോണം എന്നെ തഴുകി കടന്നുപോയി..അതിന് ശാലിനിയുടെ സുഗന്തമുണ്ടായിരുന്നു
About The Author
No related posts.