സബ്‌സ്‌ക്രിപ്‌ഷനിൽ സൈക്കിൾ വാങ്ങാം; ആവശ്യം കഴിയുമ്പോൾ തിരികെ നൽകാം, വ്യത്യസ്ഥ ആശയവുമായി ഗ്രോ ക്ലബ് സ്റ്റാർട്ടപ്പ്

Facebook
Twitter
WhatsApp
Email

Gro club startup: മാതാപിതാക്കൾ കുട്ടികൾക്കായി സൈക്കിൾ വാങ്ങി നൽകാറുണ്ട്. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ കുട്ടികളുടെ ഉയരം വർദ്ധിക്കുന്നതോടെ സൈക്കിൾ ഉപയോഗശൂന്യമായി തീരുന്നു. ഇതോടെ സൈക്കിക്കിളിന്റെ സ്ഥാനം മിക്കവാറും വീടിന്റെ ഒരു മൂലയിലായിരിക്കും. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബാംഗ്ലൂരിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ്.

ഗ്രോ ക്ലബ് എന്ന സ്റ്റാർട്ടപ്പ് സൈക്കിളുകൾക്കായുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ ഒടിടി അല്ലെങ്കിൽ ഏതെങ്കിലും ആപ്പ് എന്നിവ പ്രതിമാസം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് പോലെ, ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് നിങ്ങൾക്ക് ഒരു സൈക്കിൾ സബ്‌സ്‌ക്രിപ്‌ഷനിൽ എടുക്കാനാകും. കുട്ടികൾക്കായി സൈക്കിളുകൾ വാങ്ങുന്ന പരമ്പരാഗത രീതി മാറ്റണമെന്ന ചിന്തയാണ് ഈ സ്റ്റാർട്ട്പ്പിന് കാരണമായതെന്ന് ഗ്രോ ക്ലബ്ബിന്റെ സഹസ്ഥാപകനും സിഇഒയുമായ പൃഥ്വി ഗൗഡ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

2022-ന്റെ തുടക്കത്തിൽ രൂപേഷ് ഷാ, ഹൃഷികേശ് ഹലേകോട്ട് ശിവണ്ണ, സ്വപ്ന എന്നിവർക്കൊപ്പമാണ് ഗൗഡ ഗ്രോ ക്ലബ് ആരംഭിച്ചത്. ഇന്ത്യയിൽ സൈക്കിളുകൾ വാങ്ങുന്ന പരമ്പരാഗത രീതി മാറ്റുക മാത്രമല്ല ഈ രീതി പരിസ്ഥിതി സൗഹൃദവുമാണെന്നാണ് ഗൗഡയുടെ വാദം. സാധാരണ ഒരു സൈക്കിൾ ഏകദേശം 10 വർഷത്തോളം നീണ്ടുനിൽക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ കുട്ടികൾ അത് ഉപയോഗിക്കുന്നത് നിർത്തും. അതോടെ സൈക്കിൾ ഉപയോഗ ശൂന്യമാകും. ഇതോടെ ഭൂരിഭാഗം സൈക്കിളുകളും മാലിന്യക്കൂമ്പാരങ്ങളിൽ എത്തുകയും ചെയ്യും. ഇത് മാലിന്യം വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ സൈക്കിൾ എടുക്കുന്നത് പണം ലാഭിക്കുക മാത്രമല്ല, പരിസ്ഥിതി സൗഹൃദം കൂടിയാണ്.

സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ 

മാതാപിതാക്കൾക്ക് മാസങ്ങൾ മുതൽ വർഷങ്ങൾ വരെയുള്ള സൈക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാം. ഇതിന് പ്രതിമാസ അല്ലെങ്കിൽ വാർഷിക ഫീസ് നൽകണം. കുട്ടി വളരുമ്പോൾ, അവർക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കി സൈക്കിൾ തിരികെ നൽകാം അല്ലെങ്കിൽ പ്ലാൻ അപ്‌ഗ്രേഡ് ചെയ്‌ത് ചെറിയ സൈക്കിളിന് പകരം വലിയ സൈക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാം.

ഇങ്ങനെ ഗ്രോ ക്ലബിലേക്ക് തിരികെ വരുന്ന ഓരോ സൈക്കിളും നന്നാക്കി മറ്റൊരു ചെറിയ കുട്ടിക്ക് നൽകും. ഈ രീതിയിൽ നാലോ അഞ്ചോ കുട്ടികൾക്ക് ഒരേ ഉൽപ്പന്നം ഉപയോഗിക്കാനാവും. സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ എടുക്കുമ്പോൾ കമ്പനിയിൽ നിന്ന് സൗജന്യ മെയിന്റനൻസ് സേവനവും ലഭിക്കും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

സൈക്കിൾ ഗ്രോ ക്ലബ് 2 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക്

കുട്ടികളുടെ പ്രായത്തിനനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള സൈക്കിളുകൾ ലഭ്യമാണ്. 2 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമാണ് കമ്പനി ഈ സേവനം നൽകുന്നത്. ഡോർസ്റ്റെപ്പ് ഡെലിവറി, കസ്റ്റമർ സപ്പോർട്ട്, മെയിന്റനൻസ്, ഫ്രീ അപ്‌ഗ്രേഡുകൾ എന്നിവ ഉൾപ്പെടുന്ന പ്രതിമാസ അടിസ്ഥാനത്തിൽ 250 രൂപ മുതൽ 699 രൂപ വരെയാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വരുന്നത്. ഗൗഡയുടെ അഭിപ്രായത്തിൽ, 2 മുതൽ 6 വരെ വയസ്സ് പ്രായമുള്ളവർക്ക് നൽകുന്ന സബ്‌സ്‌ക്രിപ്‌ഷനാണ് ഏറ്റവും പ്രചാരമുള്ള പ്ലാൻ. ഗ്രോ ക്ലബ്ബിന്റെ ഉപഭോക്താക്കളിൽ 40 ശതമാനവും ഈ പ്രായത്തിലുള്ളവരാണ്.

തുടക്കം മുതൽ തന്നെ ബെംഗളൂരുവിൽ ഏകദേശം 5,100 സജീവ ഉപഭോക്താക്കലുണ്ടെന്ന് ഗ്രോ ക്ലബ് അവകാശപ്പെടുന്നു. നിലവിൽ, ഗ്രോ ക്ലബ് ബാംഗ്ലൂരിൽ മാത്രമാണ് സേവനം നല്കുന്നത്. എന്നാൽ വൈകാതെ തന്നെ ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗൗഡ പറയുന്നു.

credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *