ഐഎസ്ആര്‍ഒ പരീക്ഷ കോപ്പിയടി; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ്

Facebook
Twitter
WhatsApp
Email

Cheating in ISRO exam: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ പരീക്ഷയെഴുതുന്നതെന്നും ഇതിനായി വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി. ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് കേസിലെ മുഖ്യപ്രതികളെന്ന് പോലീസ് കണ്ടെത്തി. കേസ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും.

ഇന്നലെ (ഓഗസ്റ്റ് 20)  തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. ഗൗതം ചൗഹാന്‍ എന്ന ആളാണ് സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു പ്രതികളെ ആദ്യം പിടികൂടിയത്. പിന്നീടാണ് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാണെന്ന്‌ കണ്ടെത്തിയത്.

ഹരിയാനയിലെ കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണ് തട്ടിപ്പിലെ മുഖ്യപ്രതി. ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍തുക വാങ്ങിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ഇയാള്‍ക്ക് ഒരു സംഘമുണ്ട്. ആ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ ഹരിയാന പൊലീസുമായി ചേര്‍ന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി, രണ്ടുപേര്‍ പിടിയില്‍

 

തിരുവനന്തപുരത്ത് വെച്ച് നടന്ന ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി നടത്തിയ രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. കോട്ടണ്‍ഹില്ലിലും സെന്റ് മേരീസ് സ്‌കൂളിലും ഉണ്ടായ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കോപ്പിയടി നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്.

ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ആണ് വച്ചിരുന്നത്. ആദ്യം മൊബൈല്‍ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തു. തുടര്‍ന്ന് സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തായിരുന്നു കോപ്പിയടി. തുടര്‍ന്ന് ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുന്ന തരത്തിലായിരുന്നു കോപ്പിയടി നടന്നതെന്ന് പൊലീസ് പറയുന്നു.

സുനില്‍ 75 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നു. സുനിലിനെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. സുനിത്തിനെ മെഡിക്കല്‍ കോളജ് പൊലീസാണ് കൈയോടെ പൊക്കിയത്. നിരവധി ഹരിയാന ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. കൂടുതല്‍ കോപ്പിയടി നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ അന്വേഷണത്തിലാണ് പൊലീസ്.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *