LIMA WORLD LIBRARY

ജയ് ഗാന്ധിജി – ( സെബാസ്റ്റ്യൻ ആർവിപുരം )

ഒക്കുന്നൊരാവേശമോടെ ‘ജയ്’ മുഴക്കുവാൻ
ഒക്ടോബറെത്തി വീണ്ടും – ‘ജയ് ബാപ്പുജീ’!
ഒന്നാക്കി,യൊരുമയിൽ നമ്മെ നയിച്ചവ-
നൊന്നിതാ വീണ്ടുമെന്നുള്ളിൽ ജനിക്കുന്നു;
ഇന്നിതാ,യിവിടെ,യെനിക്കും പുനർജനി!
അടങ്ങാത്ത മോഹം- നമുക്കുള്ളിലായ്തന്നെ,
അടക്കിജീവിക്കുവാൻ നമ്മെ പഠിപ്പിച്ചവൻ!
അടരാടി,വൻശക്തികൾക്കു മുന്നിൽ
അടിപതറാതെ കാലടിവച്ചയാൾ,
അടിപിടിയിൽനിന്നും വിജയക്കൊടി പാറിച്ചവൻ!
ലോകമിനിയാരെയും വാഴിക്കുകില്ല;
അങ്ങുതൻതേജസ്സിൽ മറ്റൊരു മർത്ത്യനെ,
അങ്ങയെക്കണ്ടവർ ധന്യരായ് നിശ്ചയം!
ഈ ജന്മകർമ്മത്തിലവർക്കുള്ള സത്ഫലം
സഫലമാകുന്നതിൽതന്നെയാ ജീവിതം!
വ്രണമുണങ്ങാത്ത ദേഹംകണക്കേ-
യാണിവിടെ ക്രോധമനസ്സെന്നു കണ്ടതും
ക്രോധമതു,ഭവിക്കുമഗ്നിക്കുതുല്യമാ-
യാകെയുമില്ലായ്മചെയ്യുമെന്നോതിയും
വാക്ശരമെയ്തങ്ങുലകിൽ മഹാശ്ചര്യമായ്!
ആകാരവടിവല്ല; ആഹാരമികവല്ല കാര്യം,
നന്മയ്ക്കുമുന്നിൽ ആരെയും കൂസാത്ത,
കൂറുള്ള മനമത്രേ സമ്പാദ്യമെന്നുള്ള
വീറെഴും സത്ചിന്തയാണിവിടെ ധന-
മെന്നുള്ള മതമാണങ്ങേ മഹത്വം!
സത്കീർത്തിധന്യനാമങ്ങേ വചസ്സുകൾ
ലോകം സമസ്തവും തത്ത്വങ്ങളായതും
സത്യമന്വേഷിച്ചങ്ങുതൻജീവിതയാത്രയും
സ്വത്വം മനഞ്ഞല്ലോ സ്വയമങ്ങേയ്ക്കുവേണ്ടി,
സത്ചെയ്തിയോടെ സത്യപ്രഭാമയനായങ്ങുമാറി!
‘എൻജീവിതംതന്നെയെന്റെ സന്ദേശമെന്നു’ള്ളൊ-
രാർജ്ജവവാക്കിനാലങ്ങേ ഈടുറ്റജീവിതകാന്തികാട്ടി,
ആർക്കും ഗ്രഹിച്ചിടാനായിടുംവിധമുള്ള
നേർച്ചിന്തയൊന്നാകെയാകെപ്പകർത്തിയകന്നതാം
സ്നേഹദൂതനേ,യങ്ങേയ്ക്കെൻഹൃദയാഭിവാദ്യം!
ഹേ! റാം! എന്നൊരാർത്തനാദത്തിൽ നിലച്ചതാ-
മങ്ങേ നാദവീചികളിപ്പൊഴുമലയൊലിതീർക്കുന്നു!
ഹാ! മഹാനുഭാവാ! അങ്ങേ ലളിതമാംജീവിതത്തിന്റെ
കാന്തിയുമൊളിമങ്ങാതെവീശിടുന്നു ലോകമാകെയും
സർവ്വപ്രതാപമിയലുംചേതോഹരദീപ്തിയോടെ!
അങ്ങു മരിച്ചില്ല;മരിക്കുകില്ലാ,മറഞ്ഞില്ല;മറയുകില്ലാ
വിങ്ങുമെൻഹൃദയത്തിലെന്നുമുണ്ട്.
ആദർശധീരനായ്-ഭയശൂന്യവീരനായ്,
അങ്ങന്റെയുള്ളിലായിപ്പൊഴും വാഴുന്നു!
സത്ചിന്തയായെന്നിൽ മരിക്കാതിരിക്കുന്നു!!
വന്ദനം സ്നേഹവന്ദനം ഗാന്ധിജീ!
സ്നേഹമിരമ്പുംമനസ്സിനാൽ വന്ദനം!
ജയ്‌വിളിയെന്നാരവത്തിന്റെ ഹരമോടെ പ്രിയവന്ദനം!
വന്ദനം സ്നേഹവന്ദനം
ബാപ്പുജീ!
അങ്ങേ,ആത്മസമർപ്പണത്തിനെൻഹൃദ്യവന്ദനം!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px