ഒരുമെയ്പോലൊപ്പം നടന്നുള്ളറിഞ്ഞും,
ഒരുപാത്രച്ചോറുരുള പങ്കിട്ടുണ്ടും,
ഒരു പാശയനവും കഴിഞ്ഞൊടുവിൽ,
ഒരുച്ചതിക്കൊപ്പം തീർത്തസൗഹൃദങ്ങൾ…
ഒപ്പം ഗമിച്ചപ്പോൾ കാൽമടമ്പറുക്കാൻ
ഒരു ഖഡ്ഗത്തിന്നച്ചാരവും, വിരുന്നും
നൽകി,തീൻമേശയിൽ ശവങ്ങൾത്തിന്നു
നാവിൽ ചോരരുചിക്കുന്ന പങ്കാളികൾ…
ഉദരം പങ്കിട്ടവർ ഒരുമയുടെ,
ഉദയകിരണങ്ങക്കുമേൽ വെറുപ്പിൻ
കൗരാവാസ്ത്രങ്ങളെയ്തുനിൽക്കവേ, ഉടൽ
കത്തുവാൻ കാത്തുനിൽക്കുമരക്കില്ലങ്ങൾ..
പ്രണയ കിനാപ്പക്ഷികളായ് നീങ്ങവേ
പ്രലോഭനത്തിന്റെ മാംസദാഹ മടയിൽ
ചേക്കേറി, പുലിനഖദന്തങ്ങളേറ്റു
ചോരവാർന്നു ചത്തുവീഴും കിനാവുകൾ…
മതിയിലെ വെൺനിലാത്തിരയടക്കും,
മൃദുലമോഹങ്ങളെ പടിയിറക്കും,
മദ്യമയക്കുമരുന്നിൻ കൂടാരത്തിൽ
മന്ദിച്ചെത്തിടുന്നല്ലോ,മാനുഷ് യകങ്ങൾ..
അവനിയിൽ,അപ്പിലാകാശത്തിലോരോ
അണുക്കളിലുമന്തരംഗങ്ങളിലും
ചതിയുടെ നിഴൽക്കൂത്തു നടത്തുവാൻ
ചമയ്ക്കുന്നു വേദികളിന്നനേകങ്ങൾ….!













