പ്രകാശം നിർമ്മിച്ച ദൈവങ്ങളുടെ
ഇരുണ്ടമുഖങ്ങൾ
അരണ്ടവെളിച്ചത്തിൽ
കൂടുതൽ ശോഭിച്ചിരുന്നു!
ഭ്രമാത്മകമായ ചിന്താധാരകളിൽ
അന്ധകാരത്തിന്റെ അതിപ്രഭാവത്താൽ
അവയോരോന്നും മനസ്സിനകത്തെ
ചെരാതുകളിൽ മിന്നിനിന്നിരുന്നു.
വിയർപ്പുകണങ്ങൾ പൊടിയാത്ത ആ
മുഖങ്ങളിൽ
മാനുഷികതയുടെ യാതൊരു
പരിവേഷവുമില്ലായിരുന്നു!
എണ്ണത്തിരിയിട്ട വിളക്കുകളിലും
നെയ്ത്തിരിയിട്ട വിളക്കുകളിലും
നാളങ്ങളായി പ്രകാശം ഒന്നുപോലെ
നർത്തനമാടിയപ്പോൾ
മൂർത്തികൾക്കെല്ലാം ഒരേ ഛായ തോന്നി
മനുഷ്യാകാരത്തോളം വളർന്ന ഭാവനയിൽ
ദൈവങ്ങൾക്കെല്ലാം ഒരേ ചാരുതയായിരുന്നുവോ?
നിറംപിടിപ്പിച്ച നുണകളാലും സങ്കല്പങ്ങളാലും
സമ്പന്നമായ പൈതൃകത്തിന്റെ
ഉദാത്തതയിൽ അവ മിനുക്കപ്പെട്ടുകൊണ്ടിരിക്കുന് നു!
എന്നും അരണ്ടവെളിച്ചത്തിലെ
ദൈവങ്ങൾ ഇരുണ്ടതുതന്നെ!
മനുഷ്യമനസ്സിന്റെ അന്ധതയിൽ തെളിയുന്ന
ലാവണ്യഭാവം ദൈവങ്ങളിൽ നിർബന്ധമായും
ആരോപിക്കപ്പെടുന്നുണ്ട്;
ആവാഹിക്കപ്പെടുന്നുണ്ട്!
ഇരുണ്ടമനസ്സുകളിൽനിന്നോ
തെളിഞ്ഞമനസ്സുകളിൽനിന്നോ
എവിടെനിന്നും തുടങ്ങിയെന്നറിയാതെ
കാലം യാത്ര തുടരുന്നു;
ഒരു തുടർക്കഥയുടെ ബാക്കിയെന്നോണം!
ഇപ്പോഴും, ഉരുണ്ടഭൂമിയിൽ
വരണ്ടമനസ്സുകളിൽ
ഇരുണ്ടദൈവങ്ങൾ
അരണ്ടവെളിച്ചത്തിൽതന്നെ!
About The Author
No related posts.