LIMA WORLD LIBRARY

ദുഃഖാക്ഷരങ്ങളുടെ അർത്ഥാന്തരങ്ങൾ – ( ആർവിപുരം സെബാസ്റ്റ്യൻ )

മനസ്സിന്റെ താളിൽ,
ഉള്ളിലെപ്പോഴോ തളം കെട്ടിയ ദുഃഖങ്ങൾ
മൃദുമുതൽ അതിഖരംവരെയുള്ള
അക്ഷരവിന്യാസപ്രൗഢിയെ ഓർമ്മിപ്പിച്ചെന്നോണം
വിരിഞ്ഞുകിടന്നു!
ഘനമില്ലാത്ത മേഘങ്ങൾ ഉരുണ്ടുകൂടിയ
മാനത്തിനും മനസ്സിനും ഒരേ ഛായ തോന്നി!
പരിമാണക്കോലിൽ അളക്കാനൊക്കാത്തവിധം
വ്യാപ്തിയുള്ള സങ്കേതങ്ങൾ;
അവ പരസ്പരം പൂരകങ്ങളായ അവസ്ഥയെ ദ്യോതിപ്പിക്കുമ്പോൾ,
മാനുഷികഭാവങ്ങൾ ശൂന്യതയിലേക്കു
ചേക്കേറിക്കഴിഞ്ഞിരുന്നു.
ഇതുവരെയും തുലനംചെയ്യാനാവാത്തൊരു
കൊടുങ്കാറ്റിന്റെ അകമ്പടിയാരവത്തോടെ,
മാനത്തെ മഴവില്ലു ഹുങ്കാരധ്വനിയാൽ,
പലരുമറിയാതെ താഴെവീണുപൊട്ടിച്ചിതറി!
മാനത്തപ്പോഴും അവിടവിടെയായി
ഘനീഭവിച്ചമേഘങ്ങൾ ഇരുണ്ടുകൂടി
കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു!
അതിനു മഴയെന്നു പേരിട്ടതാരെന്ന്
ഇതുവരെയുമജ്ഞാതം!
ചോദിക്കാതെ കുളിരു നല്കിയും
ആർദ്രമായൊരിഷ്ടം പങ്കിട്ടും
മഴ ഇടയ്ക്കിടെ വന്നുംപോയുമിരുന്നു!
സംവേദനക്ഷമതയില്ലാത്ത ദുഃഖങ്ങളെ പ്രാപിച്ച്
മനസ്സ് ദുഃഖപുത്രികളെ സൃഷ്ടിച്ചുകൊണ്ടിരുന്നു
മനസ്സിനും ദുഃഖത്തിനുമിടയിൽ
വിരാജിക്കുന്ന മാനുഷികവികാരങ്ങളെ
അധമഗണത്തിൽപ്പെടുത്തി ദുഷിപ്പിക്കാനായിരുന്നു
കാലം അപ്പോഴുമെപ്പോഴും വിധിച്ചതും
കൊതിച്ചതും നടപ്പാക്കിയതുമെല്ലാം’!
ഇനിയൊരു മടക്കമില്ലാത്തവിധം,
ഇവിടം വിടവാങ്ങുന്ന ജീവനുകളെ
വില കൊടുത്തുവാങ്ങാനൊരുങ്ങിയവരെവിടെ?
കിനാവു മനഞ്ഞ കനകസിംഹാസനത്തിൽ ആചാരാഘോഷാദികളോടെ ഉപവിഷ്ടരാകുമ്പോൾ,
കുരവയിടാനും പുഷ്പവൃഷ്ടിനടത്താനും
ഒരുങ്ങിയിരുന്ന കുറെ നിഴലുകൾ, നിർവ്വികാരതയോടെ
അനന്തതയുടെ ചത്വരങ്ങളിലേയ്ക്കു നടന്നുനീങ്ങാനൊരുങ്ങി;
അവയ്ക്കരികിൽ അവയെക്കാൾ വലിയ ആകാരമികവിൽ
അരികുചേർന്ന് മറുനിഴൽവീണു,ചലിക്കുന്നുണ്ടായിരുന്നു.
മനുഷ്യനെന്നു അതിനെ പേരിട്ടുവിളിച്ചവർതന്നെ
പിന്നെ, മനുഷ്യരായി താദാത്മ്യംപ്രാപിച്ചു!
ദൈവത്തിനും മനുഷ്യർക്കുമിടയിൽ മിന്നിത്തിളങ്ങിയിരുന്ന മോഹങ്ങൾ ഇടയ്ക്കെപ്പോഴോ പലവർണ്ണങ്ങളണിഞ്ഞ പതുപതുത്ത ചിറകാർന്ന ശലഭങ്ങളായി!
മനസ്സിന്റെ ആരാമത്തിലവ തേൻ കുടിച്ച് പാറിത്തിമിർത്തു.
അപ്പോഴും നനുത്തൊരു കാറ്റ് വളരെ പതുക്കെ
അവയുടെ ചിറകിനിടയിലൂടെ കടന്നുപോയി!
ആ സമയം, ചിറകിൽനിന്നുപൊഴിഞ്ഞ
അഴകാർന്ന നീലിമയെ ആകാശം
സ്വപ്നം കാണുകയായിരുന്നു, പിന്നീടതു കടംകൊണ്ടുതന്നെ
മാനം കൂടുതൽ ഗരിമാവോടെ വീണ്ടും നീലിമയാർന്നു!
മഴമേഘങ്ങൾ അന്യമായ ആകാശമിടമിപ്പോൾ
ഒരുകോടി നക്ഷത്രങ്ങളാൽ സമൃദ്ധവും
സമ്പന്നവും ശോഭനവും രമ്യവുമാണെന്നുതോന്നി.
മനസ്സിലെന്നും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത കുഞ്ഞിളംകനവുകൾപോലെ!
രാച്ചന്തം ആവോളം കവർന്ന ഒരു നീലനിലാശകലംപോലെ!സുഖദായകമായ ഓർമ്മകളെ ഉദ്ദീപിപ്പിക്കുംപോലെ!
മാനവും മനസ്സുമെന്നോ താദാത്മ്യംപ്രാപിച്ചിരിക്കുന്നു!
മനസ്സിന്റെ താളിലെയക്ഷരങ്ങൾ
ഏറെ നാളുകളായി നക്ഷത്രങ്ങളായിമാറുന്നുണ്ട്!!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px