Mukesh Ambani Threat: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിലുകൾ അയച്ചുവെന്നാരോപിച്ച് രണ്ട് പേരെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്‌റ്റ് ചെയ്‌തു.
മുകേഷ് അംബാനിക്ക് ഒന്നിലധികം വധഭീഷണി ഇമെയിലുകൾ അയച്ചതിന് തെലങ്കാനയിൽ നിന്നുള്ള 19കാരനായ യുവാവാണ് അറസ്‌റ്റിലായവരിൽ ഒരാൾ. ഷബാദ് ഖാൻ (19) എന്ന മറ്റൊരു പ്രതിയെ മുംബൈയിലെ ഗാംദേവി പ്രദേശത്ത് നിന്ന് പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇരുവരും മുകേഷ് അംബാനിയിൽ നിന്ന് മോചനദ്രവ്യമായി 20 കോടി രൂപ ആവശ്യപ്പെടുകയും പിന്നീട് സമാന ഇമെയിലുകളിലൂടെ തുക 400 കോടി രൂപയായി ഉയർത്തുകയും ചെയ്‌തിരുന്നു. നേരത്തെ, ഭീഷണി ഇമെയിലുകൾ അയക്കാൻ ഉപയോഗിക്കുന്ന വിപിഎൻ നെറ്റ്‌വർക്ക് ബെൽജിയത്തിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
“ഞങ്ങൾ പ്രതിയെ ചോദ്യം ചെയ്യുകയാണ്, ഇയാളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പ്രാഥമികമായി, ഇത് ഗുരുതരമല്ലെന്നാണ് സൂചന, പക്ഷേ പ്രതി ഉപയോഗിച്ച ഇമെയിലുകളെയും നെറ്റ്‌വർക്കിനെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ ചോദ്യം ചെയ്യുന്നത് തുടരുകയാണ്” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളായ മുകേഷ് അംബാനിക്ക് ഒക്ടോബർ 27 മുതൽ തുടർച്ചയായി ഒരൊറ്റ ഇമെയിൽ ഐഡിയിൽ നിന്ന് ഭീഷണി മെയിലുകൾ ലഭിച്ചു വരികയായിരുന്നു.
എല്ലാ ഭീഷണി ഇമെയിലുകളിലും മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. 200 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വെടിവച്ചു കൊല്ലുമെന്ന് ഈ മെയിലുകളിലൊന്നിൽ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.\
Credits: https://malayalam.indiatoday.in/













