LIMA WORLD LIBRARY

പരിപാലനം – (രെമ പിഷാരടി)

ആരിന്ന് കാറ്റിനെ കയ്യാലെടുക്കുവാൻ

കാർമേഘമൊന്നിൽ വരുന്നു?

മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട്

പാട്ട് പാടാനായ് വരുന്നു?

ആരോ അരൂപിയായാപർവ്വതത്തിൻ്റെ-

മേലെ  പറന്ന് പോകുന്നു;

പോകും വഴിക്കായഴിഞ്ഞുവീഴും മുഖം-

മൂടിയിൽ പാഴ്കിനാവെട്ടം

ചുറ്റും പറക്കും കിളിക്കൂട്ടമാകവേ-

ദിക്ക് തെറ്റിക്കുതിക്കുന്നു

ഈയൽ പോൽ തീയിൽ പതിക്കുന്ന-

നോവിൻ്റെ പ്രാണൻ പിടഞ്ഞുപോകുന്നു

കായലോരത്തിരുന്നാരോ കിഴക്കിൻ്റെ-

സൂര്യനെ കയ്യിലേറ്റുന്നു

ആൽമരച്ചോട്ടിലെ കൽമണ്ഡപത്തിലായ്

ഭ്രാന്തൻ ചിരിച്ചിരിക്കുന്നു

ആരൊക്കെയോ ചേർന്നൊരാനക്കുറുമ്പിനെ-

നേരിട്ടൊതുക്കുന്ന കാട്ടിൽ-

കണ്ണാന്തളിപ്പൂക്കളെല്ലാം കരിഞ്ഞെന്ന്-

മണ്ണിലായ് തീയിട്ട  യുദ്ധം,,

കാലത്തിനെ കടന്നോടാനൊരുങ്ങുന്ന-

കാട്ടുപൂഞ്ചോലകൾക്കുള്ളിൽ

നീറുന്ന ശൈത്യം കുരുക്കിട്ട് നിർത്തുന്ന

കാടിൻ കടുന്തുടിപ്പാട്ട്

മൺസുഗന്ധത്തിൻ്റെ, ചന്ദനക്കൂട്ടിൻ്റെ

ഗന്ധം പകർത്തുന്ന വഴിയിൽ

എങ്ങോ മറന്നിട്ട സ്വപ്നങ്ങളൊക്കെയും

കണ്ണിൽ തണുപ്പുമായ് നിൽക്കേ

നേരമായെന്നും പറഞ്ഞുയിർക്കൊള്ളുന്ന

സൂര്യൻ്റെ രശ്മിയിൽ നിന്ന്

പച്ചിലച്ചാർത്തിൻ്റെ ചിത്രം പകർത്തുന്ന-

ഉച്ചക്കിറുക്കിൻ്റെ കാറ്റിൽ

ഓരോയിടങ്ങൾ ഭ്രമം തീർത്ത മണ്ണിൻ്റെ

ചാരുഗന്ധത്തിനെ ചേർത്ത്

മാമ്പൂവിരിഞ്ഞതും മൈനകൾ വന്നതും

ബാല്യം കൊഴിഞ്ഞതും കണ്ട്

ദൂരത്ത് ദൂരത്തൊരാൾക്കൂട്ടമാകുവാൻ-

പോകും തിരക്കിൻ്റെ മണ്ണിൽ

പൊയ്മുഖങ്ങൾ വന്ന് നൃത്തം തുടങ്ങവേ-

സങ്കടങ്ങൾ കൂടി വന്നു..

ഇത്തിരി ഭൂമിയിൽ സ്വപ്നങ്ങളൊക്കെയും-

കുത്തിക്കുറിക്കുന്ന നേരം

മഞ്ഞമന്ദാരങ്ങളൊക്കെയും പൂവിട്ട-

കുന്നിൻ്റെ മേലേക്ക് പോകേ;

കുന്നോ മറഞ്ഞ് പോയായരക്കില്ലത്തിൽ-

നിന്നോടി രക്ഷപ്പെടുമ്പോൾ

മുന്നിലെ ചക്രവ്യൂഹങ്ങളിൽ വീണുപോയ്-

വന്ന് വീണസ്ത്രങ്ങളെങ്ങും

ഒറ്റയ്ക്കൊരോടക്കുഴൽ കേട്ട കാട്ടിലേ-

ക്കൊറ്റയ്ക്ക് പോകാനൊരുങ്ങേ;

കൈയിലേക്കിറ്റിറ്റ് വിണാദികാവ്യങ്ങൾ-

മണ്ണിൻ തണുപ്പും പൊടിപ്പും!

കണ്ണടച്ചെന്നും ഇരുട്ടാക്കുവാൻ തീർത്ത-

മുന്നിലെ  രാവിൻ്റെ ചോട്ടിൽ

കത്തിച്ച് വയ്ക്കുന്ന നക്ഷത്രദീപത്തിലി-

ത്തിരിപ്പൂക്കളെ കാൺകെ;

മുള്ളും, മുരിക്കും വളർന്ന പാടങ്ങളിൽ-

പുല്ലാകുഴൽ കേട്ടു വീണ്ടും..

വീണ്ടും കദംബങ്ങൾ പൂവിട്ട കാളിന്ദി-

യോരത്ത് ധ്യാനത്തിലാകേ;

ആരോ ഒരാൾ ദൂരെ നിന്നെത്തി നോക്കുന്നു

ആരെങ്കിലാരെങ്കിലാട്ടെ

ആരെങ്കിലും വന്ന് പോകുന്ന പാതയിൽ-

കാലം കണക്കെടുക്കട്ടേ!

മായാവികൾ വന്ന് പോകട്ടെ, മാരീച-

മായകൾ മാനായ് വരട്ടെ

വന്ന് പോയേക്കാം ദശാനനർ വീണ്ടുമീ-

പർണ്ണശാലക്കകം തേടി

ഒറ്റയ്ക്കിരിക്കവേ പുത്തനാം രേഖകൾ-

മുറ്റത്ത് വീണ്ടും വരയ്ക്കാം

മൂന്നല്ല, മുന്നൂറ് രേഖകൾ ചിന്തയിൽ-

മൂളിപ്പറന്ന് പോകുമ്പോൾ;

വാതിൽക്കലായ് നിൽക്കുമാത്മവ്യാളീമുഖം-

തീയുതിർക്കട്ടെയിരുട്ടിൽ

ഭീതിയും, മായികക്കാഴ്ചയും, ഭൂതവും-

തീയിൽ വിശുദ്ധമാകട്ടേ..

യുദ്ധങ്ങളില്ലാതെയാകട്ടെ ഭൂമിയിൽ

സ്വർഗ്ഗങ്ങളുണ്ടായിടട്ടെ..

ഏകതാരയ്ക്കുള്ളിലോരോ സ്വരങ്ങളും

പാടാനിരിക്കട്ടെ വീണ്ടും…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px