LIMA WORLD LIBRARY

നിർവിഷാദം – (ജയൻ വർഗീസ്)

മാറുന്നു,

ജീവിത താളം,

പൽ ചക്രങ്ങൾ

തേയുന്നു, ഘർഷണ

വേഗം സ്പുലിംഗമായ് –

ത്തീരുന്നു, നാളെ

ശവക്കുഴി തീർക്കും

ചുവപ്പിൽ ഞാ –

നെന്നെ യടക്കുന്നു,

കാലമേ,

നിന്റെയീ സ്വപ്നം

പൊലിഞ്ഞു  പോകുന്നൂ,

ഞാൻ

ഉണ്ടായിരുന്നതായ്

ആരറിയുന്നു?

നീല നിലാവിന്റെ

മാറിലെയുന്മാദ മൂർച്ച,

മതിഭ്രമ നിശ്വാസം,

സ്വപ്നങ്ങൾ

ചാലുകൾ കീറിയ

ജീവിതം,

വ്യർഥമാ മേതോ നിഗൂഡത

ചൂഴുന്ന താഴ്വര –

യെന്റെ മോഹങ്ങൾ

മരിക്കുന്നു!

കാലമേ,

നിന്റെയീ സ്വപ്നം

പൊലിഞ്ഞു പോകുന്നൂ

ഞാൻ,

ഉണ്ടായിരുന്നതായ്

ആരറിയുന്നു?

എന്റെയഹത്തിന്റെ –

യോരോ കണികയും,

മണ്ണിലലിഞ്ഞലി,

ഞ്ഞില്ലാതെയായി ഞാ –

നെന്ന വെറും മിഥ്യ,

കാലമാം കായലി-

ലാരോ കലക്കിയ

കായം, രുചിക്കുവാ –

നൊന്നുമില്ലെന്റെ

തലച്ചോറിൽ പൊന്തിയ

പൊൻ മുകുളങ്ങൾ

കുമിളകൾ!

ഒക്കെയും മായുന്നവകളിൽ

പൂത്ത വൈഡ്യൂരം പ്രപഞ്ചം,

നിമിഷാർദ്ധ സ്വപ്നങ്ങളെ

വിട,

വീണടിയട്ടെ ഞാൻ!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px