നിഴലും നിലാവും
ഇണചേർന്നു നിൽക്കും
കുളിരുള്ള സംഗമ
രജനികളിൽ
നിൻ മൃദു മേനിതൻ
സൗരഭ്യം പേറി
വന്നണഞ്ഞ
മന്ദമാരുത നിന്നലെ
നിലാവിന്റെ നീല
പൂവുടലിൽ
ചന്ദന ഗന്ധം പൂശി
നിന്നു
നിൻ കണങ്കാലിൻ
പാദസരത്തിൻ
കല്യാണീ രാഗം
കേൾക്കുവാനായ്
നിലാവുദിക്കും
നിശീഥിനിയിൽ
നിദ്രാവിഹീനനായ് ഞാൻ കാത്തു
നിൽക്കേ
നിൻ ജാലകത്തിൻ
ചില്ലു വാതിൽ
മെല്ലെത്തുറക്കു
മെന്നോർത്തു പോയി
രാവിൻ യാമങ്ങൾ
ഓരോന്നായ് കൊഴിഞ്ഞു
രാക്കിളി നിദ്ര
വിട്ടുണർന്നു
കാത്തിരിപ്പിൻ കനം
തൂങ്ങും മനസ്സുമായ് കാതരേ ഞാൽ
വിട വാങ്ങവേ
നീല നിലാവിൻ
കുളിർക്കരങ്ങൾ
നിൻ ജാലകങ്ങൾ തേടിപ്പോയി
തൻ മൃദുതഴുക ലാൽ
ജാലകവും നിൻ മിഴി
പ്പൂക്കളും വിടർത്തി
നിലാക്കുളിർ
തലോടൽ എൽക്കെ
നീ നിലാവു പോൽ
പുഞ്ചിരിച്ചു
ആ ചിരിപ്പൂക്കളെൻ
ആത്മാവിൽ
ആയിരം വർണ്ണ
പ്രഭ ചൊരിഞ്ഞു











