ഇരുവശങ്ങളിലും, മുത്തങ്ങയും,കറുകയും,കുടങ്ങലും , കാശിത്തുമ്പയും,തകരയും, തൊട്ടാവാടിയുമൊക്കെ തലയാട്ടി നിൽക്കുന്നു ….
എന്ന് തൊട്ടോ നമ്മൾ നടന്നു, തുടങ്ങിയ വഴിത്താരകളിൽ ചെമ്മണ്ണ്
ചിരിച്ചു നിറയുന്നുണ്ട് …
ഓർമ്മകൾ…..
കാളവണ്ടികളുടെ പിറകിൽ,
കറുത്ത റബ്ബർ ബാന്റിനുള്ളിൽ,
ശ്വാസം മുട്ടുന്ന പുസ്തക ക്കൂട്ടങ്ങൾ,
നിക്ഷേപിച്ച് ചെറുമണികൾ,
കെട്ടിയ കാളകളുടെ,
ഗമന താളങ്ങൾക്കനുസൃതമായി, കുലുങ്ങി കുലുങ്ങി അങ്ങനെ നീങ്ങുന്ന വണ്ടിയുടെ പിറകാലെ കൂടുന്ന,
വികൃതി ക്കൂട്ടങ്ങളിൽ, ഒരുവനായെന്നോ സ്ഥാനം, പിടിച്ചിരുന്നവന്റെ ഓർമ്മമധുരങ്ങൾ,
കുതിർന്നിറങ്ങുന്നുണ്ടിന്നു, സന്തോഷാശ്രുക്കളായ് … ..,
കവിൾത്തടങ്ങളിലെ നരവീണ, രോമരാജികളെ ത്തഴുകി അങ്ങനെ ..
ദാ , അവിടെ ഒരു കച്ചിത്തുറു- വുണ്ടായിരുന്നു …,
കുറേ കൈതക്കൂട്ടങ്ങളും …
അന്നൊരു മഴക്കാലത്ത് …,
ചേമ്പിലകൾ നനയ്ക്കാതെ കുടയായ്, നിന്നത് ഇവിടെയായിരുന്നെന്നാണ് ഓർമ്മ …
ഓണമുണ്ടായിരുന്നന്ന്,
പൂക്കളിറുത്ത വീട്ടുതൊടികൾ …
ദാ …,
അവിടെയൊക്കെ ഓല മെനയോടെ മേഞ്ഞടുക്കിയ ..,
തറയൊക്കെ ചാണാൻ മെഴുകിയ..,
തൃസന്ധ്യകളിൽ മണ്ണെണ്ണ വിളക്കുകളുടെ മുനി ഞ്ഞ വെട്ടത്തിൽ…
സാംബ്രാണി മണങ്ങളാൽ മുഖരിതമായ പ്രാർത്ഥനാലാപം മുഴങ്ങിയിരുന്നിടങ്ങൾ …
പരിഷ്ക്കാരികളായ ഓട്ടുവിളക്കുകൾ
പാട്ട വിളക്കുകളെ, വെല്ലുവിളിക്കുന്നതായും,
തോന്നിയിട്ടുള്ള കാലം
ദാ ഇവിടെയൊക്കെ, കാപ്പിമരങ്ങളായിരുന്നു …
പൂത്തു നിന്നിരുന്ന കാപ്പിപ്പൂക്കളുടെ, വശ്യമാർന്ന ഗന്ധം …, വിരുന്നു വരുന്നുണ്ടിന്നും ..
പിന്നെ ..,
പറങ്കിമാവുകളിൽ ….
അണ്ണാറക്കണ്ണന്മാർ ധാരാളമുണ്ടായിരുന്നിടം …
ഹാ …
ഇവിടെയാണ് ആ പഴയ പാലമരവും,
ബാല്യത്തെ ഭയം പഠിപ്പിച്ച യക്ഷിയമ്മയും …,
അർദ്ധരാത്രിയിൽ ചങ്ങലകിലുക്കവും
ഉണ്ടായിരുന്ന സ്ഥലം …
ഓർമ്മകളിൽ നിന്നും ഉണരുമ്പോഴിന്നിവിടെ
കാണുന്നത് …
പുല്ലു കിളിർക്കാത്ത തറയോടുകളാൽ
മോടി കൂട്ടിയ തൊടികളിൽ കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സമുച്ഛയങ്ങൾ ….
ഇരുളിനെ പകലുകളാക്കാൻ വൈദ്യുത
വിളക്കുകളുടെ വെള്ളിവെളിച്ചങ്ങൾ .
ആ പാലയും , യക്ഷിയുമൊക്കെ
മനുഷ്യനെ ഭയന്നോടിയിട്ടുണ്ടാവും…
എവിടെയും വിശാലമായ റബ്ബറൈസ്ഡ് റോഡുകൾ ….
അങ്ങനെയങ്ങനെ എന്തെല്ലാം മാറ്റങ്ങൾ….
ഒരർത്ഥത്തിൽ രണ്ടു കാലങ്ങളുടെയും രുചിഭേദങ്ങൾ അനുഭവിച്ചറിയുക എന്നത് ഭാഗ്യം തന്നെ…
എന്നാൽ …,
പ്രകൃതിയിൽ നിന്നും പ്രാകൃതമായി അകന്നു മാറിയ മനുഷ്യരുടെ പ്രതിനിധിയാവുക എന്നത് …,
ദൗർഭാഗ്യകരവും …!
About The Author
No related posts.