നിറമുണ്ട്
മണമുണ്ട്
മിഴികളിൽ കടലോളം
നിനവുണ്ട്
അതിൻ നിറവുണ്ട്
ചൊടികളിൽ സ്മിതമുണ്ട്
നെറ്റിമേൽ അരുണിമ
വിരൽവെച്ച് ചോക്കുന്നു
പുലർകാല രശ്മി
കുറിതൊട്ട് പോണുണ്ട്.
എങ്കിലും
പൂജയ്ക്കെടുക്കാത്ത
പൂവെന്നു
പൂജാരി മൊഴിയുന്നു
പുറത്തേക്കെറിയുന്നു
മണ്ണിലുറയ്ക്കുന്നു
ഇടി കേട്ട് വിറയ്ക്കുന്നു
മിന്നലിൽ വീഴുന്നു
കത്തുന്നു കനലായ്
അടിയുന്നു ചാരമായ്.
ഗുരുതിക്കളത്തിന്ന-
ടയാളംപോൽ
അവിടമിടയ്ക്കിടെ
തീ പോലെ തിളങ്ങുന്നു.
ചിതറിക്കരിഞ്ഞ
നിറവർണ്ണപ്പൊട്ടെന്നാകിലും
മണ്ണിലലിഞ്ഞ
ആ വസന്തത്തെ
പിന്നെയും പിന്നെയും
ഋതുഭേദങ്ങൾ
വെറുതെ
തൊഴുതു മടങ്ങുന്നു…!!
അർച്ചനയർപ്പിക്കാൻ
പൂവൊന്നുമില്ലാതെ
കോവിലും താഴിട്ടു
പൂക്കാത്ത ചെമ്പകം
സാക്ഷിയായി
പൂജാരി മടങ്ങുന്നു
എന്തിനെന്നറിയാതെ
പിറുപിറുക്കുന്നു
ഈ മരം
ഇതിനിയും
പൂക്കാതെയെങ്ങനെ…!!
About The Author
No related posts.