വാനിലൊട്ടേറെ നാളുകൊണ്ടീവിധം
വാണിടുന്നോരു താരകമേ നിന്നെ,
വാഴ്ത്തിയെന്നും ചമയ്ക്കുന്ന ഗീതിയിൽ
വാക്കുതീരാതെ നല്കണം രശ്മി പോൽ..
വേദനയ്ക്കുള്ളോരൗഷധക്കൂട്ടുമായ്
വേഗമെത്തുന്ന പൊന്നിൻ കിരണങ്ങൾ,
വാഹിനി പോലെ വന്നു ഭൂമിക്കൊരു
വാടി തീർക്കുന്നു സ്വർഗ്ഗത്തിലെന്നപോൽ..
വാജിയേഴുള്ള കാഞ്ചനത്തേരിലായ്
വിണ്ണിലൂടാഴി തേടുന്ന യാത്രയിൽ,
വാത്സല്യത്തോടെ നല്കുന്നതൊക്കെയും
വാങ്ങിടേണം നമുക്കു പാർത്തീടുവാൻ..
വിത്തമെന്നും ധരിത്രിക്കു നല്കുവാൻ
വാരിധി വെടിഞ്ഞാകാശഗംഗയിൽ,
വാരിജംപോലെ പൂത്തു നിന്നീടണം
വിശ്വമിങ്ങനെ നീണാളുവാഴുവാൻ..
വിസ്മയം തീർത്തുദിക്കുന്ന നിന്നുടെ
വാരഞ്ചും മുഖം കണ്ടുണർന്നീടുവാൻ,
വിഷ്ക്കരങ്ങൾ നമിക്കുമ്പോൾ സർവ്വതും
വാച്ചയോടുണർന്നീടാൻ തുണയ്ക്ക നീ…
ശുഭദിനം🌾🌺🌾 ജയദേവൻ
About The Author
No related posts.