ഞാനുമെൻ കവിതയും – (സെബാസ്റ്റ്യൻ തേനാശ്ശേരി)

Facebook
Twitter
WhatsApp
Email
കാവ്യ സാരാത്മികേ , ഹൃദയാനുരാഗ
രസാസ്വാദന സഹൃദയ ചാരുതേ ,
മാമക പ്രാണനിലിന്നുണരുമാത്മ
കാന്തി തൻ പൊരുളായി വന്നണഞ്ഞു നീ !
ഞാൻ, നീ എന്നുള്ളൊരജ്ഞാന ജന്യ ദ്വന്ദ –
ത്തിനപ്പുറമുജ്ജ്വലിച്ചുല്ലസിക്കുന്നെന്നിൽ
പരമാർത്ഥ തത്ത്വമതേകം സനാതനം ;
അപ്പൊരുളദ്വൈതമതറിഞ്ഞവൾ നീ !
രണ്ടുടലായിപ്പോൾ പെണ്ണായുമാണായും,
നമ്മൾ വന്നതിന്നാത്മാവിലൊന്നാകുവാൻ ;
പ്രണയമാണായതിന്നുള്ള സന്മാർഗ്ഗം ;
പ്രണയമയമാകണം മനോഗതം !
ശ്വാസ നിശ്വാസ ധാരകളിലൂടെ നാം
പ്രാണനെ പുൽകി തഴുകിയുണർത്തണം
ദേഹം, മനോബുദ്ധി വികാരഭാവങ്ങൾ –
ക്കപ്പുറം
പ്രണയ സാഫല്യമാകണം !
ആത്‌മാവുണരുവാൻ ,
പരമമാം പ്രേമ –
മെന്തെന്നറിഞ്ഞാ ദിവ്യാനുഭവാനന്ദ –
സായൂജ്യമാകുവാൻ , അറിഞ്ഞലിഞ്ഞെന്നും
നാമൊന്നാകുവാൻ
വഴി പ്രണയ വഴി !
നാമൊന്നാണെന്നുള്ളൊരറിവാണു നിറവ് ;
കവി ഞാൻ , കവിത നീയെന്ന ഭേദങ്ങൾ
കലർന്നൊന്നായ രസാനുഭൂതിയാണു
നാമെ,ന്നുള്ളനുഭവം കാവ്യാസ്വാദനം !
കവി നീ , കവിത ഞാനുമായ് മാറിടാം
പരസ്പരം കലർന്നിണങ്ങുന്ന നേരം
തമ്മിലറിയുമറിവിൽ നാം രണ്ടല്ല ;
പദാർത്ഥ , ചൈതന്യമൊന്നെന്ന
തദ്വൈതം.
പ്രണയവഴിയിലൊരുമയുണ്ടെങ്കിൽ
അനശ്വരാനന്ദ ജ്യോതിസ്സിലെത്തിടാം ,
ഞാൻ , നീ , ദ്വൈത ഭേദചിന്തകളഖിലം
ആത്മാവുണർന്നാലവിടെ ലയിച്ചിടും !
മഞ്ഞും ജലവും നീരാവി , നീരദ ങ്ങൾ
തത്ത്വത്തിലൊന്ന്, ദൃശ്യഭേദം
പ്രതിഭാസം ;
പുരുഷ , പ്രകൃതിപ്പൊരുളൊന്നു തന്നെ ,
വാഗർത്ഥ ബോധത്തിലെത്തുന്ന വേളയിൽ !
ആത്മാവിലൊന്നായ് മരുവുന്ന നേരം
മനം കവരും ചിദാനന്ദ സാഗരം
ലഭ്യം സുധാരസമതിൻ ലഹരിയിൽ
സഫല സാകല്യ സായൂജ്യമായിടാം !

About The Author

Leave a Reply

Your email address will not be published. Required fields are marked *