കാളിന്ദിയുടെ കറുപ്പ്
ദുഷ്ക്കരമീ നാട്ടിൽ കഴിയുകയിനിയും
ആട്ടിൻ തോലിട്ട ചെന്നായുടെ ക്രൗര്യം
നിഴലില്ലാ നിറങ്ങളുടെ വേപഥു മണമില്ലാമനസ്സുകളിൽ നിറയെ വഞ്ചന
സ്ത്രീ സുരക്ഷാ നിയമങ്ങളനവധി
അറുതിയില്ലാ ദുഷ്ചെയ്തികളിന്ന്
ദ്രൗപദിമാരുടെ മടിക്കുത്തഴിക്കുന്നു
നേര് നീറിപ്പുകയും ഞങ്ങളിൽ
ലഹരിയൊഴുകുന്നു പതയുന്നു
ഒടുവിൽ പതയുടെ പുകമാത്രം ബാക്കി
നീതിയില്ലാ കണ്ണുകളുടെ നാട്യമാണെങ്ങും
തേടാം പരിഹാരമാർഗ്ഗങ്ങളിന്നു നാം
നന്മയുടെ മുരളിക അന്യമാകുന്നതെന്തേ
എവിടെ നിറങ്ങളുടെ കാർവർണ്ണൻ
കനിവിന്റെ ഗീതകങ്ങളുമായി
കാലം കുതറിയൊഴുകട്ടെ
കള്ളപുഞ്ചിരിയുമായിയെന്നേ കടാക്ഷിക്കും കൃഷ്ണാ നീയെവിടെ
കാത്തിരിക്കുന്നു ഞാനാ കഴുത്തിൽ
കുരുക്കുന്ന രോമാഞ്ചമാകുവാൻ
നിന്റെയോടക്കുഴലിൻ ഗന്ധം തഴുകുവാൻ
പ്രത്യാശയാകട്ടെ പുതിയ പുലരിയിൽ
പതിതകളില്ലാത്ത പകലിന്റെ മർമ്മരം











