നിലയ്ക്കാത്ത അലാറം – (നൈനാൻ വാകത്താനം)

Facebook
Twitter
WhatsApp
Email
തണുപ്പും മഞ്ഞും കൂടി കലർന്ന ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന നക്ഷത്ര വിളക്കുകളും അലങ്കാരങ്ങളും കൊണ്ട് ദീപാലങ്കാരമായ നഗരത്തിലെ തിരക്കിലൂടെ  അയാൾ വേച്ച് വേച്ച് നടന്നുനീങ്ങി…
      ക്രിസ്തുമസ് രാത്രിയായ ഞായറാഴ്ച   കൂട്ടുകാരുമൊത്തു  ബാറിലെ അരണ്ട വെളിച്ചത്തിൽ കുടിച്ചിറക്കിയ മദ്യത്തിന്റെ ത്രസിപ്പിക്കുന്ന വീര്യം അയാളുടെ സിരകളിലൂടെ ഒഴുകിയപ്പോൾ കാലുകൾക്കു വേഗതയും കൈകൾക്കു ശക്തിയും കൂടിയപ്പോൾ  നടത്തത്തിന്റെ വേഗതയും കൂടി …
ഏകാന്തതയുടെ മടുപ്പകറ്റാനും നടക്കാത്ത സ്വപനങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാണ്ഡക്കെട്ട് അഴിച്ചു വെക്കാനുമുള്ള        ശ്രമങ്ങളുടെ വിഴുപ്പ് ഉറക്കത്തിനു വേണ്ടി അയാൾ വഴി മാറ്റി വിടുമ്പോൾ ഉറക്കം വെറും മയക്കവും ഗാഡനിദ്ര എന്നത് സ്വപ്നവും മാത്രമായി അവശേഷിക്കുന്നു.
 ആഘോഷ രാവിൽ രാത്രി ഏറെ വൈകി  കിടന്നുറങ്ങിയ അയാൾ  ക്രിസ്തുമസ് ദിനമായ തിങ്കളാഴ്ച രാവിലെ കേട്ട സെറ്റ് ചെയ്തു വെച്ച  അലാറത്തിന്റെ ശബ്ദത്തിൽ ലോകത്തിലുള്ള അലാറം കേട്ടുണരുന്ന സകല മനുക്ഷ്യരെയും പോലെ  അസ്വസ്ഥനായി അലാറത്തെ ശപിച്ചുകൊണ്ട്  അസ്വസ്ഥതയോടെ ഒന്നു കൂടി പുതപ്പ് വലിച്ച് തന്റെ ദേഹത്തേക്ക് ഇട്ട് മഞ്ഞു പൊഴിയുന്ന നനുത്ത തണുപ്പിന്റെ തലോടലിൽ  ചുരുണ്ടു കൂടി കിടന്നു….
 പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അലാറം വീണ്ടും അടിച്ചു. അയാൾ ചാടി എഴുന്നേറ്റു അലാറം ഓഫ് ചെയ്തു. ക്രിസ്തുമസ് അവധി ദിവസമായ ഇന്നെങ്കിലും ഞാൻ കുറേ സമയം കൂടി കിടന്നുറങ്ങട്ടെ എന്ന് അലാറത്തിനോട് പിറുപിറുത്ത് തന്റെ ദിനചര്യകളിൽ മുഴുകി . അലാറം അയാളെ നോക്കി കളിയാക്കി ചിരിച്ചു.  അയാളെ തോല്പിച്ച സന്തോഷത്തിൽ. അയാൾ ഉറക്കച്ചടവോടെ അലാറത്തെ നോക്കിയിട്ട് വീണ്ടും പുതച്ചു മൂടി കിടന്നു …
“ലോകത്തിലുള്ള സകലരും സമയത്തിനു എഴുനേൽക്കാനും മറ്റു കാര്യങ്ങൾക്കുമായി  എന്നെ ഉപയോഗിക്കുന്നു.”
” ഞാൻ ഒന്നു പണിമുടക്കിയാൽ നിങ്ങളുടെ ഒക്കെ കാര്യം അവതാളത്തിലാകും.”
” നിങ്ങളുടെയൊക്കെ ജീവിതത്തിന്റെ താളം തെറ്റും.”
“ലോകത്തിന്റെ ഗതി മാറും.”
 “എന്നിട്ടും എനിക്ക് പഴികൾ മാത്രം ബാക്കി.”
“ഒരു ഭവനത്തിൽ എന്റെ സാന്നിധ്യം എത്ര അത്യാവശ്യമാണ്. ഒരു വീട്ടമ്മ വെളുപ്പിനെ എഴുന്നേറ്റ് തന്റെ ദിനചര്യകൾ തുടങ്ങുന്നതു തന്നെ ഞാൻ പുറപ്പെടുവിക്കുന്ന  അലാറം കേട്ടുണർന്നുകൊണ്ടാണ്.”
അലാറം ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.
“യന്ത്ര തകരാറുമൂലം എനിക്ക് ഒരു ദിവസം അലാറം കേൾപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് പരിഹാസവും നിന്ദയും കുത്തുവാക്കുകളും. അലാറം കേൾപ്പിച്ചാലൊ ഈ അവസ്ഥയും.”
അലാറം വീണ്ടും പിറുപിറുത്തു …
ചൊവ്വാഴ്ച ഓഫീസിലെ  ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത്  സന്ധ്യ മയങ്ങിയ നേരത്ത് റൂമിൽ തിരികെ എത്തിയ അയാൾ ക്ഷീണം മൂലം അന്ന് നേരത്തെ കിടന്നുറങ്ങി.
 ബുധനാഴ്ച്ച രാവിലെ വീണ്ടും നീട്ടിയുള്ള അലാറം കേട്ട് ഞെട്ടി ഉണർന്ന അയാൾ മുറുമുറുത്തു കൊണ്ട് വീണ്ടും കണ്ണടച്ചു കിടന്നു. പത്തു മിനിറ്റിനു ശേഷം അലാറം വീണ്ടും തന്റെ കർത്തവ്യം നിർവ്വഹിച്ചു. അയാൾ ചാടി എഴുന്നേറ്റു . അയാളെ തോല്പിച്ച സന്തോഷത്തിൽ അലാറം വീണ്ടും ചിരിച്ചുകൊണ്ട് വിജയശ്രീലാളിതനായി അയാളെ നോക്കി.  അലാറത്തെ ദേക്ഷ്യത്തോടെ നോക്കിയിട്ട് അയാൾ പതിവുപോലെ പ്രഭാത കൃത്യങ്ങൾ നടത്തി ഓഫീസിലേക്ക് പുറപ്പെട്ടു.
അന്നു രാത്രി ഓഫീസിൽ നിന്നും തിരികെ എത്തിയ അയാൾ വൈകിയാണ് കിടന്നുറങ്ങിയത്.
 വ്യാഴം, വെള്ളി,  ശനി ദിവസങ്ങളിലും അലാറം കേട്ട അയാൾ അലാറത്തെ ശപിച്ചു കൊണ്ട് ചാടി എഴുനേറ്റ് ജോലിക്കു പോയപ്പോൾ അലാറം വിജയശ്രീലാളിതനായി അയാളെ തോല്പിച്ച ഭാവത്തിൽ അയാളുടെ മുഖത്തേക്ക് പുച്ഛത്തോടു കൂടി നോക്കി.
അങ്ങനെ അയാൾ കാത്തിരുന്ന  ഞായറാഴ്ച എത്തി. പതിവുപോലെ രാവിലെ അലാറം അടിച്ചു.. അയാൾ അലാറത്തെ ശ്രദ്ധിച്ചില്ല . അലാറം വീണ്ടും വീണ്ടും അടിച്ചു .അയാൾ എഴുന്നേറ്റില്ല….
 അയാൾ അലാറത്തെ നോക്കി ചിരിച്ചു. കളിയാക്കി ചിരിച്ചു. പുച്ഛത്തോടെ നോക്കി. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അതും ആഴ്ചയുടെ അവസാന ദിവസമാണെങ്കിലും അലാറത്തെ തോല്പിക്കാൻ കഴിഞ്ഞ ചാരിതാർത്യത്തിൽ  അയാൾ അലാറത്തെ നോക്കി പൊട്ടി ചിരിച്ചു. എന്നിട്ട് പുതപ്പ് തന്റെ ദേഹത്തേക്ക് ഒന്നുകൂടി കൃത്യമായി വലിച്ചിട്ട് അയാൾ ഡിസംബറിലെ  മഞ്ഞിനെയും തണുപ്പിനെയും  ആലിംഗനം  ചെയ്ത് കിടന്നുറങ്ങി. അലാറം പിന്നെയും ഉച്ചത്തിൽ ശബ്ദം മുഴക്കി കൊണ്ടിരുന്നു…..
 പക്ഷെ അലാറം കേട്ട് എഴുന്നേൽക്കാതെ ആഴ്ചയിൽ ആറു ദിവസവും അലാറത്തിന്റെ മുമ്പിൽ തോറ്റുപോയിട്ട് ഏഴാം ദിവസമായ ഞായറാഴ്ച അവധി ആയതിനാൽ അലാറത്തെ തോല്പിച്ച സന്തോഷത്തിൽ  കിടന്നുറങ്ങിയ അയാളുടെ കൂർക്കംവലിയുടെ ശബ്ദത്തിൽ അലാറത്തിന്റെ ശബദം നേർത്ത് ഇല്ലാതായി ….
വീണ്ടും തിങ്കളാഴ്ച വന്നെത്തി. തലേ ദിവസത്തെ അവധി ആഘോഷമാക്കി കിടന്നുറങ്ങിയ അയാൾ പുലർച്ചെ കേട്ട പതിവ് അലാറത്തിന്റെ ശബ്ദത്തിൽ അലാറത്തിനോട് തോൽവി സമ്മതിച്ച് തന്റെ ദിനചര്യകൾക്കായി എഴുന്നേറ്റപ്പോൾ
അലാറത്തിന്റെ വിജയ മന്ദഹാസമായ തുടർ അലാറം വീണ്ടും മുഴങ്ങിയെങ്കിലും നഗരത്തിലെ പള്ളിമേടയിൽ നിന്നും കേട്ട മണിനാഥത്തിന്റെ ഇരമ്പലിൽ അലാറത്തിന്റെ ശബദം ഇല്ലാതായി…
 ആഴ്ചയിലെ   ഏഴാം ദിവസമായ ഞായറാഴ്ചയുടെ  വിജയം ഏറ്റുവാങ്ങുവാനായി  ബാക്കിയുള്ള ആറു ദിവസങ്ങളുടെയും പരാജയത്തെ മുന്നിൽ കണ്ടുകൊണ്ട്  അലാറത്തിന്റെ മുമ്പിൽ നിന്നും അയാൾ മറഞ്ഞു …. നഗരത്തിലെ തിരക്കിലേക്ക് …

About The Author

Leave a Reply

Your email address will not be published. Required fields are marked *