ഞാനവിടെ നിന്നും തുടങ്ങട്ടെ!
കൂടെ പോരൂ..
പവിഴമല്ലി പൂവിന്റെ
നാഭിയിൽ
രാവിന്റെ നാവ്
ഒരു
പഴയ, പഴയ
രഹസ്യം
തൂവിയിട്ട
യാമം മുതൽക്ക്.
മൃദുലമാം തന്തുക്കളിൽ
അധരങ്ങൾ ചേർത്ത്
പരിണാമത്തിന്റെ
ആദ്യബിന്ദുവിൽ,
ഹിമഗിരി തുംഗത്തോളം
വലിയൊരു
പൂവിന്റെ
ഹൃദയത്തിൽ നിന്നും
ആകാശം തൊടുന്ന
കേസരങ്ങളിലേക്ക്
ദൂത് പോയ
ഇരട്ടക്കൊമ്പന്‍റെ കഥ
മന്ത്രിച്ച
ആ പഴയ
നിമിഷം മുതൽക്ക്..
ആകാശം തൊട്ടപ്പോൾ
ഇരട്ടക്കൊമ്പന്റെ കൊമ്പ്
മൃദുവായി,
മൃദുവായി
അപ്രത്യക്ഷമായത്..
അവിടെ,
വിണ്നിറഞ്ഞ്
ഇരട്ട മഴവില്ല് പൂത്തത്..
വാനമാകെ
ചെമ്പട്ടിൻ ഓളങ്ങൾ
നിറഞ്ഞത്…
ആ പ്രഭയുടെ
ഇളം ചൂടിലും,
ഹിമപുഷ്പ കേസരങ്ങൾ
ഉരുകാതെ,
മധു കാത്തു വെച്ചത്…
ഞാൻ
ആ നിമിഷം മുതൽ
തുടങ്ങട്ടെ!
ഒരു സ്വപ്നത്തിന്റെ
പൂന്തളിരിലേറി
ഞാനാ വർണവില്ലിന്റെ
നെഞ്ചിലെ
രോമരാജികളിലൂടൂർന്നിറങ്ങി
വേരിന്റെ
അറ്റത്തെ,
ഏറ്റവും അറ്റത്തെ,
ജീവനാഡിയായതു മുതൽ…
രക്തകോശങ്ങളിൽ
കട്ട പിടിച്ചു
ശ്വാസം നിലച്ച പ്രണയം
ഒന്നാകെ
മിടിച്ചത് മുതൽ..
ഞാൻ
എന്നിൽ
ജനിച്ചത് മുതൽ..
അന്ന് മുതൽ തുടങ്ങട്ടെ ഞാൻ!
ഒരു
പുരാതന
ജീർണവസ്ത്രത്തിൽ
പടർന്ന
ചിതലിൽ പൂത്ത
ഇത്തിരി പച്ചയിൽ നിന്നും…
വെറുമിത്തിരിപ്പച്ചയിൽ നിന്നും….
ഡോ. സുനിത എ പി
#################











