LIMA WORLD LIBRARY

ശരീരം നഷ്ടപ്പെട്ട തലകള്‍ കഥ പറയുമ്പോള്‍ – (ബുക്ക് റിവ്യൂ ,ദാസ്)

വിജനമായ രാത്രിനിരത്തിലൂടെ ഉരുണ്ടുവരുന്ന ഒരു തല തന്‍റെ മരണവൃത്താന്തം വഴിയാത്രക്കാരനോടു പറയുന്നു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ലോകകപ്പ് ഫുട്ബോള്‍ കണ്ടു മടങ്ങുകയായിരുന്നു യാത്രക്കാരന്‍. ഞരമ്പുകളില്‍ പേടിയുടെ ശൈത്യമുറയുന്ന വായനയായിരുന്നു ഈ കൊച്ചു കഥ.
 *രാത്രിയിലെ* *ഫുട്ബോള്‍* എന്ന ഒരു കൊച്ചുകഥയിലെ ഭയാനകമായ കാഴ്ചയാണ് ഫുട്ബോള്‍ പോലെ ഉരുണ്ടുവരുന്ന തലയുടെ മരണവൃത്താന്തം.
പുലരും മുന്‍പ് രണ്ടെണ്ണത്തിനെ ഗോളാക്കാന്‍ തന്‍റെ പാര്‍ട്ടിക്കാരോടു പറയണം എന്ന് ചുമതലപ്പെടുത്തിയിട്ടാണ് തല നിശബ്ദമാവുന്നത്.
പകയുടെ രാഷ്ട്രീയം 51 വെട്ടുകളാല്‍ രക്തസ്നാനത്തിന്‍റെ മരണക്കിണറുകള്‍ തീര്‍ത്ത ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ബീഭത്സമായ കാഴ്ചയെ കഥാകൃത്ത് രക്തലിപികളാല്‍ വരയ്ക്കുന്നു.
 *വിരലുകള്‍ക്കുമീതെ* *ചുണ്ടുകള്‍* എന്ന പെരുങ്കടവിള വിന്‍സെന്‍റിന്‍റെ കഥാസമാഹാരത്തിലെ ഒരു ചെറിയകഥമാത്രമാണിത്. *പതിനെട്ടോളം* *കഥകള്‍* ഈ സമാഹാരത്തിലുണ്ട്. ആര്‍ഭാടരഹിതമായ ഭാഷയാണ് ഇവിടെ
സ്വീകരിച്ചിരിക്കുന്നത്. കഥയെ ഒരു സൗന്ദര്യവസ്തുവാക്കിമാറ്റുന്ന ലാവണ്യതന്ത്രങ്ങള്‍ കഥാകൃത്ത് തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്.
 *ചെടിയില്‍* *ഒറ്റയായ* *ജമന്തിപ്പൂവിലെത്തുമ്പോള്‍* ഇന്നത്തെ സാമൂഹ്യക്രമങ്ങള്‍ രൂകല്പനചെയ്ത ബന്ധങ്ങളുടെ ഭാഷയിലെ തെറ്റിപ്പോയ വ്യാകരണങ്ങളെ ഒരു മുന്നറിയിപ്പിന്‍റെ ആകുലതയോടെ കഥാകൃത്ത് സമൂഹത്തിനുനേര്‍ക്കെറിയുന്നു.
എന്തുകൊണ്ടാണ് കഥകള്‍ നമുക്ക് അനിവാര്യമാകുന്നത്? കാരണം നമുക്കറിയാത്ത ലോകചിത്രങ്ങള്‍ തരുന്ന മാധ്യമമാണ് കഥ. ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാവിഷയങ്ങളും കഥ സ്വീകരിക്കുന്നു.
കഥാകാരന്‍റെ ജോലി എന്താണ്?
ഒരു ഉള്‍ക്കാഴ്ചയെ പ്രയോഗത്തില്‍ കൊണ്ടുവരികയാണ് അയാള്‍ ചെയ്യുന്നത്. വായനയുടെ കമ്പോളത്തില്‍ വിറ്റുപോകേണ്ട ഒരുല്പന്നമാണ് കഥ. കാരുണ്യത്തിന്‍റെയും കാരുണ്യമില്ലായ്മയുടെയും വ്യാകരണത്തിലാണ് കഥ ജീവിക്കുന്നത്.
ഒരർത്ഥത്തിൽ നല്ല കഥ പേരില്ലാത്ത അന്വേഷണമാണ്. ഈ അന്വേഷണം അവസാനിക്കുന്നില്ല. ഒരുപാടു കഥകൾ ഉണ്ടാകുന്നു. എന്നാൽ വിജയിക്കുന്ന കഥകളെ ആശ്രയിച്ചാണ് സാഹിത്യചരിത്രം സഞ്ചരിക്കുന്നത്. വിജയിക്കുന്ന കഥ പ്രതികരിക്കുന്ന ഒരു വലിയ മനസ്സാണ്. സമകാലികമായ എല്ലാ സാന്നിദ്ധ്യത്തിനും അഭാവത്തിനുമെതിരെ അതു പ്രതികരിക്കു ന്നു. നമ്മുടെ ജീവിതത്തെ ഉടനടി അനുഗമിക്കുന്ന സാഹിത്യഭാവനയുടെ ഉത്പന്നമാണത്. സെൻ മഹാഗുരുവിന്‍റെ ഭാഷയിൽ പറഞ്ഞാൽ കഥ അനന്തമായി തുറന്ന മനസ്സോടെ നമ്മുടെ അനുഭവങ്ങൾക്കു മുമ്പിൽ എപ്പോഴും നില്ക്കുകയാണ്.
നിഷ്ക്കളങ്കത വലിച്ചുകീറപ്പെടുന്ന നെറികേടുകളുടെ ഈ കാലത്ത് വൈകാരികമായ ആഘാതമാവുന്നു പെരുങ്കടവിള വിന്‍സെന്‍റിന്‍റെ കഥകള്‍.

Ref : കഥ : ആഖ്യാനവും അനുഭവസത്തയും .
കെ. പി അപ്പൻ
വിരലുകള്‍ക്കു മീതെ ചുണ്ടുകള്‍
പെരുങ്കടവിള വിന്‍സെന്‍റ് 
പ്രസാ: ഹരിതം ബുക്സ് : വില: 90. 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px