LIMA WORLD LIBRARY

പ്രിയ ഡിസംബർ നീയൊരു ഓർമ്മയായ് മായുമ്പോൾ – (ജയമോൾ വർഗ്ഗീസ്)

പ്രിയ ഡിസംബർ …..
ഞാൻ നിന്നെ
പ്രണയിക്കുന്നു ….
നീ എനിക്ക് എന്നും
മധുരിക്കുന്ന
വേദനയാണ് ….
ഓർമ്മകളുടെ
ചുന പൊള്ളലുകളേറ്റ
 മോഹഭംഗങ്ങളാണ്..
അമ്പേറ്റ ഹൃദയ-
മുറിവുകളുടെ
പ്രണയസങ്കീർത്തനമാണ്
വിരഹത്തിന്റെ
വിങ്ങുന്ന
നോവാണ് നീ എനിക്ക് …
എനിക്ക് പ്രിയമായതെല്ലാം
കവർന്നെടുത്തു
നീ വിട പറയുകയാണ്‌ …
എന്നിലെ പൂവണിയാത്ത
മോഹങ്ങളും
ചിറകു വിടർത്തിയ
സ്വപ്നങ്ങളും
നോവേറ്റ
പ്രണയാകാശങ്ങളും
സ്വപ്നങ്ങൾ
കുടിച്ചുന്മത്തരായ
ചുവന്നു തുടുത്ത
സായന്തനങ്ങളും
പ്രിയ ഡിസംബർ..
നിന്നിലല്ലോ
ചായുറങ്ങുന്നത് ..
ഇനി ഒരിക്കലും മടങ്ങി
വരാതവണ്ണം നീ
പൊയ്മറയുമ്പോൾ ….
ഞാൻ വീണ്ടും എന്റെ
സ്വപ്നങ്ങളിൽ
ഏകാകിനി ആകുന്നു …
മരുഭൂമികൾ
ബാക്കി വെച്ച
പൊള്ളലേറ്റൊരു
കാല്പാദം ആവുന്നു
പ്രിയ ഡിസംബർ..
നീയുള്ളപ്പോൾ..
ഞാൻ നോവിലും
മഞ്ഞുതുള്ളികൾ
ഉമ്മ വെയ്ക്കും
ഒറ്റപ്പെട്ടൊരു
വെളുത്ത
ലില്ലിപ്പൂവായിരുന്നു
കുളിർമഞ്ഞു
പൊഴിയുന്ന
പുലരികളിൽ…
നിന്റെ തണുത്ത
കരങ്ങളാൽ
നീ എത്രവട്ടം
എന്നെ പുല്കി …
നിൻ
വെണ്‍നീഹാരത്താൽ
നീ എത്ര വട്ടം
എന്റെ ഉടലിനേയും
ആത്മാവിനേയും
ഈറനണിയിച്ച്
കുളിർപ്പിച്ചു ..
നിലാവുപെയ്യുന്ന
നീല നിശീഥിനികളിൽ …
നീ എത്ര വട്ടം
നിന്റെ തണുവാർന്ന
വിരൽതുമ്പുകളാൽ…
എന്നെ പ്രണയത്താൽ
പുണർന്നു …
രാവിന്റെ
നിശ്ശബ്ദസംഗീതം കേട്ട്
പാതിരയ്ക്ക് മുഴങ്ങുന്ന
പള്ളിമണികൾക്കായ് …
എത്ര വട്ടം നമ്മൾ
ചേർന്നിരുന്ന്
കാതോർത്തു …
പൂത്തുലഞ്ഞ
കാപ്പിപൂക്കളുടെ
മത്തുപിടിപ്പിക്കുന്ന
ഉന്മാദഗന്ധത്താൽ
എത്രവട്ടം നമ്മൾ
ലഹരിയിൽ ആണ്ടു …
മഞ്ഞു തുള്ളികൾ
ചുംബിച്ചീറനായ
അടവിതരുക്കൾ-
ക്കിടയിലൂടെ
നിന്റെ കൈ കൊരുത്തു
നേർത്ത നിലാഛായയിൽ
ഞാൻ എത്രയോവട്ടം
നിനക്കൊപ്പം നടന്നു …
നാണം കുണുങ്ങുന്ന
ചോലയുടെ തീരത്ത്‌..
മിന്നിത്തിളങ്ങുന്ന
താരകങ്ങളെ നോക്കി …
നിന്റെ മടിയിൽ
ഞാൻ എത്രയോ വട്ടം
കുളിരാർന്നു
മേഘങ്ങളെ
പുതച്ചു കിടന്നു ..
പ്രിയ ഡിസംബർ…
ഒരായിരം ഓർമ്മകൾ
സമ്മാനിച്ച്
ഇന്നിങ്ങു വരാതവണ്ണം
നീ പോകയാണോ …
പ്രിയ ഡിസംബർ
ഞാൻ നിന്നെ
പ്രണയിക്കുന്നു ..
അത്രമേൽ മൂകമായ് ….
അത്രമേൽ ആർദ്രമായ്..
ഒരായിരം ഓർമ്മകൾ
പുണരുന്ന
നോവാർന്ന നെഞ്ചോടെ…
പിന്നേയും പിന്നേയും
ഞാൻ നിന്നെ
അത്രമേൽ മോഹിക്കുന്നു….
ഇനിയുമൊരു കുളിരാർന്ന
രാസ്പർശമായ് നീ എന്നെ
തേടി എത്തുന്നതും കാത്ത്
ഡിസംബർ…ഞാനിവിടെ
നിന്നെ കാത്തിരിക്കും..
സ്വപ്നങ്ങൾ നൃത്തം ചവിട്ടുന്ന , പ്രതീക്ഷകളുടെ പുതുവർഷ പാൽപുഞ്ചിരിയുമായ് ,
മന്ദാരമൊട്ടുകൾ മുടിയിൽ തിരുകി ജനുവരി നീ , മുന്നിൽ നിന്ന് പ്രണയാർദ്രമായ് കൈനീട്ടി വിളിക്കുമ്പോഴും പ്രിയ ഡിസംബർ.. ഞാൻ
നിൻ്റെ മാത്രം കാമുകിയാണ്..
അതേ.. ശിശിരത്തിൻ്റെ മഞ്ഞുമ്മകളിൽ പൂത്ത ലില്ലിപ്പൂക്കൾക്കൊപ്പം പ്രിയഡിസംബർ ഞാൻ നിന്നെ അത്രമേൽ വിരഹത്തോടെ പ്രണയിക്കുന്നു..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px