കാൽത്തളകളിലെന്റെ
മുഴുഭ്രാന്തിനെ തളച്ച്
മാറിലെ രക്തത്താൽ
മാന്ത്രികലേപനം ചെയ്ത്
ഉടൽരൂപങ്ങളെ
മനുഷ്യ പ്രകൃതത്തിലേക്ക്
മനോഭാവങ്ങളാക്കിച്ചേർത്ത്
നിദ്രാവർത്തത്തിലെ
നീളൻകുപ്പായം ഊരിയെറിഞ്ഞ്
രാത്രിതൻ ചിലങ്കച്ചിനുക്കുകൾ
അകറ്റിനിർത്തി
ആദിതാളം ശ്രവിച്ച്
മൂവന്തിയോളം മുങ്ങാങ്കുഴിയിട്ട്
മുത്തിച്ചുവപ്പിച്ച മൂക്കുത്തിയിട്ട്
കാതമകലെ കാതോർത്തിരുന്ന്
കണ്ണീർപ്പെയ്ത്താൽ കരിമഷി മായ്ച്ച്
പുകയുമടുപ്പിൽ തിളപ്പിച്ചൂറ്റി
പകലാറുവോളം ചുക്കുകാപ്പി കുടിച്ച്
നനഞ്ഞ പാടുകൾ
ഉണങ്ങാതിരിക്കാൻ
ഉറങ്ങാതിരുന്നു











