LIMA WORLD LIBRARY

ഇത് നമ്മുടെ ഭൂമി – (ജയമോൾ വർഗ്ഗീസ്)

ഇത് പുണ്യഭൂമി.. സ്വപ്നം നെയ്യും ജനകോടികളുടെ
ജനാധിപത്യഭൂമി
നാനാത്വത്തിൽ ഏകത്വമാർന്ന് സോദരർ വാഴും ഭൂമി
സംസ്ക്കാരങ്ങളെ പാലൂട്ടി വളർത്തിയ, ദേശീയതയുടെ
മന്ത്രഗീതികളുണരും ഭൂമി
അടിമത്തത്തിൻ രണഭൂവിൽ നിന്നഭിമാനികളാം ധീരർ അടരാടി നേടിയ ഭൂമി
സ്വപ്നങ്ങൾ വിളയും ഭൂമി, ഇത് സ്വർഗ്ഗം , കൊതിക്കും ഭൂമി
സ്വദേശാഭിമാനികൾ വിപ്ലവഗീതികളാൽ പാടിയുണർത്തിയ ഭൂമി
വെൺസുന്ദരിയാം കാഷ്മീർ മുതൽ സമുദ്ര സ്നാനമേറ്റുറങ്ങും പുണ്യഭൂമിയാം കന്യാകുമാരിവരെ നാനാജാതി മതസ്ഥർ ഞങ്ങൾ ,ഒരു മനമോടെ ഇഴചേർന്നു
നെയ്ത വർണ്ണസുരഭിലഭൂമി
ഇത് ഭാരത ഭൂമി..
കരൾ തുടിക്കും അഭിമാനത്തിൻ
സുവർണ്ണകാഹളം മുഴങ്ങും ഭൂമി
 പല ദേശങ്ങൾ, ഭാഷകൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, മതങ്ങൾ, ദൈവങ്ങളങ്ങനെ വൈവിധ്യസംസ്ക്കാരങ്ങളിലും ഒരൊറ്റ ശിരസ്സും ഉടലുമായ് ഭാരതാംബയുടെ മക്കളായി ഞങ്ങൾ ഒരുമനമോടെ വാഴും ഭൂമി
ഇവിടെ വേണ്ടാ കറുത്ത മനസ്സുകളുടെ ഉച്ചനീചത്വങ്ങൾ,
ഇവിടെ വേണ്ട ചോര നുണയും മതവർഗ്ഗീയതയുടെ രസതന്ത്രങ്ങൾ,
ഇവിടെ വേണ്ടാ വെറുപ്പിൽ
മുളയ്ക്കും കാപട്യത്തിൻ വിഷവിത്തുകൾ
ഇവിടെ വേണ്ടാ ജനാധിപത്യത്തിൻ അവകാശധ്വംസനങ്ങൾ
ഇവിടെ വേണ്ട കുടിലതകൾ നെയ്യും ഏകാധിപത്യത്തിൻ താണ്ഡവങ്ങൾ..
ഇത് ഞങ്ങളുടെ ഭൂമി..
ഭാരതഭൂമി
ജനാധിപത്യത്രിവർണ്ണ പതാക പാറും ഭൂമി
ജാലിയൻവാലാബാഗിൽ തോക്കുകൾ തീർത്ത രക്തത്തിൽ പാദമൂന്നി , ദേശസ്നേഹികൾ
തോൾചേർന്ന് നേടിയ സ്വാതന്ത്ര്യത്തിൻ വിപ്ലവഭൂമി ഇത്
ഇത് ദേശസ്നേഹികളാം പൂർവ്വപിതാക്കൾ അഹിംസയിൽ അടരാടി നേടിയ ഭൂമി
 മൃതിയേക്കാൾ ഭയാനകമാം പാരതന്ത്ര്യത്തിൻ ചങ്ങലപ്പൂട്ടുകൾ പൂർവ്വപിതാക്കൾ കെട്ടറുത്തു വിട്ട സ്വതന്ത്രഭൂമിയിത്
ഇടനെഞ്ചിലേറ്റ വെടിയൊച്ചയിൽ നിന്നൂർന്ന അവസാനശ്വാസത്തിൽ , സത്യാന്വേഷിയാം ഒരു വൃദ്ധനും രാമനും ഒന്നിച്ചുപിടഞ്ഞുമരിച്ച ഭൂമിയിത്
ഇവിടെ വേണ്ട ജീവനുകൾ പൊള്ളിപ്പിടയും വംശീയത
ഇവിടെ വേണ്ടാ അടിച്ചമർത്തലിൻ
ഭീതി പരത്തും കൂച്ചുവിലങ്ങുകൾ
ഇവിടെ വേണ്ടാ സ്വാതന്ത്ര്യത്തിൻ നാവറക്കും തടവറകൾ
ഇവിടെ വേണ്ടാ അധികാരത്തിൻ അഹന്ത തിളങ്ങും വാൾത്തലപ്പുകൾ
ഇവിടെ വേണ്ടാ ഗതകാലത്തിൻ ദുർഗ്ഗന്ധമെഴും
കറുത്ത അനാചാരങ്ങൾ..
ഇവിടെ വേണ്ട ജനാധിപത്യത്തിന് ചിത കൂട്ടും മതാന്ധതയുടെ പൊള്ളുന്ന അസ്ഥികൂടങ്ങൾ
ഇവിടെ വേണ്ട ഫാസിസത്തിൻ താഴിട്ടടച്ച ഉയർന്ന മതിലുകൾ
ഇവിടെ വേണ്ട ശ്വാസം മുട്ടിക്കുന്ന ജാതിമത വർഗ്ഗവർണ്ണ വേർതിരിവുകൾ
ഇവിടെ വേണം ജനാധിപത്യത്തിൻ തുറന്ന ആകാശം
ഇവിടെ വേണം മതേതരത്വത്തിൻ സമാധാനക്കൊടികൾ
ഇവിടെ വേണം വിശ്വ സാഹോദര്യത്തിൻ സ്നേഹഗീതികൾ
ഇവിടെ വേണം ജനാധിപത്യത്തിൻ സ്വർണ്ണകീരീടമായ് അംബേദ്കറുടെ ഭരണഘടന
ഇതെൻ്റെ രാജ്യം, ഇത് ഞങ്ങളുടെ ഭൂമി, ഇത് നമ്മുടെ ജനാധിപത്യഭൂമി
ഒരു മനമോടെ ഞങ്ങൾ ജനകോടികളാം പുണ്യനദികൾ സംഗമിക്കും അഭിമാനഭൂമി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px